2011, ജൂലൈ 20, ബുധനാഴ്‌ച

മകനോട്


മകനേ,
കരുതിവെയ്ക്കുക നിന്നോർമ്മകൾ
ഓർമ്മകൾ ഒട്ടും ക്ഷയിച്ചുപോകാതെയൊരു
കടുത്ത താഴിട്ടു പൂട്ടി വെയ്ക്കുക
ഓർമ്മകളോരോന്നും നൂറു പൊൻപണം
വിലയാകും നാൾ വരെ കരുതിവെച്ചീടുക
മനസ്സിന്റെയുള്ളിൽ ലാവ കണക്കെ
ഓർമ്മകൾ തിളച്ചുരുകുന്ന നേരവും
മൌനം ദീക്ഷിച്ചു അലസനായീടുക
ഒരുനാൾ ഒരുപുലരിയിലെന്നെങ്കിലും
കരിമ്പാറകൾ ഭേദിച്ചു ഓർമ്മകൾ
തെളിനീരായ് മഹാപ്രവാഹമായ്
തീയണയ്ക്കും നാൾവരെ കാത്തു കിടക്കുക


കൂട്ടലും കിഴിക്കലും ശാസ്ത്രവുമൊക്കെയായ്
പള്ളിക്കൂട മുറ്റം നിരങ്ങിയ വേളയിൽ
പഠിക്കുവാനത്ര മേൽ വീറും വാശിയും
പ്രകടമാക്കി പ്രതിഭയായ് മാറിലും
ഉടുമുണ്ടിനു പകരമൊരു തുണ്ടു പോലും
മാറ്റിയുടുക്കുവാനില്ലാത്ത കാരണം
പഠിപ്പു മുടക്കി പള്ളിക്കൂട പടിയിറങ്ങാൻ
വിധിക്കപ്പെട്ട വേളയെ വെറുതെയെങ്കിലും
മറവിയുടെ ചവറ്റുകുട്ടയിൽ വലിച്ചെറിയാതിരിക്കുക


മതവും മാമൂലുകളും ലഹരിയായനാൾ
കുന്തിരിക്കപ്പുകയും ശ്വസിച്ച് നിലവിളക്കിൽ
എണ്ണപകരും മുഹൂർത്തവും കാത്ത്
അന്യന്റെ കരുണയിൽ വയറിന്റെ
എരിപൊരി നീക്കിയ നാളുകൾ
ഒരിക്കലും ഓർമ്മതൻ ചെപ്പിൽ നിന്നു
കോരിയൊഴിച്ചു കളയാതിരിക്കുക


വിശ്വാസവും പ്രമാണവും തലച്ചോറിൽ ബാധിച്ച്
പുരോഹിത വൃന്ദത്തിനു റാൻ മൂളി നടക്കയിൽ
ഭാവി വർത്തമാനങ്ങളിൽ വ്യാകുലത കാട്ടാതെ
ഇടത്താന വലത്താനയെന്നമട്ടിൽ വൈദിക വാക്യം
ചുമലിലേറ്റി നാൾ കഴിയുന്ന പൊഴുതിലും
എഴുത്താണിതൻ ചലനമഹങ്കാരമെന്നു ചൊല്ലി
കറിവേപ്പില കണക്കെ എടുത്തിട്ട വേളയെ
കറുത്ത അക്ഷരങ്ങളിൽ കുറിച്ചു വെച്ചീടുക


വേണ്ടുവോളം ക്ഷീരം ചുരത്തി ക്ഷീണിച്ചു പോകയിൽ
ഒരുനേരമെല്ലാം മറന്നൊന്നുറങ്ങുവാൻ
താങ്ങാച്ചുമടൊന്നിറക്കിയല്പം ദാഹം തീർക്കുവാൻ
ഒരുപാടു കൊതിച്ചോടിവരികയിൽ പടിയടച്ചന്നു
യന്ത്ര മുരൾച്ചയും ഗന്ധക വേഴ്ച്ചയും കൂടിക്കലർന്ന
നഗര മാലിന്യം ശ്വസിക്കുവാൻ മാത്രമായ്
കൈകൊട്ടിയാട്ടിയോടിച്ച ബന്ധു ജനങ്ങളെ
സ്വപ്നത്തിൽ പോലും പൊറുക്കാതിരിക്കുക


ഒടുവിലിന്നൊരു നാൾ ക്ഷയരോഗം ബാധിച്ച്
വെറുപ്പിൻ വേലികളതിരിട്ടൊരു മൂലയിൽ
സർക്കാരാതുലായത്തിൽ കാരുണ്യമറ്റൊരു
മൂർത്തിതൻ രഥചക്ര ശബ്ദം കാതോർത്ത്
കാവൽ പട്ടിയെപ്പോലെ വേച്ചു വേച്ച്
കഫം തുപ്പുവാനൊരു കോണു തേടി
കാത്തു കിടക്കുന്ന നേരത്ത് ഭത്സിച്ചു
കടന്നുപോയ ഗുമസ്തനെ ഒരാണ്ടൊരുയുഗം
കഴിഞ്ഞുപോകിലും കല്ലെറിയാൻ തയ്യാറെടുക്കുക


ഓർമ്മകൾ മുത്തായ് പവിഴമായ് പൊൻ
പണമായമൃതായ് കുരൽ ചീന്തിത്തെറിച്ച്
ഒരായിരം നാക്കായ് ഒരുകോടി വാക്കായ്
അക്ഷരങ്ങളോരോന്നിനും അൻപതു
യൂറോ കണക്കിനു എണ്ണിയെടുക്കും നാൾ വരെ
മായാതെ മറയാതെ മനസ്സിന്റെയുള്ളിൽ
ചങ്ങലക്കെട്ടിട്ടു പൂട്ടിവെച്ചീടുക
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...