2013, ഒക്‌ടോബർ 30, ബുധനാഴ്‌ച

ഒറ്റുകാരൻ


തിരിച്ചറിവുകളുടെ കാരമുള്ളുകൾ
ഇടവഴികളുടെ വേദനകളാവുന്നു
ചുറ്റും വസന്തമാണെന്നും,വർണ്ണങ്ങളൊക്കെയും
എന്നിൽ മാത്രമേ ഒടുങ്ങിയിട്ടുള്ളുവെന്നും
ആറാത്ത നോവൊന്നു നിവർന്നു നിൽക്കുന്നു
നിറക്കാഴ്ച്ചകൾ കെട്ടുപിണഞ്ഞാടുന്ന മദ്ധ്യാഹ്നങ്ങളിൽ
നരച്ച കറുപ്പുവെളുപ്പു പോലും അന്യമാവുന്നു
നഷ്ടമായ വാക്കുകളും പിടിച്ചെടുത്തെരിച്ച കാവ്യങ്ങളും
ഒരിക്കലും തളിർക്കാതെ കൂമ്പടഞ്ഞു കരിയുന്നു
ഗന്ധകം പെയ്യുന്ന അമാവാസികളിൽ
മാർജ്ജാരവേഷപ്പകർച്ചകൾക്കു മേൽ സദാചാരം പൂക്കവേ
കൊഴിഞ്ഞു പോയതൊരു നിറകൺ നിലാവാണു
പിറക്കാത്ത കവിതകളുടെ ആകത്തുകകളിൽ
വെറുപ്പിന്റെ മൗനം വെന്തെരിഞ്ഞൊടുങ്ങവേ
പൊള്ളലേറ്റതൊരു നാക്കുപറിഞ്ഞ നാഴികമണിയാണു
കരിനിയമമുരുക്കുന്ന പൗരോഹിത്യ മേൽക്കോയ്മകളിൽ
വെള്ളിമൂങ്ങകൾ വാഴുന്ന കമ്പോള നീതികളിൽ
ദാരിദ്ര്യം പുകയുന്ന സാമ്പത്തിക അസമത്വങ്ങളിൽ
ഒറ്റമുറിയിലൊരു ഒറ്റുകാരൻ എത്തിനോക്കും വരെ
നീയെനിക്കൊത്തു ശയിക്കുക, എന്നിൽ വിയർത്തൂറുക
ഉരിയവൻ വന്നു കതവു തട്ടും മുന്നൊരുകണമൊരുമാത്ര
എന്നിലിഴചേർന്നൊരു വിപ്ലവവീര്യത്തിനു ജന്മമേകുക

wwwwwwwwwwwwwwwwwwwwwwwwwwwwwwwwwww

2013, ഒക്‌ടോബർ 20, ഞായറാഴ്‌ച

സഹതാപം


കാലുള്ള നാളിൽ ഉദയം കൊണ്ടതൊരു
കാലണയ്ക്കുപോലുമുതവാത്തവനെന്നറികിലും
ഉദകക്രിയ ചെയ്യാതെ കരുണയിൽ കാലമെല്ലാം
ഊട്ടിയുറക്കി ഉരുവാക്കി വിട്ട മാതൃ മാനസം


വിദ്യയ്ക്കു പകരമൊരു വല്ലം പൊൻചക്രം കൊയ്യും
വല്ലാത്ത നാളിലൊരു ചില്ലി പോലും പറ്റാതെ
കോരിയൊഴിച്ചെന്നിൽ കുറവൊന്നുമില്ലാതെ
കടപ്പെട്ടു കിടക്കുമാ ഗുരു കൃപാ കടാക്ഷം


തേടുവാനില്ല കൂട്ടം കുടുംബം വേണ്ടപ്പെട്ടൊരു ജീവി
തിരിച്ചറിഞ്ഞു ഉണ്മയിതെങ്കിലുമൊരു നരച്ച സായന്തനം
നീട്ടിയ കൈകൾ നൽ നിശ്ചയമോടെ ഗ്രഹിച്ച്
നാളിതു വരെയും പാലിച്ച് കാക്കും നൽപാതി സ്നേഹം


