2011, ഒക്‌ടോബർ 14, വെള്ളിയാഴ്‌ച

സൗമ്യ, എന്റെ പൊന്നു പെങ്ങൾ


നിന്റെ തുരുമ്പിച്ച റയിൽ പാതകളിലൂടെ ഞാൻ
എന്റെ ഒടുങ്ങാത്ത ആസക്തിയിലേക്ക് ഒരു യാത്ര
എനിക്കു ചുറ്റും ജനൽ കാഴ്ച്ചകളിൽ ഒരായിരം മുഖങ്ങൾ
മാറിയും മറിഞ്ഞും ഒന്നിനോടൊന്നിണങ്ങാതെ
വരണ്ട പുഴകൾക്കു മുകളിലൂടെ, ഇരുണ്ട ഗുഹകൾക്കുള്ളിലൂടെ
എന്റെ യാത്രകൾ തുടർന്നുകൊണ്ടിരിക്കുമ്പൊഴും
എന്നിലെ കാമം കല്ക്കരിച്ചൂടിനും മുകളിൽ
എന്റെ ചൂണ്ടക്കൊളുത്തിലെ വിഷക്കായ്കളിൽ
കൊത്തിവലിച്ചൊരു കോലക്കേടുടക്കും വരെ
കണ്ണുകൾ കാന്തക്കല്ലുകളാക്കി ഞാനലയുന്നു


കണ്ണുടക്കാതെ പോയതൊരു കറുത്ത എണ്ണമൈലി
ചിരിച്ചിട്ടും ചിറികോട്ടിയൊരുൾനാട്ടുകാരി
കൊറിക്കാൻ ചുടുകാമമെറിഞ്ഞതു ഒട്ടും
കൊത്താതെ പോയതൊരു ദാവണിപ്പൈങ്കിളി
എന്നിട്ടുമെന്നിട്ടുമെന്റെ കനൽ കണ്ണുകൾ
തേടുന്നത് വീണ്ടുമൊരു മാംസത്തുണ്ടു മാത്രം


താവളങ്ങളിൽ നിന്നും തിളയ്ക്കുന്ന
താഴ്വരകളിലേക്ക് യാത്ര തുടരവേ
എന്റെ കരിങ്കടലിലേക്കാഴ്ന്നിറങ്ങാൻ
എന്നിലെ വീര്യം കറന്നെടുക്കാൻ
എന്നിലലിഞ്ഞൊരു കളങ്കമാവാൻ
ഞാൻ നിന്നെമാത്രം കാത്തുകിടക്കുന്നു

എന്ത്, ഒരുമാത്ര നീയെന്റെ കണ്ണുകളിലിറങ്ങിയോ
എന്റെ നരകദാഹത്തിന്റെ ഒടുക്കത്തെ കണവും
എരിഞ്ഞൊടുങ്ങിയൊടുക്കം ഞാനില്ലാതെയാവും മുമ്പ്
ഒരാണ്ടൊരു യുഗം ഒരു നൊടിയിടയെങ്കിലും
എന്നിലുൾച്ചേർന്നൊരു ഹിമബിന്ദു പൊഴിക്കാൻ
എന്റെ വിഷവിത്തിനൊരു മൺതടമൊരുക്കാൻ
നീയെന്റെ കണ്ണുകളിൽ വീണ്ടുമിറങ്ങിയോ


നിന്റെ നഗരസൌന്ദര്യത്തിന്റെ കടുത്ത ഗന്ധങ്ങളിൽ
നിന്റെ അമ്ളരസങ്ങളുടെ കൂർത്ത രുചിഭേദങ്ങളിൽ
നിന്റെ ഒടുങ്ങാത്ത രതിപരവേശങ്ങളിൽ, പിന്നെ
നിന്റെയഹങ്കാര ആർത്ത നാദങ്ങളിൽ വീണു
ഞാനൊന്നുറങ്ങാനുമുണരാനുമാവാതെ
വിളറി നിന്നാലസ്യ വിതുമ്പലിലിടറുമ്പോൾ
എനിക്കു ചുറ്റുമൊരുത്സവ മേളം കൊഴുക്കുന്നു
ഇലത്താളവും ഇടിനാദവും ഇരമ്പക്കവും കടന്ന്
ഒരു നേർത്ത നാദം സ്വന്തം മാനത്തിനു കേഴുന്നു


ഒന്നുമറിയാതെ ഒന്നിലും ചേരാതെ നിശ്ചലം
ഞാൻ നിന്റെ ആകാര ഭ്രമങ്ങളിലൊതുങ്ങുന്നു
വീണ്ടുമൊരു യാചനാ സ്വരം രസച്ചരടറുക്കുന്നുവോ


എന്റെ നീർവീഴ്ച്ചകളും മഴക്കാടുകളും കടന്നു
അലസ സാഗരത്തിൽ ഞാനൊഴുകുന്ന നേരം
സ്വജീവനേക്കാൾ മാനം വലുതെന്ന്
പൊരുതുന്ന നിന്നെ ഞാൻ കാണാതെ പോവുന്നു


പിറകിലൊറ്റക്കയ്യൻ, പരദേശി, കാമാർത്തി മൂത്തവൻ
തരളഭാവങ്ങളും മോഹങ്ങളും മതിക്കാത്തവൻ അവൻ
നിന്നെ മരണത്തിലേക്കു തള്ളിയിടുന്ന നേരവും
പ്രതികരണത്തിന്റെ അവസാന വാക്കുപോലും
എന്നിലൊടുങ്ങുന്നു, വീണുടയുന്നു, ചിതറുന്നു


പാപക്കറ തുടച്ചു നീക്കി പുതുതായൊന്നുമില്ലെന്ന മട്ടിൽ
ഞാനെന്റെ വീടിൻ പടിക്കെട്ടു കയറുന്ന നേരം
ഒരു കല്ല്യാണ ഘോഷവും വർണ്ണ മേളവും
വരവേല്ക്കുമെന്നു കൊതിച്ച എന്റെ മുന്നിൽ
വെറും മൌന സാഗരം സ്നേഹ നൊമ്പരം
വീണുടഞ്ഞൊരു മുഴു ജീവിത സ്വപ്നവും


എന്റെ മാതൃ ഉദരം ഞാനുമായ് പങ്കിട്ടവളെ
ഒരുപറ്റം നരഭോജികൾ പങ്കിട്ടെടുത്ത നേരം
പകിട പന്ത്രണ്ടും കളിച്ചു ഞാനപ്പഴും
പാഴാക്കിയതോർത്തു വിതുമ്പുന്നു വ്യർത്ഥമായ്


സൌമ്യേ എൻ പ്രിയ സോദരീ അറിയുന്നു
നേരമല്ലാത്ത നേരത്തെ വിതുമ്പലും
നേരും നെറിയും കെട്ട വാഴ്വിന്റെ ചെതുമ്പലും
നല്കില്ല നിനക്കൊരു പുതുജീവൻ, എങ്കിലും
ആശിച്ചിടാം ഒരു പുതു വസന്തം അന്നു
കാമപ്പിശാചുകൾ അരങ്ങൊഴിഞ്ഞൊരു
കാലമിനിയും വരും പൂക്കുമതിലൊരു നൂറു മലരുകൾ
കാത്തിടും ഞാനവയ്ക്കന്നു നിൻ പേരു ചാർത്തി


zzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzz

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...