2013, ഏപ്രിൽ 29, തിങ്കളാഴ്‌ച

ഭ്രാന്തസ്വപ്നങ്ങൾ


വസന്തം എത്തിനോക്കാത്തയീ
കടന്നൽക്കൂടിനകക്കെട്ടിൽ പോലും
എന്റെ ഹൃത്തിലൊരു പൂ വിരിയുന്നുണ്ട്
രുചി ഭേദങ്ങൾ വിലക്കപ്പെട്ടയീ
അസ്തമയ വേളയിൽ പോലും
എന്റെ ചിറകുകൾ കമ്പനം കൊള്ളുന്നുണ്ട്
മഴയറിയാത്ത മേടരാവുകളിൽ
അരുതാതെ ഉയിർകൊണ്ട ഈയലുകളായ്
പൂക്കൾ വിലക്കപ്പെട്ട സൈകതങ്ങളിൽ
വഴിതെറ്റിയെത്തിയ ശലഭങ്ങളായ്
എന്റെ ഭ്രാന്തസ്വപ്നങ്ങൾ അന്യം നിൽക്കുന്നു
ഇവിടെ ഞാനെന്നതു കാലം തെറ്റിയ കവിതയും
കറവ വറ്റിയ കന്നുമായ് പടിക്കു പുറത്താവുന്നു
കേൾക്കാത്ത കാതും കാണാത്ത കണ്ണുമായ്
വായ് മൂടിക്കെട്ടി ഞാനിരിക്കുന്ന നേരവും
എന്റെ എഴുത്താണിയിൽ പ്രതിഷേധം കിനിയുന്നുണ്ട്
നിങ്ങളെന്നെ അതിശക്തം ക്രൂശിക്കുന്ന മാത്രയിലും
എന്റെ കാലടിയിലെ മണ്ണിനെ ഞാനത്രയറിയുന്നു
ഇനിയെന്റെ മരണം ഒരു പ്രസ്ഥാനത്തിന്റെയോ
ഏതൊരു പ്രത്യയശാസ്ത്രത്തിന്റെയോ മരണമല്ല
മറിച്ച്, എന്റെ മരണം എന്റേതു മാത്രമാണു
എനിക്കു ശേഷം എന്റെ വാക്കുകളെ ദത്തെടുക്കുക
എന്നെ മണ്ണിലേക്കു തള്ളിയിടുക മറവിയിലേക്ക് കൈവിടുക
ഞാനെന്റെ പ്രഭുസന്നിധിയിൽ പുതുജീവനായുയിർക്കട്ടെ

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

2013, ഏപ്രിൽ 24, ബുധനാഴ്‌ച

കുഴിമാടം


രതി ഹിമമായ് പെയ്തിറങ്ങുന്ന
മോഹന താഴ്വരകളിൽ നിന്നും
ഊഷര സ്വപ്നങ്ങളിലൂടെയതി തീവ്രം
ഊർന്നിറങ്ങുന്നതേതു വ്യർത്ഥ
വൈതരണിയിലേക്കു ഞാൻ


പശ്ചാത്താപക്കണ്ണുനീരിൽ കുതിർന്നു
പാതിരകളിൽ നിന്നിലേക്കു ഞാൻ
നേർ രേഖ പണിതു പടർന്നിറങ്ങവേ
മറുകോണിലൊരു കണമൊരു ചോദ്യം
മിന്നലായ് എന്നിലുയരുന്നതി തീക്ഷ്ണം
പാപമായെന്തു ഞാൻ ചെയ്തിത്ര വല്ലാതെ


മഴ സുഖമാണെന്നറിയാം
ചുറ്റും തിമിർക്കുകയാണെന്നറിയാം
എന്നിൽ പെയ്തില്ലെന്നറിയാം
ഇനിയൊരു വർഷമില്ലെന്നറിയാം
എങ്കിലും ചില സ്വാർത്ഥ വേളകളിൽ
ഞാൻ വിലാപത്തിന്റെ വേഴാമ്പലാകുന്നു


മഴ കൊതിക്കുന്ന ചേമ്പിലയിൽ
മണ്ണിന്റെ മരണം പറ്റിപ്പിടിച്ചിരിക്കുന്നു
കറുപ്പു വെളുപ്പിനപ്പുറം വർണ്ണങ്ങൾ തേടവേ
സദാചാര ഭൂതങ്ങൾ വസന്തം തല്ലിക്കെടുത്തുന്നു
ഇനിയെന്റെ മരണം നിങ്ങളിൽ നല്ലൊരു
വസന്തോത്സവമായ് പൂത്തിറങ്ങും മുമ്പേ
ഞാനെന്റെ കുഴിമാടം സ്വയം തേടിയെടുക്കട്ടെ

