2013, ഫെബ്രുവരി 21, വ്യാഴാഴ്‌ച

കാരണം


കൂടോത്രം മാരണം കുറിപ്പെഴുത്ത്
കുറ്റമോരോന്നിന്റെ തലയിൽ ചാർത്തി
ഇനി ഞാനൽപമൊന്നുറങ്ങിടട്ടെ
കനകം വിളയുന്ന നിൻ പാടത്തു നിന്നു ഞാൻ
കനിയൊട്ടൊരൽപം രുചി നോക്കിടാതെ
പുഴുക്കുത്തു വീണു മണ്ണിൽ കൊഴിഞ്ഞു വീണ
വിഷവിത്തൊന്നു കഴിക്കുവാൻ പോയ നാളിൽ
വേടനൊന്നെന്നെ മരത്തിൽ തളച്ചിട്ട വേളയെ
കുമ്പസാരക്കൂട്ടിൽ നിന്നു ഞാൻ കരഞ്ഞു പറഞ്ഞിടട്ടെ
ഒടുക്കുവാനെളിതാണെൻ ജീവനെങ്കിലും, എന്നുള്ളിൽ
ഒരു യുഗം മുമ്പേ തപം ചെയ്യുമായിരം വാക്കുകൾ
അവയൊരു നൽ കാവ്യമായ് ഉരുവാകും മുൻപു ഞാൻ
ഒടുക്കുവതെങ്ങനെ എന്നെ സ്വയമങ്ങനെയെളിതായ്
അതിശയമാണെനിക്കോമനേയോരോ നാളുമങ്ങനെ
അതി ശക്തമായ് നീയെന്നെയിത്രമാത്രം ആത്മാർത്ഥമായ്
പ്രണയിക്കുമത്ഭുതം നിറകണ്ണുമായ് നോക്കി നിൽക്കേ
ഇനിയില്ല ഞാനേതു ചെളിക്കുണ്ടിലുമാഴുവാൻ
താമരമലരെത്രയിതൾ വിരിഞ്ഞു നിറഞ്ഞു കാൺകിലും
ഇനി നീയെന്നയുണ്മയൊന്നുമാത്രം വാഴ്വിലെന്നും
ഉയിരായ് കണ്ടു ഞാൻ സ്വസ്ഥമൊന്നുറങ്ങിടട്ടെ

xxxxxxxxxxxxxxxxxxxxxxxxxxxxxxx

2013, ഫെബ്രുവരി 20, ബുധനാഴ്‌ച

ആഭിചാരം


നിന്റെ ആഭിചാരക്രിയകൾകൊണ്ടെന്നെ വീണ്ടും
കടുത്ത പാപഗ്രഹത്തിലേക്കു വശീകരിക്കാതിരിക്ക
തെള്ളിപ്പൊടി തൂവിയ കുമ്പളത്തിൽ ആവാഹിച്ചെന്റെ
ഭ്രമണപഥങ്ങളെ ഒന്നിനൊന്നു കീഴ്മേൽ മറിക്കാതിരിക്ക
തൂശനിലയിൽ നിരത്തിയ തെച്ചിപ്പൂങ്കുലയ്ക്കരികിൽ
മുനിഞ്ഞു കത്തുന്ന ചെരാതിലേക്കൊരിക്കൽക്കൂടി
എന്നെ മനസ്സിൽ കൂടിയിരുത്തി നെയ് പകരാതിരിക്കുക
ഞാനേതു ഗംഗയിൽ മുങ്ങിയും നിന്റെ കൊടിയ
വജ്രാവരണം തകർത്തെറിയാൻ തുനിയുന്ന നേരവും
നിന്റെ സമ്മോഹന മന്ത്രം ഇരുപത്തിമൂന്നാവർത്തി
ഉരുക്കഴിച്ചെന്നെ നിന്നിലേക്ക് ഇണ ചേർക്കാതിരിക്ക
നിന്റെ സർപ്പക്കോലങ്ങളുടെ തിരു ദീപങ്ങൾക്കു നീ
ഇരുണ്ട വർണ്ണം നൽകി എന്നിൽ വിഷമേറ്റാതിരിക്ക
ഞാൻ ഞാനായിത്തുടരുവാനഹന്ത ഉറയഴിച്ചെറിയുവാൻ
എന്റെ പ്രഭു ഭവനം പ്രദക്ഷിണം ചെയ്യുന്ന വേളയിൽ
നീയെന്നെയൊരു മൂഢസ്വർഗ്ഗമായ് നിന്നിലേക്ക് വിളിക്കരുത്
ഇനി ഞാനെന്നെ മറന്നു മതികെട്ട് നഗ്നനായ് വെറും നിലത്ത്
നിന്റെ കാൽക്കീഴിലെന്റെ മാനം അടിയറവെച്ച് വീഴിലും
പിടഞ്ഞെണീക്കുവാൻ ഏതഗ്നിയിൽ കുളിച്ചും വിശുദ്ധനാകുവാൻ
ഒടുവിലെന്റെപശ്ചാത്താപക്കണ്ണീരിൽസ്വയംകഴുകിവിമുക്തനാകുവാൻ
എന്റെ ഉടയോനെന്നെയനുഗ്രഹിച്ചാശീർവ്വദിക്കും നൽവേളവരെ
ഞാൻ നിന്നെ മറന്നുലകം മറന്നു കൺമൂടിയല്പം തപം ചെയ്യട്ടെ