പെയ്യുവാനില്ല അമ്ളമല്ലാതമൃതൊരു കണം പോലുമെന്നിൽ
പകൽ പോലെ തീർച്ചപ്പെടുത്തി കോറിയ രേഖയ്ക്കു മേൽ
ഇടിമുഴക്കി ഇക്കിളിപ്പെടുത്തി ഒരു മാത്രയെങ്കിലും
ഇത്ര കാമനയോടെ പെയ്തിറങ്ങിയ ജാര സംസർഗ്ഗം


അവഗണനയുടെ സമൂഹക്കാഴ്ച്ചകൾക്കിടയിൽ
അംഗീകരിച്ചൊരു എഴുത്താണി നേദിച്ച്
കനിവുടൻ കാവ്യം നെറുകയിൽ വച്ചയെൻ
കരുണാർദ്രമൊരു അജ്ഞാത സൗഹൃദ സംഗമം


സ്നേഹിക്കാതിരിക്കയെന്നിൽ ഒട്ടും സഹതപിച്ചീടായ്ക
സ്തുതിഗീതമോതായ്ക തെല്ലും പരിഗണിക്കായ്ക
എന്നെ ഓർക്കായ്ക വാഴ്ത്തായ്ക ഒതുക്കീടുക
എരിതീയിൽ നിന്നെഴുതിയൊടുക്കട്ടെയീ ദുരന്ത കാവ്യം

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx






 



2013, ഒക്‌ടോബർ 3, വ്യാഴാഴ്‌ച

അന്ത്യ കൂദാശ


അവഗണനയുടെ പനിച്ചൂടിലകംപുറമെരിയവേ
പുതയ്ക്കാനൊരു കമ്പളം മതിയാതെയാവുന്നു
സർക്കാരാതുരാലയത്തിലൊരു നീണ്ട നിരയിൽ
ദുരമൂത്ത മൂർത്തികളുടെ കരുണയ്ക്കു കെഞ്ചവേ
അവകാശ ഔദാര്യ വ്യത്യാസം അറിയാതെ പോവുന്നു
വായുമണ്ഡലമൊട്ടുക്കാർത്തിയോടെ വലിച്ചെടുത്ത്
ജീവൻ കാക്കുവാനിത്തിരി ശ്വാസം തികയാത്ത മാത്രയിൽ
അഹന്തയിൽ ചവിട്ടിയ കാൽപ്പാടുകളൊക്കെയും
തിരിച്ചെടുക്കാനാവാതെ സ്വന്തം നെഞ്ചിൽ പതിക്കുന്നു
ഇനിയെന്റെ സ്മരണയിൽ ബാക്കിവെയ്ക്കുവാൻ
വാലൊടിഞ്ഞൊരോട്ടു കിണ്ടിയും നിലച്ച മണിയൊച്ചയും
ഇപ്പതിറ്റാണ്ടിലൊക്കെയും ചെയ്യാത്ത കാരുണ്യം
ഇനിയീ ഒടുക്കത്തെ വേളയിൽ പകരുവാൻ
ഒരു കണ്ണെങ്കിലും ദൃഷ്ടിയിൽ പതിക്കാതെ പോവുന്നു
മരണമിന്നെന്റെ വാതിൽ മുട്ടിത്തുറക്കാതെ
ശക്തമാ സാക്ഷകൾ മുറുക്കിക്കൊളുത്തുക
എന്റെ ജീവന്റെയന്ത്യ കണമുരിഞ്ഞു പോവാതെ
കാലുകൾ അമർത്തിപ്പിടിക്ക എന്നിൽ നിന്നകലായ്ക
എങ്കിലുമറിയുന്നു ഞാനെന്റെയുൾബോധം മറയും മുൻ
ഒരിക്കലെങ്കിലും നിൻ ഇച്ഛയറിയുവാൻ ക്ഷമ യാചിക്കുവാൻ
കഴിയാതെ പോവുകിലെരിയുമീ ഉലകിൽ ഞാനെരിഞ്ഞതുപോൽ
എന്റെയാത്മാവൊടുങ്ങാത്ത ഇരുൾകൊണ്ട നാളൊക്കെയും


 

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...