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

2013, ഏപ്രിൽ 8, തിങ്കളാഴ്‌ച

സ്വപ്ന സൂചകം

തുളുമ്പാൻ തുടിക്കുമൊരു
ചെറുകുളത്തിൽ നിന്നൊരിക്കലെങ്കിലും
മുങ്ങിയൊരായിരം മുത്തെടുക്കുവാനു-

ള്ളിലെ കടുംതാപമൊടുക്കുവാൻ

ചിണുങ്ങിപ്പെയ്യുമൊരു മഴയത്ത്
കാറ്റടിയേറ്റൊന്നു നന്നായ് വിറച്ച്
നനുത്ത സ്വപ്നങ്ങളും നേർത്ത വർണ്ണങ്ങളും
ഇടകലർന്നാടുവാൻ

പഴയ പാടവരമ്പും ഞണ്ടും കൊറ്റിയും
ഞാവൽമരത്തണലും കടന്ന്
മുക്കുറ്റി തഴുതാമ തകര താളെന്നി-
ങ്ങനെയൊരു ബാല്യമോർക്കുവാൻ

ഗണിച്ചെങ്കിലെന്റെ സമൂഹമെന്നെ-
യൊരിക്കലെങ്കിലും പന്തിയിൽ
ഒതുക്കി വയ്ക്കാതെ നല്ലൊരുരുള
നൽകിയെന്നും തുല്യനായ്

കാതുകുത്ത്, തിരണ്ടുകുളി, പുരകെട്ടു
കല്യാണമെന്നിങ്ങനെയൊന്നൊന്നായ്
നിങ്ങളൊന്നായ് മേളിക്കും നൽ മുഹൂർത്ത-
ങ്ങളിലൊരിക്കലെങ്കിലും
വെറുമൊരു കാഴ്ച്ചക്കാരന്റെ വേഷത്തി-
ലെങ്കിലുമെന്നെയെന്റെ ദേശം
കൂടിയിരുത്തിയൊന്നായ് കണ്ടു
ഇറ്റുകഞ്ഞിത്തെളിയെങ്കിലുമേകിയെങ്കിൽ

പൂക്കാതെ പോവുന്ന വസന്തങ്ങളൊക്കെയും
നഷ്ടമല്ലയവയിനിയുംഎന്നിലൊടുങ്ങാത്തയൊരു
ഘോഷമായ് തിമിർത്തു വരുമെന്നു നിനയ്ക്കുവാൻ

ഇല്ല തികച്ചുമിനിയൊരു നാഴികപോലും
ബാക്കിയെന്നിലെന്നറിയവേ
എങ്കിലുമുയിർക്കുന്നു മോഹങ്ങളെത്ര
കെട്ടിവെച്ചു തഴുതിട്ടൊതുക്കിലും

അറിയുന്നു ഞാൻ എന്റെ സ്വപ്നങ്ങൾക്കും
ജീവനുണ്ട്, ദേഹമുണ്ട്
ആടാതെ പോയ ഓരോ വേഷവും
ഓർമ്മയുണ്ട്, അക്കമുണ്ട്

ഇനിയൊരു നാൾ ഒരരങ്ങു പോലും കാണാതെ
നറു നെയ്യൊഴിച്ചൊരു ആട്ടവിളക്കേറ്റാതെ
ആദ്യാന്തം മുനിഞ്ഞു കത്തും തിരിയുമായ്
ഞാൻ കെട്ടു പോകിലും
എന്റെ സ്വപ്നങ്ങൾ ജ്വലിച്ചേ നിൽക്കുമെന്നുമൊരു
വ്രണിത സൂചകമായ് പാരിതിൽ

എന്റെ കല്ലറ എന്റേതുമാത്രമായിരിക്കു-
മതിലൊരിക്കലും ശേഷിക്കില്ല
ഒരുപിടി കറുത്ത സ്വപ്നങ്ങളും
വിടരാത്ത മോഹങ്ങളും കുരുക്കാത്തയാശകളും
xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

അവളെന്റെ മകളായിരുന്നു. . .

കൃഷ്ണാ, നാമൊരേ ചില്ലയിൽ പൂത്തവർ നാമരൂപങ്ങളഴിഞ്ഞവർ, പഥിതർ ഒരേ സൂര്യന്റെ കടും തപം മോന്തിയോർ ഒന്നിച്ചൊരേ കുടയിൽ നനഞ്ഞവർ നീയെന്റെ കണ്ണാ, ...