2011, സെപ്റ്റംബർ 19, തിങ്കളാഴ്‌ച

ബാക്കിപത്രം

എന്റെ തെരുവുവിളക്കുകൾ
ഒരുപാടു കാലം എരിയുകയും
അതിലേറെ അണയുകയും ചെയ്യുമ്പോൾ
പ്രവാസത്തിനു പ്രായമാകുന്നത്
ഞാനറിയുന്നു


എന്റെ വീഥികളിൽ വീണ്ടും
അണമുറിയാതെ ശകടങ്ങൾ
ഇരമ്പിപ്പായുമ്പോൾ
കാത്തിരിപ്പിന്റെ കാലഘടനകൾ
മാറിമറിയുന്നതു ഞാനറിയുന്നു


ഋതുഭേദങ്ങളറിയാത്ത
ഇരുണ്ട മരുഭൂമികളിൽ
ഈത്തപ്പനകൾ പൂക്കുകയും
ആർക്കോ വേണ്ടി കായ്ക്കുകയും
ചെയ്യുമ്പോൾ നാൾവഴികളുടെ
ബാക്കിപത്രങ്ങൾ ഞാനറിയുന്നു


വികാരങ്ങളോരോന്നും വിഭ്രമങ്ങളായ്
വെറുപ്പിന്റെ, വിയർപ്പിന്റെ
വാത്സല്ല്യത്തുടിപ്പിന്റെ
വെറും വാക്കിനഴുക്കിന്റെ
വിരഹ കഥാകഥനത്തിൽ
കടപുഴകിയൊഴുകുമ്പോൾ
പ്രവാസത്തിന്റെ വാർദ്ധക്യം
വിരൽത്തുമ്പിലറിയുന്നു


സ്നേഹബന്ധത്തിൻ കണ്ണികളെവിടെയോ
കാത്തിരുപ്പിന്റെ കാരിരുമ്പാൽ
വിളക്കിച്ചേർക്കാനും
വിലകിപ്പോകാനുമാവാതെ
വിതുമ്പലിലൊതുങ്ങുമ്പോൾ
പ്രവാസം ഒരു ബാദ്ധ്യതയാവുന്നു


എന്റെ നാൾക്കുറിപ്പുകൾ
എന്റെ നാഴികമണികൾ
എന്റെ ദീർഘനിശ്വാസ നീർക്കുമിളകൾ
എന്റെയെന്റെതെന്നടുക്കിപ്പിടിക്കുവാൻ
എനിക്കുമാത്രമുള്ള ഏകാന്ത മാത്രകൾ
ഒരിക്കലെങ്കിലും വീണുടയുമെന്നു
ഓർത്തു കാത്തിരിക്കുന്ന വിരഹ നോവുകൾ


ഒടുവിലൊരുനാൾ വരും
എന്റെ പ്രവാസകാല വ്രതം തീർന്നു
വ്യഥ തീർന്നു വേപഥുകളില്ലാത്ത
വർഷം തുടികൊട്ടിയൊരു തീർത്ഥമായ്
എന്നിൽ പെയ്തൊഴുകിയൊരു
പുതു ജന്മമായ് പുലർവെണ്മയായ്
വീണ്ടും നിന്നിൽ ഞാൻ നിറയും

vvvvvvvvvvvvvvvvvvvvvvvvvvvv                       

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...