2014, ഓഗസ്റ്റ് 26, ചൊവ്വാഴ്ച

ജീവിത കാണ്ഡം


വികലമീ ആയുസ്സിന്നൊടുക്കത്തെ പ്രഭാതവും
വിദൂരമല്ലാതെ പുലരുവാൻ വെമ്പുമീ വേളയിൽ
വേർതിരിച്ചെടുക്കട്ടെ ഞാൻ വേപഥുപൂണ്ടോടി
വെട്ടിപ്പിടിച്ച ജീവിത സമ്പാദ്യമൊക്കെയും
വന്നു കാത്തിരിക്കുന്നുണ്ടോരോ കവലതോറുമെന്നെ ഞാൻ
വെറുപ്പിന്റെ പാഷാണമൂട്ടി വളർത്തിയ ശത്രുജനമൊന്നാകെ
പ്രണയമെന്ന പാവനത്രയാക്ഷരങ്ങൾക്കുമപ്പുറം പിന്നെയും
പെരുത്ത മാംസദാഹം മൂത്ത് ഞാൻ കൊണ്ട ദേഹമെല്ലാം
പിണമായ് തൂങ്ങിയാടുന്നുണ്ടെന്റെ നേർ ജീവിതച്ചില്ലയിൽ
വീരവാദം മുഴക്കി ഞാൻ മൂത്തയഹന്തയും ഗർവ്വുമായ്
വീൺവാക്കിൻ വന്മതിലേറി വീഴ്ത്തിയ ബന്ധുജനമത്രയും
വിളക്കിച്ചേർക്കാനാവുന്നതിലുമപ്പുറമകലേക്ക് എന്നെവിട്ട്
വിലകിപ്പോയതെന്റെ വാഴ്വിൽ ഞാൻ കണ്ട പെരും നേട്ടം
പിന്തുടർച്ചയ്ക്കായ് തന്റെയനന്തരം ഭൂമിയിൽ പ്രിയമോടെ
പെണ്ണോ പുരുഷനോ അതെന്തുതന്നെയാകിലും
പിള്ളയൊന്നു വേണമെന്നു കൊതിച്ചു ജന്മമെല്ലാം
പുണ്യഭൂവിൽ മാലോകരൊക്കെയും പൂവിട്ടു വണങ്ങവേ
ഭ്രൂണഹത്യയ്ക്കൊരൊറ്റമൂലി തേടി ഞാൻ കാലമാകെ
ഭ്രമണം ചെയ്ത തോട്ടം തൊടി പാന്ഥാവതത്രയും
ഭ്രമമൊടുങ്ങിയയീ മാത്രയിൽ തിരിച്ചറിയുന്നു ഞാൻ
ബ്രഹ്മാവു കൊതിക്കിലും പൊറുക്കയില്ലെന്നോടീ ജന്മം
പാനപാത്രമൊന്നിരിപ്പൂ എന്റെ കൈവെള്ളയിൽ
പകരാതെ നൽ വിഭവമൊന്നുപോലും സ്വന്തമായ്
പരന്റെ പാഥേയം കയ്യിട്ടു വാരി ഞാൻ നിത്യവും
പാരിലെ സ്വാസ്ഥ്യം കെടുത്തിയതെന്റെ മിച്ചപത്രം
ഇനിയില്ലയില്ലയെൻ വാഴ്വിലൊരു മാത്രപോലും
ഇക്കണ്ട കാലമെല്ലാം കെടു കൂത്താടിത്തിമിർത്ത
ഇരുണ്ട നാളിനെയൊന്നു തിരുത്തിച്ചൊല്ലാൻ
ഇട്ടേച്ചുപോകുവാനാർക്കും വേണ്ടാത്തയീ വാക്കു മാത്രം
ഒടുങ്ങട്ടെ ഞാനൊരിക്കലുമൊടുങ്ങാത്ത
ഒരിളം കവിതയെ പാതി വഴിയിൽ നിർത്തി
ഓർക്കാതിരിക്ക ഒരിക്കലുമീയെന്നെ വീണ്ടും
ഓതുവാൻ ബാക്കിയാക്കുന്നു ഞാനെന്റെ കാവ്യം

00000000000000000000000000000

അവളെന്റെ മകളായിരുന്നു. . .

കൃഷ്ണാ, നാമൊരേ ചില്ലയിൽ പൂത്തവർ നാമരൂപങ്ങളഴിഞ്ഞവർ, പഥിതർ ഒരേ സൂര്യന്റെ കടും തപം മോന്തിയോർ ഒന്നിച്ചൊരേ കുടയിൽ നനഞ്ഞവർ നീയെന്റെ കണ്ണാ, ...