2014, മാർച്ച് 20, വ്യാഴാഴ്‌ച

നിഷേധാത്മക കവിത

 
കവിത നിഷേധാത്മകമാവുന്നുവെന്നും
കാവ്യഭാവം വല്ലാതെ കയ്പുരസമാണെന്നും
പരുക്കൻ വാക്യങ്ങളെന്നും പരിതഭിക്കുന്ന സുഹൃത്തിനു
വസന്ത നിരാസങ്ങളുടെ നിർബന്ധിത വാഴ്വിൽ
വല്ലപ്പോഴും കിനിയുന്ന കനൽ കൊണ്ട വാക്കുകളിൽ
തെല്ലു മധുരം കാംക്ഷിപ്പതെങ്ങനെ സ്നേഹിതാ
അത്രമേൽ സുഖമാർന്ന മഴ ചുറ്റും തിമിർത്തു പെയ്യവേ
ചെറു ചാറൽപോലുമേകാതെ എന്നെയുരുക്കി വാർക്കയിൽ
വിയർത്തൂറുന്ന കവിത വരണ്ടു പോകുവതേ നിശ്ചയം
വിദൂര പ്രതീക്ഷയുടെ ഒടുക്കത്തെ തുരുത്തും മാർഗ്ഗവും
വൻ തിര വന്നൊഴുക്കിക്കളയുന്ന വേളയിൽ
ആഭിചാരങ്ങളിൽ ശരണം തേടേണ്ട ഗതികേടിൽ
കവിത ആചാര ഔചിത്യം വെടിഞ്ഞുയിർകൊള്ളുന്നു
വേവുന്ന ആശയം ചറം പൊട്ടിയൊഴുകിയൊരു
വ്യഥ തീർത്ത വാക്കുകളിൽ വാർത്തു വെച്ചീടവേ
കത്തുന്ന കവിതയല്ലാതെ മറ്റെന്തു തേടേണ്ടൂ
ഇനിയെന്റെ കവിതയുടെ ഉപ്പും രസവുമുൾച്ചേർന്ന്
നാളെയൊരുനാൾ പുതു ഭാവത്തിൽ പുനർജ്ജനിച്ച്
മാലോകരോർത്തു ചൊല്ലുന്ന നൽ കാവ്യമായ് തീരുമന്ന്
എന്റെ പേരും ശരീരവും മണ്ണെടുത്ത് തീരുമെങ്കിലും
അന്നും മരിക്കാതെ നിലകൊള്ളുമെന്റെ നിഷേധാത്മകത

                                                   


 

2014, മാർച്ച് 10, തിങ്കളാഴ്‌ച

കണ്ണീർ ചിത


തമോ ഗർത്തത്തിൽനിന്നൊരുനാളുമുയരാതെ
എന്റെ നക്ഷത്രത്തെ വീണ്ടും കുത്തിയിറക്കുക
വെളിച്ചം കൺപാർക്കാൻ അവസ്ഥയേകാതെ
എന്റെ നീച ഗ്രഹമൊട്ടുക്ക് കറുപ്പായ് നിറയുക
കരിങ്കൂവളം വളരുന്ന താഴ്വരകളിൽ നിന്ന്
അവഗണനയുടെ കടലിലേക്കെന്നെയൊടുക്കുക
എന്റെ ഭ്രമണ പഥങ്ങളിൽ തീയൊഴുക്കുക
ഇല്ലാത്ത മോഹങ്ങളിൽ എനിക്കു കണ്ണീർ ചിതയാവുക
ശരണവഴികളിലെന്നഭയത്വം പൊളിച്ചെഴുതി
ചുവന്ന മാർഗ്ഗങ്ങളിലെന്നെ വ്യഭിചാരിയെന്നു വിളിക്ക
എന്നെ വെറുക്കുക, പന്തിയിൽ നിന്നു വിലക്കീടുക
പരധാര ബന്ധമാരോപിച്ച് പരസ്യമായ് കല്ലെറിയുക
ഇനിയെന്റെ ഭ്രാന്ത സ്വപ്നങ്ങളിൽ ഭ്രമങ്ങളിൽ
കലങ്ങിയൊഴുകുന്ന പുഴയും ചുവന്നൊരാകാശവും
എന്റെ വഴികളിലെ കൂർത്ത നോട്ടങ്ങളും
എനിക്കെതിരായുയരും പരുത്ത വചനങ്ങളും കടന്ന്
നുരയുന്ന വാക്കുകളിൽ ഹിമം ചാലിച്ച്
വ്രണിത ഹൃത്തിലേക്കാഴ്ന്നിറങ്ങാൻ കരുത്തുള്ള
പുതു കാവ്യമായ് ഞാനുയിർക്കും നൽ നാളുവരെ
നിത്യമീ അന്ധകാരത്തിലിങ്ങനെ വെന്തു നീറട്ടെ

000000000000000000000000

അവളെന്റെ മകളായിരുന്നു. . .

കൃഷ്ണാ, നാമൊരേ ചില്ലയിൽ പൂത്തവർ നാമരൂപങ്ങളഴിഞ്ഞവർ, പഥിതർ ഒരേ സൂര്യന്റെ കടും തപം മോന്തിയോർ ഒന്നിച്ചൊരേ കുടയിൽ നനഞ്ഞവർ നീയെന്റെ കണ്ണാ, ...