2012, മാർച്ച് 21, ബുധനാഴ്‌ച

അഭിസാരിക


ഇനിയും വിളിക്കു നീയെന്നെയൊരായിരം വട്ടം
ഇഷ്ടം കൂടി നീയെനിക്കു പട്ടംചാർത്തിനല്കിയ നാമം അഭിസാരിക
ഇനിയും വിതയ്ക്കു നീ നിന്റെ വിഷബീജമെന്നിൽ വീണ്ടും
ഇല്ല, ഒരിക്കലും മുളയ്ക്കില്ലതെന്നു മുൻകൂർ ഉറപ്പിച്ച ശേഷം


മോഹഭ്രമങ്ങളും കാന്തമുനകളും വിലയം ചെയ്തെന്റെ കണ്ണുകൾ
മോഹനകാവ്യം രചിക്കാൻ തുടിക്കും നൽ നാളു മുമ്പേ
മറ്റാരുമറിയാതാ സരസ്വതീ മന്ദിരത്തിൽ വച്ചെന്റെ
മാനം കവർന്നെടുത്ത വെറുപ്പിന്റെ നാൾ മുതൽ
മാലോകർക്കു മുൻപിൽ നീയെന്നെ വിളിപ്പൂ അഭിസാരിക


കമ്പോളത്തിലന്നെന്നെയൊരു കന്നുകാലിക്കു വിലപറയും പോലെ നീ
കച്ചവടമുറപ്പിച്ച ശേഷമതൊടുക്കുവാനെന്റച്ഛൻ
കഴുതക്കാലു പലതു പിടിച്ചും കരഞ്ഞു കൺകലങ്ങിയും
കിതച്ചൊടുവിലൊരു പാളത്തിൽ ജീവനൊടുക്കിയ
കറുത്ത നാളിലന്തിയിൽ കൂട്ടുകിടക്കാൻ കരുണ കാണിച്ച നിൻ
കുടില തന്ത്രം വിജയം കൊണ്ട നാൾ തൊട്ടെന്നെ വിളിപ്പൂ നീ അഭിസാരിക


വാഴ്വിന്റെയോരോ കോണിലും ദുരമൂത്ത സാമ്പത്തിക അസമത്വം
വിതയ്ക്കാതെ കൊയ്യാതെ ഇടയാളായ് വിറ്റെടുത്തു നീ
വിഷൂചിക പോലെന്നിലേക്ക് കെട്ടിയെടുത്തു പകർന്നാടി
വിഭ്രമ വേളകളിലെന്നിലെയൊടുക്കത്തെ നീർത്തുള്ളിയും
വലിച്ചൂറ്റിയെടുത്തൊടുക്കം ജനമദ്ധ്യത്തിൽ നീയെന്നെയൊറ്റുകൊടുക്ക ഇവ്വിധം
വിശപ്പിന്റെ പേരു പറഞ്ഞു വിലപിച്ച് വേഷം കെട്ടിയാടുന്ന ഇവളഭിസാരിക


ഒടുവിലെന്റെ പാപ ഭോഗങ്ങളിൽ കുരുത്തൊരു കുരുന്നിളം പൈതലിനു
ഒരിക്കലും നിന്റെ നാട്ടുകൂട്ടങ്ങളിൽ, നഗര സായന്തനങ്ങളിലെവിടെയും
ഒരിത്തിരി കരുണയും കനിവും കടാക്ഷവും തെല്ലു നീ നൽകാതെ
ഒരു നുള്ളു വിദ്യാ ഭിക്ഷ പോലും ഉള്ളറിഞ്ഞു പകർന്നേകാതെ
ഓടിച്ചു വിട്ടതിൻ കാരണമെന്നിൽ കെട്ടിവയ്ക്കുക, ഞാനഭിസാരിക


ഇനിയെന്റെ നാൾവഴികളിലെല്ലാം മുഴച്ചു നിന്നാ നാമം
ഇത്രമേലെന്നെ വീർപ്പു മുട്ടിച്ചൊടുക്കിയ ശേഷവും
ഇക്കണ്ട കാലമെല്ലാം ഞാൻ കഷ്ടകാണ്ഡം താണ്ടി വലുതാക്കിയ
ഇവളെന്റെ മകളെയും നീയതേ വെറിപൂണ്ട കണ്ണുകൊണ്ടേ
ഇനിയളന്നാരതിയുഴിഞ്ഞ് നിൻ കെടുകെട്ട രതിഭ്രമ
ഇക്കിളികൾക്കു പാത്രമാക്കാൻ തുനിയവേ അറിയുക
ഇവിടെ ഞാനാടിത്തിമിർക്കുമൊരു രുദ്ര താളം ഭയാനകം
ഇറ്റിറ്റുവീഴുമതിൽ കാലമെല്ലാം നിന്റെ നിണവും നെറികെട്ട നടനവും

wwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwww

2012, മാർച്ച് 6, ചൊവ്വാഴ്ച

പ്രകടനം


ഒരു കനലെരിയുന്നു, കത്തിപ്പടരുന്നു, വിഴുങ്ങുന്നു
എന്റെ മനസ്സിനെ, ഊർദ്ധശ്വാസമിടും വ്രണിത മോഹങ്ങളെ
ശങ്കരന്മലയൊട്ടുക്ക് തീ പടരുന്നു, നക്കിത്തുടയ്ക്കുന്നു
ആർത്തു ചിരിക്കുന്നെന്റെ മക്കൾ
പുതു തലമുറയവർക്കെന്തുമേതും
പുളകം കൊള്ളുവാനുള്ള കാര്യമല്ലോ
ജനം കാഴ്ച കാണുന്നു, കൗതുകം കൂറുന്നു
എഴുപത്തഞ്ചിനു ശേഷമിതാദ്യത്തെയനുഭവം
അറിയാമെനിക്കെന്റെ നാടിൻ
കാവൽ നായ്ക്കളുടെ വിലാസവും
വിവരണപ്പട്ടികയിൽനിന്നവരുടെ നമ്പറും
ഡയൽചെയ്ത മാത്രമുതലൊടുക്കം വരെ
ചിലയ്ക്കുന്നു ടെലിഫോൺകിളി വ്യർത്ഥമായ്
എന്റെയാധികണ്ടെന്റെ വേപഥുകണ്ട്
ഭാര്യയിരിക്കുന്നൊരു മൂലയിൽ, ഉണ്ട്
തെല്ലു പരിഹാസമവൾ നോട്ടത്തിലും വാക്കിലും
ഒടുവിലൊരുകണമങ്ങേത്തലയ്ക്കൽ
ഏമ്പക്കമിട്ടേമാന്റെ ഘനശബ്ദം
ഒരു മുട്ടൻ തെറി, ഭത്സിച്ചുകൊണ്ടൊരു ചോദ്യം
കുശലം പറയുവാൻ വിളിക്കുവാനെന്തിതു
അമ്മായിയപ്പന്റെ വീടെന്നു നിനച്ചുവോ
ഉണർത്തി ഞാനെന്റെ പേരു വിവരം
മാധ്യമ കോലാഹലങ്ങൾക്കിടയിലെന്റെ സ്ഥാനം
കാലു പിടിക്കുവാൻ ഞാനൊരുക്കമാണേമാനേ
കാടിനെയൊന്നായ് തീയൊടുക്കും മുൻപ്
കാര്യമാത്ര പ്രസക്തമായ് ചെയ്ക വല്ലതും
എന്തു ചെയ്യാൻ ഡ്യൂട്ടിക്കു ഞാനുണ്ട്, കൂടെ
എന്തുമേതും തിരിയാത്തൊരു പുത്തൻ വനിതയും
നാടിനെ കാക്കാൻ പ്രതിജ്ഞ കൈകൊണ്ടൊരു
നല്ല മന്ത്രിപുംഗവൻ നഗരം കീഴടക്കിയിന്ന്
പ്രകടനം ചെയ്യുന്നതതറിയുന്നില്ലയോ ?
മുട്ടി ഞാനധികാരധാർഷ്ട്യക്കൊടി
ഉയർന്നു നിൽക്കുന്നയോരോ വാതിൽപ്പടികളും
ഉത്തരം പലതാണു കിട്ടിയതെനിക്കെങ്കിലും
ഉണരുന്നു ഞാനതിലെല്ലാമൊരേ നിഷേധസ്വരം
കത്തിക്കയറുന്നു മന്ത്രി വികാര വിക്ഷോഭമായ്
പ്രകൃതിക്കിണങ്ങുന്ന ജീവിതം, ഓസോൺ പാളികൾ
ലോകതാപനം, കുടിവെള്ള ക്ഷാമം അങ്ങനെ
എത്തിയൊടുവിൽ ഞാനാ ഗസ്റ്റ് ഹൗസിൽ തിരു സന്നിധേ
ഉണർത്തിച്ചു കാര്യം എന്തെങ്കിലും ചെയ്യണം
ആലോചിക്കുവാനില്ലിനിയൊരു മാത്രപോലും
ഉണ്ട്, ഖദറിട്ട കോലങ്ങൾ മുപ്പതുമതിലധികവും ചുറ്റും
ഉണ്ടെന്നു സംശയമൊന്നിനെങ്കിലും നൽ ബോധം
എന്നിൽനിന്നുയർന്ന വാക്കിൽനിന്നൊരക്ഷരമെങ്കിലും
വേർതിരിക്കുവാനുൾക്കൊള്ളുവാനാവില്ലൊരുത്തനും
പരിഹാസച്ചിരികളും പുകച്ചുരുളുകളും താണ്ടി
പച്ചമണ്ണിലേക്കു ഞാൻ വീണ്ടുമിറങ്ങവേ
പകയില്ല പരാതിയില്ലൊരു പാതി വികാരം പോലുമില്ല
എന്നിൽ നിറയുന്നതൊരു തരം ശൂന്യത മാത്രം
ഫണ്ടും പദ്ധതികളും പകൽ വെളിച്ചത്തിലിനിയും വരും
പങ്കെന്റെതെന്തതിൽ കയ്യിട്ടുവാരാനെന്നതേ
പുലരുവോളം നിനച്ചിടേണ്ടൂ ഞാൻ, അല്ലാതെ
പ്രകൃതി സ്നേഹവും പിണ്ണാക്കും പകരില്ലെനിക്കൊരു
പത്തുകാശും പ്രശസ്തിയും പട്ടു കൗപീനവും
എരിഞ്ഞൊടുങ്ങട്ടെയോരോ പുൽനാമ്പും പാരിലെ
വെളിവായിടട്ടെ അവ്വിധമെങ്കിലുമിടയിലെ
കളകൾ ഉയർന്നൊരു കള്ളിമുള്ളായ്
ഉലകമൊടുക്കുവാൻ ഉയർന്നു നിൽക്കുന്നുവെന്ന്

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

അവളെന്റെ മകളായിരുന്നു. . .

കൃഷ്ണാ, നാമൊരേ ചില്ലയിൽ പൂത്തവർ നാമരൂപങ്ങളഴിഞ്ഞവർ, പഥിതർ ഒരേ സൂര്യന്റെ കടും തപം മോന്തിയോർ ഒന്നിച്ചൊരേ കുടയിൽ നനഞ്ഞവർ നീയെന്റെ കണ്ണാ, ...