2011, നവംബർ 9, ബുധനാഴ്‌ച

മൗനം



നിന്റെ മൗനം
അതെന്നിലത്രമേലസഹ്യമായ്
പെയ്തിറങ്ങുന്നോമനേ


വിതുമ്പാതെ പോകുന്ന
ഓരോ കരിമേഘങ്ങളിലും
മണ്ണിൽ പുണരാതെ പോകുന്ന
ഓരോ വെയില്ക്കീറുകളിലും
വിടരാതെ കൊഴിയുന്ന
ഓരോ പനിനീർ മൊട്ടുകളിലും
നിന്റെ മൗ
നമെന്നോട്
പറയാതൊരു പരിഭവം
പങ്കുവെയ്ക്കുന്നുണ്ട്


നിന്റെ മൗനം എന്റെ കിനാക്കാടുകളെ
തരിശാക്കിയിടുന്നത് ഞാനറിയുന്നു
അതെന്നിലൊരു ശൂന്യതയുടെ
മണല്ക്കൂന തീർക്കുന്നതുണരുന്നു


കന്യാ ചർമ്മങ്ങൾ ചീന്തിയെറിയപ്പെടുന്ന
മെയ്ക്കരുത്തിന്റെ രതിവൈകൃതങ്ങളിൽ
ഒന്നുറക്കെ കരയാതെ പോകുന്ന നിന്റെ മൗ
നം
പ്രതിപ്പട്ടികയിൽ മുന്നിട്ട് നില്ക്കുന്നു


അമ്മിഞ്ഞ നുണയാതെ പോകുന്ന
ഓരോ ശൈശവങ്ങൾക്കു പിന്നിലും
ഒന്നുടയാതെ നില്ക്കുന്ന നിന്റെ മൗ
നം
വ്യർത്ഥമായൊരു മുലച്ചൂടു തീർക്കുന്നു


പളുങ്കു പാത്രമായ് ഉടഞ്ഞു ചിതറിയ
വിശുദ്ധ ദാമ്പത്യ കനികളിൽ
എന്റെ കോപതാപങ്ങൾക്കു മേൽ
ഉയർന്നു നില്ക്കുന്ന നിന്റെ മൗ
നം
നമ്മെ വ്യത്യസ്തമായ  താഴ്വരകളിലേക്കു
വലിച്ചെറിയപ്പെടുന്നു


അടിച്ചമർത്തപ്പെടുന്ന സ്ത്രീത്വങ്ങളിൽ
അബലയെന്നപമതിക്കുന്ന വാക്യാർത്ഥങ്ങളിൽ
തെരുവുമൂലകളിൽനിന്നുയരുന്ന
കാമച്ചുവയുടെ വാക്ശരങ്ങളിൽ
ഒരു കണമുടയാതെ പോകുന്ന
നിന്റെ മൗ
നമൊരു ഉല്പ്രേരകമാവുന്നു

ഇനിയൊരുനാൾ
നിന്റെ മൗ
നമെന്നിലൊരു
തുലാവർഷം തീർത്ത്
ഇടിവെട്ടി തിമിർത്തു പെയ്തതിൽ
ഞാൻ തിരുസ്നാനമേറ്റുയിർക്കുമ്പോൾ
നിന്റെ മൗ
നമെന്നിലുടഞ്ഞലിഞ്ഞിരിക്കും

അന്നു സ്ത്രീയെന്നതെനിക്കമ്മയും
കുഞ്ഞു പെങ്ങളും രതിനൈവേദ്യമേകുന്ന
പ്രിയ കാമിനിയുമായിരിക്കും
അന്നു നിന്റെ വാചാലതയ്ക്കു മുന്നിൽ
മുനയൊടിഞ്ഞ അസ്ത്രങ്ങളോരോന്നും
ഗതിയറിയാതെ മുനിഞ്ഞു കത്തും
അതുവരെ ഞാൻ നിന്റെ മൗനങ്ങളിൽ
എന്നെ തേടിയലയട്ടെ

mmmmmmmmmmmmmmmmmmmmmmmmmm

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...