നന്ദിതേ, അനുരാഗകാവ്യ തുന്ദിലേ
നിൻ ലോലഹൃദയം കവർന്നതാരിതേ
പ്രണയത്തിനായിരം വർണ്ണങ്ങളാണെന്നു
പേക്കിനാകണ്ടൊരു പൗർണ്ണമിത്തിങ്കളേ
മരണമീറനിട്ടൊരീ കരിവാകപ്പൂക്കളേ
മനസാ വരിക്കുവാൻ കാരണമെന്തിതേ
ആംഗലേയകാവ്യത്തിനനുരാഗമാകുവാൻ
ആത്മാർത്ഥമായും കിനാക്കണ്ട ജീവനേ
നഷ്ടസ്വർഗ്ഗങ്ങളെ നെഞ്ചിലേറ്റിടാൻ
നീ സ്വയം തീർത്തൊരീ തടവറയെന്തിനായ്
അന്നു നീ കുറിച്ചിട്ടൊരർത്ഥരാഹിത്യങ്ങ-
ളിന്നിതാ പേറുന്നു സത്യവാക്യങ്ങളെ
അറിയാത്തയാരെയോ പകതീർത്തിടാനാ-
യാരണ്യകാന്തനെ പരിണയിച്ചോമലേ
സ്നേഹത്തിന്നാഴം ഗ്രഹിക്കുവാൻ നീ കണ്ട
സോപാനമേതെന്നുണർത്തിടൂ ശാരികേ
ഉരുകുമിത്തിരി നാളങ്ങളെ പുൽകാൻ കൊതിച്ചു നീ
ഉരുകിയൊടുങ്ങാൻ സ്വയം വിധിച്ചെന്നതേ
ഉണ്മയിതല്ലാതെ മറ്റെന്തു നിനച്ചിടാൻ
ഉത്തരമേകാതെ പൊയ്പ്പോകയാലിന്നലെ.
xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