2011, ഒക്‌ടോബർ 29, ശനിയാഴ്‌ച

പിറന്നാൾ


ഇന്നെൻ പിറന്നാളാണുണ്ണീ
അയലത്തെ അമ്മിണി നൽ മധുര
പായസവുമായ് വെളുപ്പിനു മുറ്റത്ത്
കണിക്കൊന്നപോൽ പൂത്തു നില്പ്പതു
കാണുന്നില്ലയോ എത്ര സുന്ദരം


ഇന്നെൻ ജന്മ നക്ഷത്രമുയർന്ന നാളുണ്ണീ
ഇത്ര വെളുപ്പിനേ നിലയ്ക്കാത്ത നാദമായ്
ടെലിഫോൺ കിളി ചിലയ്ക്കുന്നതറിയുന്നുവോ
മൃതവാക്കുകളെങ്കിലുമതിനു പിന്നിലെ
സ്നേഹമൊന്നുമാത്രം ഗണിക്ക നീ


ഇന്നു ഞാനൊരുൾത്തുടിപ്പായ് ഭൂമിയിൽ
ഉദയംകൊണ്ട നാളെന്നുണ്ണീ അറിയുക
എഴുത്താണിയെൻ ഉൾക്കരുത്തായ് തുടിക്കയിൽ
സ്നേഹ ജാലകം ഒരായിരം തുറന്നതിൽ
സൗഹൃദം പൂത്തു നില്ക്കുന്നതു കാണുക


ഇന്നീ നാളിന്റെ യുവത്വത്തിനു മുന്നിൽ
ഇത്രയേറെ സ്നേഹം ഉരുകിയൊലിക്കുമ്പൊഴും
അറിയാതെയെന്നുള്ളിലെ എന്നിൽ നിന്ന്
കറയായൊഴുകുന്നെന്നെ കാർന്നു തിന്ന ഓർമ്മകൾ


ഒരിറ്റു കഞ്ഞിത്തെളിക്കു മാത്രമായ് ഞാൻ
ഓടിക്കിതച്ചതുമലറി വിളിച്ചതും തലതല്ലി വീണതും
അന്നൊരുനാളെൻ പിറന്നാളിനായിരുന്നു


കൂടെപ്പിറന്നവരൊക്കെയും പുത്തനുടുപ്പും
പളുങ്കു പാത്രവും പാൽ ചിരിയും കളിയുമായ്
പള്ളിക്കൂടം കണ്ടു പഠിച്ചു വളരവേ
അഷ്ടിക്കു വേണ്ടിയന്യന്റെ കാൽ പിടിച്ച്
തെരുവുകൾ നായായ് താണ്ടിയ നാളിലൊക്കെയും
പിറന്നാളുകൾ പലകുറിയെൻ വാഴ്വിൽ
പൂക്കാതെ കായ്ക്കാതെ ഞെരിഞ്ഞമർന്നിരുന്നു


പ്രേമ വായ്പും കുപ്പിവളകളും പൂവുമായ്
പാടവരമ്പിലുമമ്പലമുറ്റത്തും തൊടിയിലും
സതീർത്ഥ്യരൊക്കെയും യൌവ്വനം ഘോഷിക്കവേ
ഒരു കുടുമ്പത്തിന്റെയത്താണി ഞാനെന്നു
എടുത്താലൊതുങ്ങാത്ത ചുമടൊന്നു താങ്ങി
നഗര മദ്ധ്യാഹ്നങ്ങളിൽ നരക തീർത്ഥം കുടിക്കവേ
പിറന്നാളുകൾ പലകുറിയെന്നെയറിയാതെ
എന്നിൽനിന്നൂർന്നു വീണിരുന്നു


വീണ്ടുമൊരുനാൾ എന്റെയാതനകളുടെ
കടും കാണ്ഡങ്ങളിൽ നിന്നൊക്കെയും
തൂലികത്തുമ്പിന്റെ ശൌര്യവും കറതീർന്ന
ഓർമ്മകളുടെ കയ്പുമായ് ഞാനുയിർക്കവേ
എന്നെയറിയാതെ പന്തി പകുക്കാതെ ചേർക്കാതെ
ബന്ധുജനങ്ങളൊക്കെയും പിറന്നാൾ മോടിയിലായിരുന്നു


ഇന്നെന്റെയുണ്ണീ നീയറിയുകയെന്നിലെ
വാക്കുകളൊക്കെയും ആയിരം പൂക്കളായ്
പുലർവെണ്മയായ് പൊന്നുതിർക്കവേ
ഈ പിറന്നാളിനൊരുക്കുന്ന വട്ടങ്ങളൊക്കെയും
എന്നിൽ തീർക്കുന്നതസഹ്യമാം നിർവ്വികാരത മാത്രം


ഇനിയെന്റെ പൊന്നുണ്ണീ നിനക്കായ് നല്കുവാൻ
ഈ പിറന്നാളിലെന്നിലിത്ര വാക്കുമാത്രം
വിശക്കുന്ന നേരത്തു നല്കാത്ത ഉരുളയും
കൊതിക്കുന്ന മാത്രയിൽ കിട്ടാത്ത സ്നേഹവും
കിതച്ചു വീണൊടുക്കമൊരു മൃതപ്രായമാകയിൽ
സ്വർണ്ണക്കുമ്പിളിൽ കോരിയൊഴിച്ചെന്നാലും
മതിക്കില്ല ഒട്ടുമൊരു മൺതരിയളവിലും

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...