2011, ഓഗസ്റ്റ് 15, തിങ്കളാഴ്‌ച

എന്റെ സ്വാതന്ത്ര്യ ചിന്തകൾ


എന്റെ പ്രഭാതങ്ങളിൽ
വീണ്ടും നര കയറുകയാണു
യൌവ്വനത്തിന്റെ തീക്ഷ്ണതയ്ക്കു പകരം
ഇന്നെന്നിൽ യാചനയുടെ ദീന ഭാവമാണു
പ്രതീക്ഷകളുടെ സൌധങ്ങൾക്കു മേൽ
പ്രളയം അത്രമാത്രം കടന്നു കയറിയിരിക്കുന്നു


ഭരണകൂടം വർഷത്തിലൊരിക്കലെറിയുന്ന
അപ്പക്കഷ്ണത്തിനു വേണ്ടി ഭിക്ഷാ പാത്രം
തേച്ചുമിനുക്കുന്ന അധകൃതരാണെന്റെ തലമുറ
താതന്റെ ബലികർമ്മത്തിനു മുൻപു
സാക്ഷ്യപത്രങ്ങൾക്കായ്‌ ഉദ്യോഗ വൃന്ദത്തിന്റെ
പടിപ്പുര നിരങ്ങുകയാണെൻ സതീർത്ഥ്യൻ
പട്ടടയ്ക്കും പരികർമ്മങ്ങൾക്കും മുൻപു
പ്രജാപതിക്കുള്ള പാരിതോഷികത്തിനായ്‌
കമ്പോളനിരത്തിലാണെന്റെ കൌമാരം
എന്റെ ഉടപ്പിറന്നവളുടെ മാനത്തിനു
മൂന്നു കോളം കൊണ്ടു വിലപറയുന്ന
പുതു സംസ്കാരമാണിന്നു പത്ര ധർമ്മം


എന്നിലൊരു വിപ്ലവം കുടികൊണ്ടിരുന്നു
എന്നിലൂടെ ഊർജ്ജം നിറഞ്ഞിരുന്നു
എന്നെ ഞാനെന്നും അറിഞ്ഞിരുന്നു
പിന്നെന്നു ഞാനെൻ വഴിപിഴച്ചു


ഞാറും ചേറുമറിയാത്തയെൻ പുതു തലമുറയ്ക്കായ്‌
ഞായറാഴ്ച്ചകളിൽ സിമ്പോസിയവും പഠന ക്യാമ്പും
നെല്ലു കായ്ക്കുന്ന മരങ്ങൾ തേടി
പള്ളിക്കൂട വാനിലൊരുല്ലാസയാത്ര
രക്തബന്ധങ്ങളും രതിഭ്രമങ്ങളും
എല്ലാം ഇന്നൊരു പ്രബന്ധ വിഷയം


എന്നിലൂടൊഴുകിയ വിപ്ലവത്തെ
തല്ലിക്കെടുത്തതാരെൻ കൂട്ടുകാരേ
എന്റെ ജീനിലെയൂർജ്ജ സംഭരണിയെ
എരിച്ചെടുത്തു കളഞ്ഞതാരെൻ നാട്ടുകാരേ


എന്റെ ഫലവർഗ്ഗങ്ങളിലിന്നു
എൻഡോസൾഫാനും മാരക മിശ്രിതങ്ങളും
എന്റെയൊടുക്കത്തെ മാത്രയിൽ പകരുന്ന
തീർത്ഥ കണങ്ങളിൽ പോലും പൊള്ളുന്ന
വിഷക്കൂട്ടുകളും വർജ്ജ്യ വസ്തുക്കളും


എന്റെ വിപ്ലവ വീര്യങ്ങളെ
തീവ്രവാദമെന്നു മുദ്രചാർത്തി
തുറുങ്കിലടച്ചതേതു നാളുകളിൽ
എന്റെ സംഘടിത ശക്തികളെ
പിന്തിരിപ്പനെന്ന പേരുചേർത്തു
പടിയടച്ചിറക്കിയതേതു കാലം


അവനവന്റെ അപ്പത്തിനു വേണ്ടി മാത്രമാണു
ഇന്നെന്റെ നാടിന്റെ മുദ്രാവാക്യം
വിയർപ്പൊഴുകാതെ നേടുന്ന കാശെന്നതാണു
എന്റെ പിൻ തലമുറയുടെ സൂത്രവാക്യം


ദുരന്തങ്ങൾക്കു കാതു കൊതിക്കുന്ന
ദുസ്സഹമായ ഇന്നിന്റെ നാളുകൾ താണ്ടി
എന്റെ വിപ്ലവവും വീര്യവും തുടിക്കുന്ന
പുതിയൊരു തലമുറ ഉയിർക്കുമെന്നു
ഉറക്കത്തിലല്ലാതെ ഞാനൊരു കണം
സ്വപ്നം കണ്ടുയിർ വാണിടട്ടെ
പറയുവാനൊരു നൂറു വാക്കുകൾ
പുകഞ്ഞു കിടക്കുന്ന മനസ്സിൽ നിന്നു
ഒരുനുള്ളു വാരിയെറിഞ്ഞുകൊണ്ടെൻ
മനസ്താപമല്പം അകറ്റിടട്ടെ
......................................................


 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...