2011, ജൂലൈ 17, ഞായറാഴ്‌ച

ഞാനും നീയും

ഏകവർണ്ണമായ സ്വപ്നങ്ങളെക്കുറിച്ചും
ഉദാത്തമായ ഭാവങ്ങളെക്കുറിച്ചും
നീ വാചാലയാവുമ്പോൾ
ഭാവങ്ങളും വർണ്ണങ്ങളുമില്ലാത്ത
അസഹിഷ്ണുതയുടെ ലോകത്ത് ഞാൻ


പരിശുദ്ധമായ പ്രണയവും
ആത്മീയ പരിവേഷതയുടെ രതിയും
നീ നെയ്തെടുക്കുമ്പോൾ
രൂപരേഖകളില്ലാത്ത
മുൻ ധാരണകളില്ലാത്ത
പച്ചയായ രതിഭ്രമങ്ങളിൽ ഞാൻ


നിന്റെ വർത്തമാനങ്ങൾ
ദാരിദ്ര്യത്തിന്റെ വിഹ്വലതകളും
ദയാരഹിതമായ ലോകത്തിന്റെ
നേർക്കാഴ്ച്ചകളുമാവുമ്പോൾ
എന്റെ വീർപ്പുമുട്ടലുകൾ
എന്തിനെന്നറിയാതെ പോവുന്നു


കുറ്റകൃത്യങ്ങൾ ലളിതവത്ക്കരിക്കപ്പെടുന്ന
മാനസികാവസ്ഥകളിൽ
ഭാവമറിയാത്ത ബാല്യങ്ങളിൽ നിന്നു
ചൂഴ്ന്നെടുക്കുന്ന രതിച്ചീന്തുകളിൽ
സുഖ ലോലുപതയുടെ അപ്പക്കഷ്ണം കാട്ടി
ഭിക്ഷാടനത്തിനയക്കുന്ന കുതന്ത്രങ്ങളിൽ
കിടപ്പറ രഹസ്യങ്ങൾ
കച്ചവടത്തിനു വെക്കുന്ന
കമ്പോള നീതികളിൽ
ആത്മീയത കാപട്യത്തിന്റെ
പ്രതിരൂപമാവുന്ന അൽത്താരകളിൽ
അർത്ഥമില്ലാത്ത ബന്ധങ്ങളിൽ
അസ്വാതന്ത്ര്യ ചിന്തകളിൽ
എല്ലാം നീ വിതുമ്പുമ്പൊഴും
നിന്നിൽനിന്നു ഓരോ വികാരങ്ങളിലും
ഞാൻ അകലുകയാണു


എന്റെ സ്വപ്നങ്ങളിൽ കടുത്ത വർണ്ണങ്ങളും
കൂർത്ത ശബ്ദങ്ങളും കിറുക്കൻ വേഷങ്ങളും
എന്റെ ജീനുകളിൽ കുന്തിരിക്കം നിറച്ച്
അലസ ഭാവങ്ങൾ കടമെടുത്ത്
മനസ്സറിഞ്ഞ് പ്രണയിക്കാത്ത ഓരോ രസങ്ങളും
എന്റെ എന്റേതുമാത്രമെന്നുറഞ്ഞു തുള്ളി


ജന്മാവകാശം വരെ തീറെഴുതുന്ന
ഭരണ കുടിലതകളിൽ
കുടിവെള്ളത്തിനും ഉപ്പുകർപ്പൂരത്തിനും
കപ്പം കൊടുക്കേണ്ടുന്ന ഗതികെട്ട ഭാവിയിൽ
ചിന്തകൾ പകർന്നാടാനാവാത്ത
ആവിഷ്ക്കാര ദുസ്വാതന്ത്ര്യങ്ങളിൽ
പൌരോഹിത്യ മേലാളർ പടച്ചു വിടുന്ന
സ്വാർത്ഥ മത ബോധങ്ങളിൽ
പിതൃ പുത്ര ബന്ധങ്ങളിൽ പോലും
നുഴഞ്ഞു കയറുന്ന പുത്തൻ
മധ്യവർത്തിത്വ സാംസ്കാരികതയിൽ
മനസ്സു മനസ്സിനോടകലുന്ന
സാത്താനിക വാഴ്ച്ചകളിൽ

ഞാൻ കാണുന്നില്ല
കാണുന്നതൊന്നുമറിയുന്നില്ല
അറിയുന്നതൊന്നും നേരിൻ
അറിവുകളല്ലെന്നഹന്ത നടിച്ച്
നിന്നിൽ നിന്നോടിയകലുമ്പൊഴും
ഒരുകോണിലൊരല്പ നേരത്തേക്കെങ്കിലും
ആശിച്ചുകൊള്ളട്ടെ ഞാനെൻ പ്രിയേ


കാലമിനിയൊരു നാൾ വരും
വികലമായ എൻ ബോധ തലങ്ങളെല്ലാം
പെയ്തൊഴിഞ്ഞൊരുകണമെന്റെയുള്ളിൽ
തെളിഞ്ഞിടും പുതു യുഗമതിൽ
നിന്റെ വിചാരങ്ങളും വ്രണിത
വികാരങ്ങളുമുൾക്കൊണ്ട്
പുതിയൊരു ഞാനുയിർക്കുമെന്നു.
       

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...