2011, നവംബർ 17, വ്യാഴാഴ്‌ച

നാളേടുകൾ



നല്ല പുലർവേളയിലെൻ നാളേടുകൾ പരതവേ
രണ്ടു കാര്യങ്ങളെന്നിൽ മുന്നിട്ടു നില്ക്കുന്നു
രണ്ടു സംസ്കാരങ്ങളൊന്നാവുമൊരു നൽ വിവാഹവും
രണ്ടാം ലോകത്തേക്കാത്മാവു കുടിയിരിക്കുമൊരു മരണവും


ഒന്നായ് കൂടിച്ചേരുന്ന കടുത്ത വർണ്ണങ്ങളും
ആസക്തിയുണർത്തുന്ന സുഗന്ധക്കൂട്ടുകളും
എന്തിനോ എന്നെയിന്നത്രമേൽ തരളിതനാക്കുന്നു


നിറങ്ങളുടെ നിറസാന്നിദ്ധ്യത്തിൽ നിന്നു
എല്ലാം ശുഭ്രമയമാകുന്നൊരു വാർദ്ധക്യത്തിലേക്കാണു
നടന്നടുക്കുന്നതെന്നയറിവു ചായക്കൂട്ടുകളിൽ
ഒന്നായ് അഴിഞ്ഞലിയാൻ എന്നെ പ്രേരിപ്പിക്കുന്നു


ദിശയറിയാത്ത ദൂരത്തെവിടെയോ വിവാഹമെന്നറിയുമ്പൊഴും
സൗഹൃദത്തിന്റെ തീക്ഷ്ണതയ്ക്കപ്പുറം ഉള്ളുണർത്തുന്ന
വർണ്ണമേളങ്ങളുടെയൊരു ചുഴലിക്കാറ്റ് എന്നെ വലിച്ചടുപ്പിക്കുന്നു

യാത്രയിലെ ഘനശബ്ദം സൗഹൃദകൂട്ടായ്മയിലെ
വിശാലതയും വളർച്ചയും മൊഴിയുന്ന നേരവും
ഞാനെന്റെ നിറക്കൂട്ടുകളിൽ ഒതുങ്ങുകയാണു


ഇവിടെ വിവാഹം സ്വർഗ്ഗത്തിലെന്നതിനപ്പുറം
സ്വർഗ്ഗലോകം വിവാഹ വേദിയിലെന്നു
വേദം തിരുത്തി വായിക്കപ്പെടുന്നു


മരണം - മനസ്സറിയാത്ത വിലാപങ്ങളും
മടുപ്പിക്കുന്ന പുകച്ചുരുളുകളും ഒത്തുചേരുന്നു
എന്റെ സാന്നിദ്ധ്യം വിളിച്ചോതുവാനായ്
പുഷ്പചക്രമർപ്പിക്കുന്ന വേളയിൽ പോലും
മനസ്സുകൊണ്ടത്രമാത്രം ദൂരെയാകുന്നു ഞാൻ


കായ്ക്കുന്ന മാവെന്തിനു പോയ കാരണവർക്കായ് വെട്ടണം
എഴുതാതെ പോയ ഒസ്യത്തിൽ മുന്തൂക്കമാർക്ക് കിട്ടണം
സഞ്ജയനം, പുലകുടിയടിയന്തിരം പൂർവ്വകാല സംസർഗ്ഗം
ഓരോ മൂലയിൽനിന്നുമൊരുനൂറു മുറുമുറുപ്പുകളുയരുന്ന നേരം

വിരിയാതെ പോയ വാക്കുകൾക്കായ് വ്യർത്ഥം
വേദനയിൽ അടയിരിക്കുന്നുഞാൻ

ഒടുവിലൊരു സൗഹൃദമെൻ കരം ഗ്രഹിച്ചോതുന്നു
മുൻ കൂട്ടിയറിഞ്ഞിരുന്നെങ്കിലച്ഛന്റെയീ മരണം
മാലോകർക്കു കൂടുവാനായ് നല്ല ഹാളൊന്നിലാക്കിയേനെ
അസൗകര്യങ്ങൾ പൊറുക്കണം ഇത്രയോർത്തില്ല മുന്നമേ
വീടിനിക്കുറി പൂശിയ ചായവും മുറ്റത്തു വിടർന്ന മുല്ലയും
എല്ലാം നിരങ്ങി ജനം, നാശം വല്ലാതെ കേടാക്കി


സംസ്കാരം തലമൂത്തിനിയൊരുനാൾ
ശവ സംസ്കാര നാടകം പോലുമെൻ സഖേ
കൊട്ടിഘോഷിക്കുമൊരു ഭോഷ്കാവുന്ന
അസംസ്കൃത യുഗത്തിൻ പിറവിക്കു മുന്നേ
സുഷുപ്തിയിലായെങ്കിലിനി ഞാനെന്നു
സങ്കട ഹർജിയൊന്നുണർത്തിടട്ടേ

mmmmmmmmmmmmmmmmmmmmmmmm

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...