2013, ജനുവരി 11, വെള്ളിയാഴ്‌ച

ശേഷിപ്പ്


ഒമ്പതെഴുത്താണികൾ ചേർത്തു വച്ച്
ഒന്നരത്താളുകൾക്കു മേൽ പ്രണയം കിനിഞ്ഞിരുന്നു
ഓണം വിഷു ഉത്സവപ്പിറ്റേന്നുമെല്ലാം
ഓടി ഞാനൊടുങ്ങാതെ കാമുകവേഷം തിമിർത്തിരുന്നു


പാടവരമ്പിൽ തപം ചെയ്യും വെൺ കൊറ്റിയായ്
പാവന ക്ഷേത്ര നടയിലെ നൽ പോറ്റിയായ്
പരതി നടക്കും നല്ല ചേലൊത്ത ഗോക്കൾക്കു പാലനായ്
പഴമ്പാട്ടു പാടി പലയുള്ളങ്ങളിൽ നിറഞ്ഞിരുന്നു


തിരുവാതിര കർക്കിടകപ്പെരുമഴ പിന്നെ ഞാറ്റുവേല
തിഥിയൊന്നുപോലുമൊഴിയാതെയാണ്ടു മൊത്തം
തിമിർത്തു ഞാനാടിയ തുമ്പുകേടിൻ ആട്ടമെല്ലാം
തിരിച്ചറിയുന്നിന്നു വെറും പേക്കൂത്തുകളായിരുന്നു


എത്തി ഞാൻ നിൽക്കുന്നിന്നെന്റെ വാഴ്വിന്റെ
ഏങ്ങൽ മാത്രം ബാക്കിയുള്ള ദശാസന്ധിയിൽ
എട്ടു ലോകം പൊട്ടി ഞാൻ മുഴക്കിയ കാഹളമെല്ലാം
എരിതീയായ് ഇന്നെന്നെയൊന്നായ് ഉരുക്കിടുന്നു


അറിയുന്നു ഞാനെന്റെയിന്നലെകളിലെയഹന്ത
ആരേയും മതിക്കാതെ ഉയർത്തിയ തലക്കനം
ആർത്തു വിളിച്ചു മദിച്ചു നടന്ന മുൻ നാളുകൾ
അടിപതറിയിന്നിവിടെ വീണു കിടക്കയിൽ


ഇനിയില്ലയാടുവാനൊരു ലഘു നാടകം പോലും
ഇല്ലില്ല വാഴ്വിൽ കിനിയുവാനിറ്റു മധുരവും
ഇക്കണ്ടകാലമൊട്ടുക്കൊടുക്കിയ തിന്മയിൻ ശേഷിപ്പായ്
ഇട്ടേച്ചു പോകുവാൻ ഇത്രമാത്രമീ പാഴ്ത്തടി

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

1 അഭിപ്രായം:

  1. നല്ല കവിത

    (ഫോളോവര്‍ ഓപ്ഷന്‍ ഉണ്ടായിരുന്നെങ്കില്‍ ഫോളോ ചെയ്യാമായിരുന്നു)

    മറുപടിഇല്ലാതാക്കൂ

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...