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

2013, ഫെബ്രുവരി 10, ഞായറാഴ്‌ച

വ്യഭിചാരിയുടെ സങ്കീർത്തനം


ഇത് വ്യഭിചാരിയുടെ സങ്കീർത്തനം
വിഭവങ്ങൾ നിഷേധിക്കപ്പെട്ടവന്റെ വേദ പുസ്തകം
യാക്കോബും ഔസേപ്പും നോഹയും കടന്ന്
ക്രൂശിക്കപ്പെട്ടവന്റെ പതിനൊന്നാം വചനം
മുന്തിരിച്ചാറുമുഗ്രൻ വീഞ്ഞും മൂറിൻ തൈലവും
അരുവിയായ് ചുറ്റുമൊഴുകുന്ന കാലമൊക്കെയും
ഇറ്റു ദാഹജലം പോലുമേകാതെ നിർദ്ദയം
കെട്ടിയിട്ടു ചാട്ടവാറുകൊണ്ടുഗ്ര താഢനം കൊണ്ട
അഭിനവ യൂദാസിന്റെ അന്ത്യ രോദനം


ഇന്നെന്റെ ജീവിതം പുതിയ താഴ്വരയിലാണു
ഇരട്ടക്കപ്പികൾക്കിടയിൽ ഞാണു കിടക്കുന്ന കയർത്തുമ്പിൽ
അപ്പവും വീഞ്ഞുമിറങ്ങി വരുമെന്ന മൂഢ സ്വപ്നത്തിൽ
കാലമെല്ലാം ആകാശ കോണിലേക്കു കണ്ണുനട്ടിരിക്കേണ്ട
ഗതികെട്ട വേഷം ആടിത്തീർക്കുന്ന നരക താഴ്വരയിൽ
ഗോലാൻ കുന്നുകൾ കുപ്പിയിലൊതുക്കാമെന്ന ആവേശത്തിലൊരു
ഗോലിപോലും നേടാതെ കുപ്പയിലെറിയപ്പെട്ട ജീവിതം


നിങ്ങൾ നിങ്ങളായ്ത്തന്നെയിരിക്കട്ടെ- പാപം ചെയ്യാത്തവർ
നാലു ദിക്കിലും നിന്നെന്നെ അതിക്രൂരം കല്ലെറിയുക, വീഴ്ത്തുക
പൊട്ടിയൊഴുകട്ടെയെന്റെയഹന്തയും കെടുകെട്ട വാഴ്വൊക്കെയും
എങ്കിലുമുറക്കെ വിളിച്ചു കൂവട്ടെ ഞാൻ സധൈര്യം പിന്നെയും
മൂന്നാം പക്കം കഴിഞ്ഞുപോകിലുമൊരിക്കലുയിർക്കും ഞാൻ
തെറ്റായൊന്നും ചെയ്തിട്ടില്ലെന്നെന്റെ സത്യം തകർത്തെറിയും
നിങ്ങൾ കുടികൊണ്ട് കയ്യാണ്ടുവരുന്നവെറുപ്പിൻന്യായാസനങ്ങളെ

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx
 

അവളെന്റെ മകളായിരുന്നു. . .

കൃഷ്ണാ, നാമൊരേ ചില്ലയിൽ പൂത്തവർ നാമരൂപങ്ങളഴിഞ്ഞവർ, പഥിതർ ഒരേ സൂര്യന്റെ കടും തപം മോന്തിയോർ ഒന്നിച്ചൊരേ കുടയിൽ നനഞ്ഞവർ നീയെന്റെ കണ്ണാ, ...