2014, ഫെബ്രുവരി 24, തിങ്കളാഴ്‌ച

രാഹുകേതു


ആസ്വാദനത്തിന്റെ അന്ധകാര വഴികളിൽ
ഒറ്റുകൊടുക്കാനൊരു കരിമ്പൂച്ച
മുന്തിരിച്ചാറിന്റെ പാനപ്രാപ്തിയിൽ
ചുണ്ടു നക്കിത്തുടയ്ക്കാനൊരു എച്ചിൽപ്പട്ടി
തേരുരുളും വഴികളിൽ കാരമുള്ളു വിതറി
സഹതപിക്കാനെനിക്കൊരു രക്ത ബന്ധു
ആഭിചാര ഗൂഢ തന്ത്രങ്ങൾക്കു നടുവിലായ്
രക്ഷായന്ത്ര വിപണനത്തിന്റെ പൗരോഹിത്യം


വെറ്റിലനാക്ക് തെക്കോട്ട് നീട്ടി
നൂറ്റൊന്നാവർത്തി ശത്രുക്ഷയം ചൊല്ലി
തിരു നൂറു തേച്ച്, തിരി നീട്ടി വെച്ച്
കെടുത്തിക്കളഞ്ഞതെന്റെ മനസ്സെന്റെ ബോധം
ഇനിയെന്റെ ജന്മനക്ഷത്രത്തെയൊട്ടുക്ക്
ഒരു രാഹുവായ് വന്ന് വിഴുങ്ങിക്കളയുക
എന്റെ തലക്കുറി കൊത്തിയെടുത്ത് വലിച്ചിട്ട്
മിണ്ടാതെ ഉരയാതെ നീറ്റിലൊഴുക്കിയൊടുക്കുക


വാക്കു വറ്റി, വസന്തം വെടിഞ്ഞ് വിലക്കപ്പെട്ടവനായ്
നിന്റെ ഗർവ്വിൻ വഴികളിലൂടെ എല്ലാം തുലഞ്ഞ്
ഞാൻ ഭ്രമണം ചെയ്യുന്ന നേരവുമോർക്കുക
കാലമൊടുങ്ങുന്നില്ല ഇന്നെന്ന വെറും നാഴികയിൽ
നാളെ ഗ്രഹണം കഴിഞ്ഞുമുദയം വരുമന്ന്
നേടുമെന്റെ വാക്കും തുടിപ്പും വെളിച്ചം നിശ്ചയം
പൂക്കുമൊരു നൂറു കാവ്യവുമതിലെന്റെ മോഹവും


...............................................
 

അവളെന്റെ മകളായിരുന്നു. . .

കൃഷ്ണാ, നാമൊരേ ചില്ലയിൽ പൂത്തവർ നാമരൂപങ്ങളഴിഞ്ഞവർ, പഥിതർ ഒരേ സൂര്യന്റെ കടും തപം മോന്തിയോർ ഒന്നിച്ചൊരേ കുടയിൽ നനഞ്ഞവർ നീയെന്റെ കണ്ണാ, ...