2011, ഒക്‌ടോബർ 1, ശനിയാഴ്‌ച

ഗിനിപ്പന്നികൾ

ഞങ്ങൾ ഒരു കൂട്ടം ഗിനിപ്പന്നികൾ
കാലാകാലങ്ങളിലെ ഭരണകൂടങ്ങളുടെ
പരീക്ഷണങ്ങളിലെ ബാക്കിപത്രങ്ങൾ
വികാരങ്ങളും വർഗ്ഗബോധങ്ങളും
ജനിതക മാറ്റംചെയ്തു നീക്കപ്പെട്ടവർ
മുതലാളിത്ത മേല്ക്കോയ്മകൾ
യജമാനന്മാർക്കെറിയുന്ന അപ്പക്കഷ്ണങ്ങൾ
പുളിപ്പ് നോക്കാൻ മാത്രം വളർത്തപ്പെട്ടവർ
രാഷ്ട്രീയ നായകരുടെ രേതസ്സു വരെ
രതിമൂർച്ചയറിയാതെ ഏറ്റുവാങ്ങേണ്ടവർ


ഞങ്ങൾക്കു സ്വന്തമൊരു ആകാശമില്ല
ഉയർന്നു പറക്കാനൊരു കൊടിയും ഊന്നുവടിയുമില്ല
ഞങ്ങൾക്കായ് നീതിയും വ്യവസ്ഥയുമില്ല


പ്രകടന പത്രികയിലും കാനേഷുമാരിയിലും പെടാത്തവർ
ആനുകൂല്യവും അഭിപ്രായ പ്രകടനവുമില്ലാത്തവർ
രേഖകളിൽ ജനിക്കാത്തവർ ജീവിക്കാത്തവർ മരിക്കാത്തവർ

രോഗജന്യ ജീനുകളെ ഞങ്ങളുടെ കോശങ്ങളിൽ നിറച്ച്
രാജകുമാരന്മാർക്കായ് അമൃത് കടഞ്ഞെടുക്കുന്നവർ
നിങ്ങളുടെ വർഗ്ഗീയ വിഷം കുടിച്ച്
നിങ്ങൾക്കായ് നൂറുമേനി കൊയ്തെടുത്തവർ
വിശക്കാത്തവർ വിലപേശാനറിയാത്തവർ


ഞങ്ങളുടെ സന്തതി പരമ്പരകൾ
ഭരണകുടിലതയുടെ രതിപരീക്ഷണ ശാലകൾ
ഞങ്ങളുടെ ചിന്താ മണ്ഡലങ്ങൾ
കാട്ടാള ഭൂരിപക്ഷത്തിന്റെ മേച്ചിൽപ്പുറങ്ങൾ


ഇവിടെ ഞങ്ങൾക്കായ് ഒരു പ്രസംഗ പീഠമില്ല
പ്രതിജ്ഞാവാചകവും പ്രവർത്തന മേഖലയുമില്ല
ആണ്ടാണ്ടുകാലം താറുടുത്ത് ഉടവാളെടുത്ത്
നിങ്ങൾതൻ സ്ഥാന ലബ്ധിക്കു മാത്രമായ്
ഉറഞ്ഞുതുള്ളി സ്വയം തലവെട്ടിപ്പൊളിക്കുവോർ
ജനാധിപത്യം കാടേറാതിരിക്കാനായ്
കാടിറങ്ങിവന്ന് കയ്യിൽ മഷി പുരട്ടുവോർ
ഉപ്പുകർപ്പൂരം മുതൽ ഉഛ്വാസ വായുവിനു വരെ
ഉയിർ പിഴിഞ്ഞെടുത്തും കരമൊടുക്കുവോർ


എന്നിട്ടുമെന്തിനെൻ മേലാള വർഗ്ഗമേ
ഞങ്ങൾതൻ മോഹങ്ങൾ പകുത്തെടുത്തൂ
എന്നിട്ടുമെന്നിട്ടുമെന്തിനെൻ സത്വമേ
ഞങ്ങളുടെ തത്വങ്ങൾ പറിച്ചെടുത്തൂ

ഞങ്ങൾക്കായിന്നൊരു വേദമില്ല
രതി സ്വപ്നങ്ങളും ഭ്രമണ മാർഗ്ഗവുമില്ല


കൂടെക്കിടക്കുവാൻ കൂട്ടിക്കൊടുക്കുവാൻ
ഞങ്ങളുടെ പെണ്ണിന്റെ മടിക്കുത്തഴിക്കുവാൻ
നിന്റെ കരാള ഹസ്തങ്ങൾ നീണ്ടുനീണ്ടൊടുവിൽ
വിത്ത് വിതയ്ക്കാനും വിളവെടുക്കാനും
നീയിട്ട ചട്ടങ്ങൾ പോലെ വീണ്ടും
ഞങ്ങളെത്രമാത്ര പെണ്ണിനെ പുല്കണം
അവളെന്തു പെറണം എത്രവട്ടമാവാം
നിന്റെ ചട്ടങ്ങളും നിയമാവലികളും
ഞങ്ങളുടെ സ്വകാര്യ നിമിഷങ്ങളും കടന്ന്
വ്യക്തിത്വ ഹത്യയുടെ മൂന്നാം പക്കമെത്തുമ്പോൾ
ഞങ്ങളുടെ ഒടുക്കത്തെ നെല്ലിപ്പലകയും കഴിഞ്ഞ്
അവകാശ ധ്വംസനങ്ങളുടെ അഴിഞ്ഞാട്ടമാവുമ്പോൾ
ഉള്ളിൽനിന്നൊരു കണം ഉയിർത്തു വരും
ഒരായിരം പ്രതിഷേധാഗ്നികൾ ഉജ്ജ്വലം
അതിൽ വെന്തെരിഞ്ഞൊടുക്കം നിൻ
ഭരണ വ്യവസ്ഥകൾ ചാമ്പലാകും മുമ്പൊരു
മാത്രയെങ്കിലൊരുമാത്ര ചിന്തിക്ക നീ
എൻ വംശം പെറ്റുപെരുകാത്തിടത്തോളം
ആരു നിൻ കൊടികൾക്കു രക്തമേകും
എൻ വംശം പൊരുതി മരിക്കാത്തിടത്തോളം
ആരു നിൻ രഥങ്ങൾക്കു മാർഗ്ഗമേകും
പിന്നാരു നിൻ വയലുകളിൽ വിത്തിറക്കും

അതുകൊണ്ട് ഞാനെന്റെ എഴുത്താണികൊണ്ട്
എഴുതിടട്ടേ വാക്കുകൾ ഇത്രമാത്രം
ഭരണ വ്യവസ്ഥകൾ ഞങ്ങൾക്കു വേണ്ടിയൊന്നു
നന്നായ് ചിന്തിച്ചിടാത്ത കാലമെല്ലാം
ഭരണം കയ്യാണ്ടിടാനെന്റെ മക്കൾ
വരും പുതു ഊർജ്ജവും വിപ്ലവവുമായി വീണ്ടും

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...