2011, ജൂലൈ 26, ചൊവ്വാഴ്ച

സമാന്തരം


മണൽ കൂനകളുടെ വിസ്തൃതിയിൽ
പകച്ചു നില്ക്കുമ്പൊഴും
വാക്കുകളുടെ ഭാണ്ഡങ്ങൾ എന്നിൽ
കുരുക്കഴിയാതെ കിടക്കുന്നു
ആൾക്കൂട്ടങ്ങൾക്കിടയിൽ അർത്ഥമില്ലാതെ
അലഞ്ഞു തിരിയുമ്പൊഴും
എന്തുകൊണ്ടോ ഞാൻ മാത്രം
ഒറ്റപ്പെട്ടു പോവുന്നു
ഇടമുറിയാതെ ഒഴുകുന്ന വാക്കുകളിൽ
ഞാൻ അസൂയാലുവാകുന്നു


എന്റെ ലുബ്ധതയ്ക്കു മുന്നിലെറിയുന്ന
മുതലാളിത്തത്തിന്റെ നോട്ടുകെട്ടുകൾ
എന്റെ അരസികതയ്ക്കു സമാന്തരമാവുന്ന
മടുപ്പിന്റെ ഹാസ്യ പ്രകടനങ്ങൾ

സ്വപ്നങ്ങൾ,സ്വരച്ചേർച്ചകൾ,സായന്തനങ്ങൾ
ഞാൻ മാത്രം നഷ്ടപ്പെടുന്നു


ഉദയവും അസ്തമയവും സമയക്രമമില്ലാതെ
നിരന്തരം എന്നിലൂടൊഴുകുന്നു
നഷ്ടമാവുന്ന പ്രണയ വർണ്ണങ്ങൾ
വീണുടയുന്ന സ്വപ്ന ഗീതികൾ
എല്ലാം തമ്മിലലിഞ്ഞു നില്ക്കുമ്പൊഴും
ഒന്നും ഒന്നിനോടു ചേരാതെയാവുന്നു


നരകയറിയയെൻ ആകാശ മേടയിൽ
ഒന്നു കണ്ണുടക്കാൻ പോലുമാവാതെ
വിദൂര ഭാവങ്ങളെ മോഹങ്ങളിൽ ചാലിച്ച്
ഏതോ അജ്ഞാത കാലചക്രങ്ങളിൽ
ഞാൻ കറങ്ങിത്തിരിയുന്നു


ഇവിടെ,
പ്രതീക്ഷകൾക്കും പ്രത്യാശകൾക്കും മുകളിൽ
പർവ്വത സമാനമായൊരു നിസ്സംഗത
എന്നിൽ കുടികൊള്ളുന്നു

നിനക്കായ് തീറെഴുതിയെൻ ജന്മമെന്നു
അത്രമേൽ ഉറച്ചു പറയുമ്പൊഴും
ഞാനും നീയും ബന്ധമില്ലാത്ത രണ്ടു ധ്രുവങ്ങളിലേക്കു
വലിച്ചെറിയപ്പെടുന്നു


എന്റെ സിരകളിലടിക്കുന്ന മണൽ കാറ്റുകളും
എന്നിൽ കുരുത്ത്, എന്നിലുയിർത്തു നില്ക്കുന്ന
ഈത്ത്പ്പനകളും ഒരുനാളൊരു വേളയിൽ
എന്റെ വെയിലിനെ ശമിപ്പിക്കും കണം വരെ
ഞാനീ അസ്ഥിര ഭാവങ്ങൾക്കു
കൂട്ടു കിടക്കട്ടെ
//////////////////////////////////////////////////////////////


 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...