2011, സെപ്റ്റംബർ 17, ശനിയാഴ്‌ച

ഭൂമിക


എന്റെ സ്വപ്നങ്ങൾക്കു നീ കണ്ണാടിയാവുക
ഉടയാതെ, ഉരുകാതെ എന്റെ സ്വപ്നങ്ങളെ
പ്രതിഫലിപ്പിക്കുന്ന കണ്ണാടി
എന്റെ വികാരങ്ങൾക്കു നീ മെത്തയാവുക
ഉഷ്ണിക്കാതെ, ഉലയാതെ എന്റെ വികാരങ്ങളെ
ശമിപ്പിക്കുന്ന മെത്ത
എന്റെ ഭാവനകൾക്കു നീ തീയാവുക
അണയാതെ ആളാതെ എന്റെ ഭാവനകളെ
ജ്വലിപ്പിക്കുന്ന തീ
എന്റെ നാട്യങ്ങൾക്കു നീ വേദിയാവുക
രാത്രി പകലറിയാതെ എന്റെ
നാട്യങ്ങളുയരുന്ന വേദി


എന്റെ കിനാക്കാടുകൾക്കു മുമ്പുള്ള നിദ്രയാവാൻ
ദുരമൂത്ത എന്റെ ഭ്രമങ്ങൾക്ക്‌ ഭോജ്യമാവാൻ
എന്റെ തീക്ഷ്ണ വികാരങ്ങൾക്കു ഇരയാകാൻ
ഞാനും ശേഷം പ്രളയവുമെന്നഹന്തയ്ക്കു വീര്യമാകാൻ
ഒടുവിലെല്ലാം നശിച്ച എന്റെ കണ്ണീർക്കണങ്ങൾക്കുപ്പാകാൻ
ഞാൻ നിന്നെ കാത്തു കിടക്കുന്നു


ഇവിടെ,
എന്റെ സ്വാർത്ഥതകളുടെ ഭാണ്ഡം ഞാൻ
നിന്റെ പാതയോരത്ത്‌ നീട്ടിയെറിയുന്നു
എന്റെ കർമ്മകാണ്ഡങ്ങളുടെ വിസർജ്ജ്യം
നിന്റെ പുഴയിലൊഴുക്കുന്നു
ഒടുവിൽ മാർഗ്ഗവും ഭ്രമവും നശിച്ച്‌ ജീവശ്വാസത്തിനു ഞാൻ
നിന്റെ വാതിലിൽ മുട്ടി വിളിക്കുന്നു


എന്റെ അന്നങ്ങളിൽ ഞാൻ കാളകൂട വിഷം കുത്തിവെച്ച്‌
ദാഹമകറ്റാൻ നീരിനു പകരം
നേർത്ത ഓർമ്മപോലും മരിപ്പിക്കുന്ന
സുരപാന പ്രാപ്തിക്കു ശേഷം
ഭോഗ തൃഷ്ണകൾക്കു ഞാൻ നിന്റെ
ശുഷ്കിച്ച മാറിടം പരതുന്നു


സുഖ ലോലുപതയ്ക്കും ശീതീകരണത്തിനും
ഞാനെന്റെ ദീർഘനിശ്വാസങ്ങളെ
നിന്റെ വായുവിൽ കലർത്തി
ഒടുവിലൊരിറ്റു ശ്വാസത്തിനായ്‌
ആതുരാലയങ്ങളിൽ ആയിരങ്ങളെറിഞ്ഞ്‌
ആർത്തിയോടെ നിന്നിലഭയം തേടുന്നു


നിന്റെ മണ്ണിന്റെ ആഴങ്ങളിൽ എന്റെ കരാള കയ്യെറിഞ്ഞ്‌
നീരുറവകളുടെ അവസാന കണ്ണിയും പൊട്ടിച്ചൊരുതുടം
നീരുള്ളതും കോരിയൊഴിച്ചൊടുക്കം ഞാൻ
എന്റെ ഒടുക്കത്തെ നിമിഷം പാനം ചെയ്യാൻ
ഒരുതുള്ളി നീരിനു വേണ്ടി നിന്റെ വറ്റാത്ത
മാറിടം തന്നെ വീണ്ടും തേടുന്നു


പിന്നെയെൻ അഹന്തകളെല്ലാം മണ്ണടിഞ്ഞ്
മണ്ണിനും മർത്ത്യനുമുതവാതെ കാലമെല്ലാം
കരുണയറ്റ ആതുരാലയ കോണിൽ നിന്നും
വേച്ചുവേച്ച് നിന്നിൽ വീണൊടുങ്ങുമ്പോൾ
എന്നെ പുതച്ച് എന്നിൽ കുരുക്കാൻ
ഒരു തുണ്ട് മണ്ണിനു വേണ്ടി ഞാൻ
നിന്റെ കരങ്ങളിൽ തന്നെ വിലയമാകുന്നു

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...