2014, ജൂൺ 5, വ്യാഴാഴ്‌ച

മരണാന്തം


ഓരോ പകലിനുമപ്പുറം
സായന്തനച്ചുവപ്പിന്റെ ഒടുക്കത്തെ മാത്രയിൽ
ഒരുപൊളി മാത്രം തുറന്ന ജാലകക്കീറിനക്കരെ
ഞാനിന്നും പരതുന്നു നിന്റെ നിഴൽത്തുമ്പ്


അലക്ഷ്യ യാത്രകളുടെ വിജന വീഥികളിൽ
ഒരു മലമടക്കിന്റെയടുത്ത താഴ്വരയിൽ
ചെറുചിരിയായ് നീയെന്നെ കാത്തിരിക്കുമെന്ന്
വിശ്വാസത്തിന്റെയൊരു വലക്കണ്ണി നെയ്യുന്നു


നിലാവ് പൂക്കുന്ന നനുത്ത രാത്രികളിൽ
ഒരു കടുകുപാടത്തിനിരുപുറം ആർദ്രമായ്
അന്നു നാം കവിതകൾ പകുത്തതും
പുരോഹിത വാശികൾ ഓർത്തതും


കൂകിവിളിക്കുന്ന വേദവാക്യങ്ങൾക്കഭിമുഖം
കരളുകീറുന്ന ശുഭ്ര വേഷം പകരാത്ത സാന്ത്വനം
ഒരു കഴഞ്ചെങ്കിലും പകർന്നാടുവാൻ കനിഞ്ഞത്
വ്യഭിചാര ഭാഷയിൽ കൂട്ടിവായിച്ച സദാചാരം


ഇന്നു നിന്റെ മരണത്തിനപ്പുറം പൂക്കുന്ന നരക പാരിജാതം
നിന്റെ കുഴിമാടമെരിക്കുന്ന, ജ്വലിക്കുന്ന അഗ്നി സത്യം
പാതിരകളിലൊരു പാതി മയക്കത്തിലെയാർത്തനാദം
വിശ്വാസം, വേദം വെടിഞ്ഞവളുടെ ശിക്ഷയെന്നോതവേ
ഞാനുണരുന്നു അറിയുന്നു
 പ്രിയ സഖീ വാസ്തവം
അവ നിന്റെ പ്രണയമെൻ സൗഹൃദം നിരന്തരം
പുൽകാൻ തുടിപ്പതിൻ സാക്ഷ്യമല്ലാതെ മറ്റെന്ത് ?

000000000000000000000000000

1 അഭിപ്രായം:

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...