2013, ഡിസംബർ 17, ചൊവ്വാഴ്ച

സ്വപ്നം


പാഴ്മോഹങ്ങളുടെ ഭാണ്ഢമഴിച്ച്
പതിരെല്ലാം ശുദ്ധിചെയ്തൊടുക്കണം
കനിയാത്ത മുലപ്പാലിനു പകരംവെച്ച
കണ്ണുനീരുപ്പൊന്നുകൂടി അയവിറക്കണം
കനൽമഴ പെയ്ത ബാല്യങ്ങളിൽ
കരയാൻ മറന്നതെല്ലാം തീർക്കണം
ബന്ധുജനങ്ങൾ പകുത്തുതന്ന വെറുപ്പിന്റെ
വെന്തുതീരാത്ത പകുതിയിനിയുമെരിക്കണം


ദുരിതം വിളയുന്ന താഴ്വരകളിൽ
ദയയില്ലാത്തൊരു മകരക്കൊയ്ത്ത്
പടിയടച്ച് പുണ്യാഹം തെളിച്ച പടവുകളിൽ
പാതിരാവിലൊറ്റയ്ക്കൊരു പുലഭ്യപ്പാട്ട്
തിരിമുറിയാതെ തിമിർത്ത് പെയ്യവേ
തകര,താളുപോലും തിന്നാതെയൊരു കൂത്ത്
ഭ്രമങ്ങളടിഞ്ഞ നീർത്തടങ്ങളിൽ
ഭയംവെടിഞ്ഞൊരു പകൽ നായാട്ട്
ചട്ടം ചമച്ച തമ്പുരാന്റെ ഇല്ലത്ത്
ചായം തേയ്ക്കാതെയൊരു വിധിയെഴുത്ത്
കാലൻകോഴി നീട്ടിക്കൂവുന്നതിനും മുമ്പേ
കണ്ടുതീരാത്ത സ്വപ്നങ്ങൾക്കൊക്കെയും സ്വസ്തി

---------------------

2013, ഡിസംബർ 12, വ്യാഴാഴ്‌ച

അന്ത്യമൊഴി


എനിക്കായ് അറുക്കപ്പെട്ട ബലിമൃഗം
ഒരിക്കലെൻ തെരുവുകളിൽ ഞാൻ കണ്ടെടുക്കും
മരിച്ച സ്വപ്നങ്ങളെ കുഴിയിലിറക്കിവെയ്ക്കും മുന്നേ
ഒരു ശാന്തിഗീതമോതി സ്വസ്ഥമാക്കാൻ
വെറുപ്പിന്റെ മടിശ്ശീലകളിൽ നിന്നു വിമുക്തമായ്
മുടന്തില്ലാതെ സ്വർഗ്ഗനദി കടക്കാൻ
എന്റെ വാക്കുകൾ കടമെടുക്ക,
ഏന്റെ വികലാക്ഷരങ്ങളെ കൂട്ടുപിടിക്ക
മരുഭൂവിലെയൊടുക്കത്തെയൊട്ടകവും ഒഴിയും മുമ്പ്
ഒറ്റവിരൽ പിടിച്ചെങ്കിലും എന്നിൽ പൊറുക്കുക
എനിക്കു വിലക്കിയ വിഭവങ്ങൾ, ഒടുക്കിയ സ്വരങ്ങൾ
എന്നിൽ നിന്നു നീക്കിയ വർണ്ണങ്ങൾ
കൂടെയെടുക്കുകയോ കുപ്പയിലെറിയുകയോ ചെയ്യുക
എങ്കിലും ഒരു നോട്ടംകൊണ്ടെങ്കിലും എന്നെ സ്നേഹിക്ക
ശവമഞ്ചമേറ്റാൻ, മേൽമണ്ണു നീക്കാൻ ഞാൻ കുനിയും മുമ്പ്
എന്റെ കാതുകളിലൊരു സ്നേഹ മന്ത്രമോതുക
വെറുപ്പിന്റെ വാതിലുകൾക്കൊരു സാക്ഷയാവുക
നീയെടുത്തതും ഉടുത്തതും ഉരുവാക്കിയതുമെല്ലാം
നിന്റെ മണ്ണുണങ്ങും മുന്നൊരു മാത്രയിൽ
ഇഷ്ടജനങ്ങളിൽ ചോരപ്പാടു തീർക്കും
ഞാനാവഴിയൊട്ടു വിട്ടു നടക്കട്ടെ, പുതിയ വാക്കു തേടട്ടെ
അതിനുമാത്രമെങ്കിലും എന്നിലൊരു കരുണ പെയ്യുക

oooooooooooooooooooooooooooooooooooo

കവിതതൻ ലക്ഷ്യം കാലക്ഷേപം

പ്രവാചകർ പടിയിറങ്ങുന്ന ഒഴിവിലേക്കാണു ഭൂമിയിൽ കവികൾ ഉദയം കൊള്ളാറുള്ളതത്രേ അശാന്തിയുടെ തീരങ്ങളിൽ ജാതിക്കോമരങ്ങൾ വെറുപ്പിന്റെ ഉല്ക്ക തുപ്...