2014, ഏപ്രിൽ 28, തിങ്കളാഴ്‌ച

മതിഭ്രമം


പ്രിയേ, നാമിപ്പൊഴും
ഒരേ സ്വപ്നത്തിന്റെ രണ്ടു തന്തുക്കളാണെന്നും
ഒരു നദിയിലൊരേ ഗതിയിലാണെന്നും
ചെറു തിരിയായ് കൽപ്പിച്ചു വെയ്ക്കുക
രണ്ടു വിദൂര ദേശങ്ങളിൽ
വർഗ്ഗ വ്യതിയാനങ്ങളുടെ ഇരട്ട ശിഖരങ്ങളിൽ നിന്ന്
വ്യത്യസ്ത കാലങ്ങളിൽ യാത്രതിരിച്ച്
ചവർപ്പിന്റെ താഴ്വരയിലേക്ക് പറന്നിറങ്ങിയോർ
നിന്റെ മോഹങ്ങളും എന്റെ ഭ്രമങ്ങളുമല്ല
നമ്മുടെ ചിന്തകളാണു സഹശയനമാടിയത്
ഒരേ ചുമരിനിരുപുറം നിന്നു
ഹൃദയവേഗം പകുത്തതും
ഒരു താരാട്ടുശീലിനിടയിൽ വാക്കുകൾ
അമൃതായ് അടവെച്ചു കാത്തതും
ഒരുപകലുമൊമ്പതു രാത്രിയും തീരാ വിഭവങ്ങൾ
ഒറ്റനോട്ടത്തിലൊളിപ്പിച്ച് വെച്ചതും
കാമമല്ല പ്രണയമല്ല ഉദരം പകുത്ത ബന്ധമല്ല
എന്റെ കവിതയും കിറുക്കും നിന്റെ കൂന്തലിലുടക്കി
ജനിതക ഗോവണിപ്പടികളിൽ കുറിച്ചിടപ്പെട്ടത്
ലാവയൂറുന്ന പാപ മനസ്സുകളിൽ
വെറുപ്പ് തളിർക്കുന്ന കാഞ്ഞിരക്കുറ്റികളിൽ
പകപൂത്ത് ഒളികണ്ണെറിഞ്ഞ് ഒറ്റുകൊടുത്തോർ
പേരറിയാത്ത തെരുവീഥികളിൽ
പെരുമ്പറ മുഴക്കി അവിഹിത ബാന്ധവം പാടിയോർ
വാതായനങ്ങളിലൊക്കെയും മുട്ടിവിളിച്ച്
വ്യഭിചാര വേദാന്തമോതിയോർ
മറക്കുകയെല്ലാം എല്ലാം വെറുമൊരു
ഉച്ചമയക്കത്തിനിടയിലെ സ്വപ്നമായ്
ഇനിയും നിന്റെ കിനാക്കൾക്കു വർണ്ണമേകാൻ
എന്റെ വസന്തം കടംകൊള്ളുക
കുറിച്ചിടാതെ പോയ വാക്കുകളും
പിഴുതെറിയപ്പെട്ട ഭ്രൂണങ്ങളും
എന്റെ മതികേടുകളിൽ നിന്റെ രതിരാഗം ചേർത്ത്
പിറക്കട്ടെ പുതു കാവ്യമായ് വീണ്ടും

xxxxxxxxxxxxxxxxxxxxxxxxxxx

1 അഭിപ്രായം:

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...