2012, ഏപ്രിൽ 17, ചൊവ്വാഴ്ച

സൽവ, അഫ്രീൻ,ഇനി. . . ?


ഞാൻ - ആട്ടിൻതോലെത്രയണിഞ്ഞിട്ടും
എന്നെ മറയ്ക്കാനാവാത്ത ചെന്നായ
എന്റെ ദംഷ്ട്ര
കളിലെത്ര ഒളിക്കാൻ ശ്രമിച്ചീടിലും
തെളിഞ്ഞു കാണുന്ന ചോരപ്പാടുകൾ
വസൂരിക്കുത്തുകളെന്റെ മുഖത്തിന്റെയല്ല
കാമം തീണ്ടിയ മനസ്സിന്റെ സാക്ഷ്യപത്രം
കഷണ്ടിയേറിയ തലയിൽ തെളിയുന്നത്
വരണ്ട വികാരങ്ങൾ പുകയുന്ന ചിന്തകളുടെ രേഖകൾ


പെങ്ങളെന്നു നിന്നെ ഞാൻ സസ്നേഹം
പേരെടുത്തു വിളിക്കുന്ന നേരവും
പെണ്ണാണു നീയെന്നതൊന്നു മാത്രമാണു

പേപിടിച്ചെന്റെ മനസ്സിൽ നിൽപതുള്ളൂ


കാന്തക്കല്ലെത്ര ഊക്കോടെയൊരു കഷ്ണം
കാരിരുമ്പിൻ മേനിയെ തേടുന്നുവോ
കരിന്തിരി പടരാൻ കാത്തുനിൽപാണെങ്കിലുമതിലേറെ
കാമനയെന്നിൽജ്ജ്വലിക്കുന്നു കത്തിക്കയറുന്നു


മാൻപേടയൊന്നൊരുനാളെന്റെ മുന്നിൽ
മിഴിയിൽ കൗതുകം നിറച്ചു മധുരമായ് നിൽക്കവേ
മാമ്പഴം നൽകുവാനെന്റെ മകൾക്കവൾ നീട്ടിയ കൈകളിൽ
മരണം വെച്ചു പകരം രതി തേടുന്നു ഞാൻ


മകളൊന്നെനിക്കു പിറന്നതിൽ പോലും
മുടിഞ്ഞ കാമമൊന്നേ ഞാൻ കാണ്മതുള്ളൂ
മാംസദാഹമൊന്നെന്റെ മകൾക്കു നേരെ
മുളച്ചു പൊങ്ങും മുമ്പേ ഞാനവളെയൊടുക്കിടട്ടെ


സൽവ - നീയെന്റെ ശൗച്യാലയത്തിലൊടുങ്ങിയോൾ
നീണ്ട കണ്ണുള്ളവൾ, നറുനിലാവായൊഴുകുവോൾ
നിയമപുസ്തകത്തിൽ നിനക്കു ഷേബയെന്നു പേർ
നീരണിയാത്ത കണ്ണുമായ് ഞാനാരായുന്നു
നെരിപ്പോടിലെരിക്കുവാൻ മാത്രമായ് ഞാനെന്ത്
നെറികേടു കാട്ടി നിങ്ങളോടായ് അല്പം കാമമല്ലാതെ


അഫ്രീൻ - മകളായ് പിറന്ന നിന്നെ തറയിലടിച്ചു കൊല്ലാൻ
മനസ്സിലെനിക്കു പുത്രഭ്രാന്തത്രയില്ല, എങ്കിലും
മൺപുറ്റുപോലെയെന്നിലനുദിനമുയരുന്ന
മൂത്ത കാമഗോപുരമൊരുനാളെങ്കിലും നിന്നിൽ
മറിഞ്ഞുവീണു നിന്നെ പുൽകിയൊടുക്കും മുന്നേ
മർത്യ നീതിക്കു നിരക്കാത്ത ന്യായം പറഞ്ഞുകൊണ്ടെങ്കിലും
മാറ്റിടട്ടേ നിന്നെയെൻ കരാള ഹസ്തങ്ങളിൽ നിന്ന്


ഇനിയെന്റെ കുമ്പസാരം കേട്ടൊരുവനെങ്കിലും
ഇത്രമേൽ പാപം ചെയ്യാത്തവനെന്ന നല്ലുറപ്പോടെ
ഇക്കണ്ട കാലത്തിനിടയ്ക്കെപ്പെഴെങ്കിലുമെന്നെ
ഇരുത്തി വിസ്തരിക്കാൻ, കല്ലെറിയാൻ തുനിയും മുന്നേ
ഇല്ലയെനിക്കുണർത്തുവാൻ ഇത്രയല്ലാതെ
ഇറ്റുവീഴുവാൻ ഒരിക്കലും ഇടം നൽകാതിരിക്കയെൻ നിണം
ഈ പാവനമണ്ണിൽ വീഴുന്ന എന്റെയോരോ തുള്ളി രക്തവും
ഇനിയുമുയിർത്തേക്കാം ഇതിലും മൂത്ത പാപിയായ് തന്നെ


നിന്റെ കല്ലേറുകൊണ്ടെന്നിലെ കൊടിയ അഹന്ത
നിണം വാർന്നു പോകുന്നതിനു പകരമെൻ കാമദാഹം
നിരർത്ഥമായെൻ ജീവിതം, നിലയ്ക്കാത്ത മോഹം
നാൾക്കുനാളുയരുന്ന പാപ പട്ടിക, പെരും ദാഹം
നീണ്ടുപോകുന്ന കണക്കുകളിലൊന്നെങ്കിലും
നീറിയൊടുങ്ങിയെങ്കിൽ ശേഷമീ നശിച്ച ജീവനും

wwwwwwwwwwwwwwwwwwwwwwwwwwwwww

അവളെന്റെ മകളായിരുന്നു. . .

കൃഷ്ണാ, നാമൊരേ ചില്ലയിൽ പൂത്തവർ നാമരൂപങ്ങളഴിഞ്ഞവർ, പഥിതർ ഒരേ സൂര്യന്റെ കടും തപം മോന്തിയോർ ഒന്നിച്ചൊരേ കുടയിൽ നനഞ്ഞവർ നീയെന്റെ കണ്ണാ, ...