2011, ഒക്‌ടോബർ 9, ഞായറാഴ്‌ച

വെട്ടിനിരത്തലുകൾ


ഇന്നെന്റെ പ്രഭാതം കണികണ്ടുണർന്നത്
കോലക്കേടിന്റെയൊരു ഘോഷയാത്രയാണു
ശവമഞ്ചമേന്തുന്നവർ ആടിത്തിമിർക്കുന്ന
അയൽരാജ്യനീതി ഒരുറക്കം കൊണ്ടു മാത്രം
എന്റെ സംസ്കാരത്തിലേക്ക് വന്നതെന്തെന്നു
അത്ഭുതം കൂറുന്നു ക്ഷണികമെങ്കിലും ഞാൻ


ശവമഞ്ചം ചുമക്കുന്നോർ കഴുതകളായിരുന്നില്ല
കഴുതകളെക്കാൾ കഴിവുകെട്ട കിങ്കരന്മാരവർ
സ്വന്തം വിയർപ്പിന്റെ ഉപ്പിനു പോലും സ്വയം
നീതി കാട്ടാത്തവർ തരിമ്പും നിയമമറിയാത്തവർ
തൊഴിലാളി വർഗ്ഗമെന്നൊരു വർഗ്ഗബോധം നട്ട്
വർഗ്ഗീയ വിത്തുകളും വിഷമുള്ളുകളുമറിയാതെ
കൊടിപിടിക്കാൻ കോമരം തുള്ളാൻ കഴുത്തരിയാൻ
പിന്നെ, മേലാള വർഗ്ഗത്തിന്റെ മന്ത്രിപദത്തിനായ്
സ്വന്തം മക്കളെ വിശപ്പിന്റെ കാട്ടാളനു നല്കുവോർ

മൂല്യച്യുതിയും പുതു മതബോധ ദർശനവും ഒന്നും
ഒന്നിലൊന്നറിഞ്ഞൊന്നുണരാതെ വ്യർത്ഥമായ്
ദിനം ഉറങ്ങാതെ മണ്ണിൽ ഉറക്കം നടിക്കുവോർ
ക്യൂബയും പോളണ്ടും സോവിയറ്റുമറിയാതെ
റഷ്യ റഷ്യയെന്നു മാത്രം പുലമ്പി വാഴ്വിൻ
രസച്ചരടറുത്ത് വെറുതെ ജീവിതം മുടക്കുവോർ


ഇന്നലെ എനിക്കു മുന്നിലൊരു തണൽ മരം
അതിൻ ശാഖകളും ഉപശാഖകളുമായിത്തിരി
കൊഞ്ചിയുമാടിയും പുതുപൂക്കളുതിർത്തും
എന്നെയറിഞ്ഞ് എന്നിലലിഞ്ഞ് നിലകൊണ്ടിരുന്നു


തളർവാതം വന്നാണ്ടുകൾക്കു മുമ്പരങ്ങൊഴിഞ്ഞ
എൻ മുത്തശ്ശി പണ്ടൊരുനാൾ കഥയിലുൾപ്പുളകമായ്
കഞ്ഞിയും കറിയും കളിച്ചതാ മരത്തണലിലായിരുന്നു


നാളേറെച്ചെന്നു എന്റെ അച്ഛനൊരു കളിവണ്ടിയിൽ
കൂകിയും കുറുകിയുമോടിക്കളിച്ചതുമാർത്തു ചിരിച്ചതും
ഒടുവിൽ ആലസ്യമാണ്ടതും ആ മരച്ചുറ്റുമായിരുന്നു


ഞാനഗ്നി സാക്ഷിയായ് ആത്മാഭിമാനിയായൊരു ദിനം
അവളെ വേട്ടതും കൊഞ്ചിക്കുഴഞ്ഞതും കനവു നെയ്തതും
ആർദ്രമായ് കാവ്യങ്ങൾ കോർത്തതും ആ മരച്ചോട്ടിലായിരുന്നു


പിന്നെയെന്നുണ്ണികൾ ഇന്നലെ സന്ധ്യവരെ ആമോദരായ്
പുതുകാലത്തിന്റെ പുത്തൻ നേരുകൾ കുരുക്കഴിച്ചതും
പുറം കാലുകൊണ്ടു കുന്നായ്മകൾ തട്ടിത്തെറിപ്പിച്ചതും
പുതു യുഗ വിപ്ലവഗാനം കുറിച്ചതും ഇത്ര വളർന്നതും
ആ മരത്തിന്റെ സ്നേഹത്തണലിൽ മാത്രമായിരുന്നു


ഒടുവിലിന്നലകളിലൊരുനാൾ ഒരു നൂറാളുകൾ
വന്നെന്റെ പൊന്നു മരത്തിനൊരക്കമിട്ടു
നിങ്ങൾ നിരത്തുന്ന ന്യായങ്ങൾക്കൊക്കെയും
മറുന്യായമോതാൻ അതിൽ പ്രതികരിക്കാൻ
എന്നിലുള്ളതൊരായുധം എന്നെഴുത്താണി മാത്രം
എങ്കിലും കുറിച്ചിടുന്നു ഞാൻ നിങ്ങൾക്കായിത്ര മാത്രം


നട്ടു വളർത്തുവാൻ ഒരു തണൽ മരവും ചെടിയും
മർത്യന്റെയുള്ളിലൊരിത്തിരി സ്നേഹവും ദയാവായ്പും
എളിതല്ല നിങ്ങൾ വെട്ടി നിരത്തുന്നത്ര ഭൂമിയിൽ
വെട്ടിനിരത്തുക  മനസ്സിലെ കയ്പും കളങ്കവും
സ്വാർത്ഥ മോഹങ്ങളും സ്വരുക്കൂട്ടിയ കറുത്ത ചിന്തയും


ഇനി നിങ്ങളെടുത്തു കൊൾക ഭക്ഷിക്ക എന്നെന്നും
ഇതെന്റെ സ്വപ്നമാണു മോഹമാണവകാശമാണു
നിങ്ങളീ വേണ്ടാത്ത ശവമഞ്ചം പോലെടുത്തു പോവതു
വെറുമൊരു മരമല്ല ഒരു യുഗത്തിന്റെ കർമ്മ സാക്ഷിയും
ഒരുകോടി സുന്ദര സ്വപ്നങ്ങളുടെ കാതലാം താഴ്ത്തടിയും
അതിലേറെയെൻ അമ്മയാം ഭൂമിതൻ നിലനില്പുമാണു


നട്ടു വളർത്തുക മനസ്സിൽ സ്നേഹ മരങ്ങൾ ഒരായിരം
വരും കാലങ്ങളിൽ ഉയർന്നതിൽ എന്നും പുഷ്പിക്കട്ടെ
ഒരു നുള്ളു സ്നേഹവുമതിലേറെ ചിറകുള്ള മോഹങ്ങളും
 zzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzz


 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...