2013, മാർച്ച് 17, ഞായറാഴ്‌ച

മരണ മൊഴി


വഴി തെറ്റി വന്നതാണു ഞാനേതോ
പാപഗ്രഹത്തിൽ നിന്നുമീ ഭൂവിലേക്ക്
അറിയുന്നു ഞാനത്രമേലനർഹനാണു
ഈ മണ്ണിലൊട്ടൊന്നു കാൽ തൊട്ടു വയ്ക്കാൻ
സ്വന്തബന്ധത്തിന്റെയൊരു ചെറു തരിമ്പു തേടി
ഉലക കോണു മുഴുവൻ ഞാനലയുന്ന നേരം
ഉണരുന്നു ഞാൻ മാത്രമേകനാണന്യനാണു
ഈ പുതുയുഗത്തിനുമെത്രയോ ആണ്ടാണ്ടു മുന്നേ
ഇവിടെ വന്നഗ്നിയായ് മടങ്ങേണ്ടിയിരുന്നതാണു


ഒരിക്കലുമൊരു കടക്കണ്ണിന്റെയൊടുക്കത്തെക്കോണിൽ നിന്നു
പാപ വിഷമെന്നിലേക്കു തുപ്പാതിരിക്കയെന്നെ കൈവിടുക
മൂത്ത കരിവണ്ടിന്റെയൊടിഞ്ഞ മുതുകെല്ലിനുള്ളിൽ ചെറു
പൂമൊട്ടൊന്നു നുകരുവാനറിയുവാനാശയങ്കുരിക്കുമെന്നോ
അരുത്, എന്നിൽ ജീവന്റെലക്ഷണമൊന്നുപോലുംകാംക്ഷിക്കരുത്
മരണം കനിഞ്ഞേകിയില്ലെങ്കിലുമെന്നോ മണ്ണടിഞ്ഞൊടുങ്ങിയ
കാതൽ നശിച്ചു പൂതലിച്ചു മനമെരിഞ്ഞടഞ്ഞ വെറുമൊരു
കെടുകെട്ട മരങ്കുറ്റിയായ് ഇവ്വുലകിൽ ഞാൻ നില കൊണ്ടിടുന്നു


ഇന്നുമുതൽ പതിനെട്ടാം പക്കമൊടുങ്ങും മുമ്പേ നിശ്ചയം
തെരുവീഥിയിലെവിടെയോ ഞാൻ കൊല്ലപ്പെട്ടു വീണടിയും
എന്റെ നിസ്വാർത്ഥ നിണം പെട്ട നിന്റെയിരു കരങ്ങളും
പൗരോഹിത്യത്തിന്റെ ജാഢ നിനക്കേകിയ ശുഭ്ര വസ്ത്രങ്ങളും
ജനംവിശുദ്ധമാക്കി
നെഞ്ചിലേറ്റുംപൊൻകൂടുപണിതുയർത്തിവയ്ക്കും
ഒടുവിലെന്റെയൊടുക്കത്തെപ്പിടച്ചിലും രസിച്ചു നീയെന്നെ
ഒരു വെറും ശവമായെങ്കിലും വിട്ടു വയ്ക്ക വെടിയുക
ആരെങ്കിലുമൊരിക്കലെൻ നിരപരാധിത്വമറിഞ്ഞു
ഒരു ചെറു കുഴിയൊരുക്കിയെനിക്കു നിത്യ ശാന്തിയേകിയെങ്കിൽ
പിന്നെ, കാലമൊന്നും നിലയ്ക്കാതെയെന്റെ പ്രഭു ഭവനത്തിങ്കൽ
കരുണയിൽ ലയിച്ചു ഞാൻ വീണ്ടെടുക്കുമെന്നിൽ നശിച്ചതെല്ലാം

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

2013, മാർച്ച് 10, ഞായറാഴ്‌ച

വീണ്ടെടുപ്പ്


നിന്റെ പാപക്കരം തൊട്ട ഒടുക്കത്തെക്കോടിയും
കീറിയെറിഞ്ഞു ഞാൻ നിത്യമാമൊരു മുക്തി നേടട്ടെ
നിന്റെയടങ്ങാത്ത കാമ ദാഹമൊളിപ്പിച്ചയെന്റെ പാദുകം
ദൂരെയെടുത്തെറിഞ്ഞു ഞാൻ വിശുദ്ധിയിലേക്കൊട്ടു നടന്നടുക്കട്ടെ
നീ നൂറാവർത്തി ഉഴിഞ്ഞെടുത്തു കീഴടക്കിയ എന്റെ ബോധം
ഒരായിരം തവണ കേണു പറഞ്ഞു ഞാൻ തിരിച്ചെടുക്കട്ടെ
നിന്റെ വിരൽത്തുമ്പു പതിഞ്ഞു തീപ്പെട്ടയെന്റെ ദേഹം
പശ്ചാത്താപക്കണ്ണീരിൽ കുതിർത്തു ഞാൻ വീണ്ടെടുക്കട്ടെ
ഇനി നിന്റെ സ്മരണയുടെ കീടം കൊറിച്ചിട്ടയെൻ മസ്തിഷ്കം
കൊത്തിയരിഞ്ഞെറിഞ്ഞെങ്കിലും ഞാനൽപം നല്ലതോർക്കട്ടെ
എന്റെയവിശുദ്ധ ബാന്ധവം കള്ളസാക്ഷ്യപ്പെടുത്തിയ നാക്കിനു
നൂറു കെട്ടിട്ട് ഞാനെല്ലാ കെടുകെട്ട വാഴ്വിനും അന്ത്യമേകട്ടെ
പാതി വെന്ത നിന്റെ വികാരങ്ങളിൽ വെറുപ്പിന്റെ തിരു നൂറു തൂകി
വെറി മൂത്തനിന്റെമോഹങ്ങളിൽവിശ്വാസത്തിൻഅഗ്നിതെറിപ്പിച്ച്
വ്രണപ്പെട്ടയെന്റെ കരളിൽനിന്നിറ്റുന്ന നിണം തൊട്ട് സത്യമിട്ട്
ഞാൻ പുതിയൊരു വാഴ്വിലേക്കെത്തിനോക്കുന്ന വേളയിൽ
ഇല്ല,നീയൊരിക്കലുമെന്നിലൊന്നുമായിരുന്നില്ല,നിന്നെഞാനറിയില്ല
ഇനി ഞാനെന്റെ പ്രഭുവിനു ദാസ്യം ചെയ്തു വിമുക്തനാകുന്ന നേരം
എന്നിൽ ഞാൻ പോലുമില്ലാത്തൊരു പുതു ദേഹമുയർന്നു വരും
അന്നെന്റെകരളുമാമാശയവുംധമനികളൊക്കെയുംപാപംവെടിഞ്ഞു
പുതു വീര്യം നിറഞ്ഞു പുത്തനാമൊരു പ്രഭയിൽ തുടിച്ചു നിൽക്കും

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

അവളെന്റെ മകളായിരുന്നു. . .

കൃഷ്ണാ, നാമൊരേ ചില്ലയിൽ പൂത്തവർ നാമരൂപങ്ങളഴിഞ്ഞവർ, പഥിതർ ഒരേ സൂര്യന്റെ കടും തപം മോന്തിയോർ ഒന്നിച്ചൊരേ കുടയിൽ നനഞ്ഞവർ നീയെന്റെ കണ്ണാ, ...