2015, ഫെബ്രുവരി 19, വ്യാഴാഴ്‌ച

നിരർത്ഥകം


ഒരു സമുദ്രമെന്നു ഞാൻ
തീർത്തു സങ്കൽപ്പിക്കുന്നു
രൗദ്ര ഭാവത്തോടെ ആഞ്ഞടിക്കുന്നു
എങ്കിലുമുണരുന്നു സത്യം
ഒരു ചെറു അരുവിയായ് പോലും
ഒഴുകുവാനരുതാതെ ഒടുങ്ങുകയാണെന്ന്
നിരാസത്തിന്റെ രതി മേടകളിൽ
അതി രൂക്ഷം ഉറ്റു നോക്കുന്നു
വർഷിക്കാത്ത അമൃത കുംഭങ്ങളിൽ
അവജ്ഞയുടെ തിരശ്ശീലകളിൽ
കണ്ണെടുക്കാതെ കാത്തിരിക്കുന്നു
എങ്കിലുമറിയുന്നു വാസ്തവം
സൂക്ഷ്മ ദർശനത്തിന്റെ
ആദ്യ കിരണങ്ങളിൽ തന്നെ
തണ്ടൊടിയാനും തളർന്നടിയാനും
അത്രമേൽ നിരർത്ഥമെന്റെ കൗതുകം
ഒരു യുഗം ഞാൻ വേഴാമ്പലാകുന്നു
ഒരായുസ്സൊട്ടുക്ക് തീറെഴുതുന്നു
ജന്മ ലക്ഷ്യങ്ങളിൽ നിന്ന് അസ്തമിക്കുന്നു
ഒരു മാത്ര മാത്രം കാതലാവുന്നു
ഇനിയെന്റെ വിഷ ബീജമെല്ലാം
നായ്ക്കും നരിക്കുമുതവാതെ
കഴുതയായൊഴുകിത്തീർന്ന്
കറ തീർന്നെന്നെ കാർന്നു തിന്നുന്ന
കാമ കളങ്കമെല്ലാം കരിഞ്ഞ്
പുതു യൗവ്വനം തിരിച്ചെടുക്കുമൊരു
നൽ നാളുവരുമന്ന് നിശ്ചയം
കവിതയെന്നിൽ പൂത്തു നിൽക്കും
പടരുമതിന്റെ സൗരഭ്യം കാലമെല്ലാം

ooooooooooooooooooooooooooooo

2015, ഫെബ്രുവരി 9, തിങ്കളാഴ്‌ച

സഹോദരൻ


വിഭവങ്ങളുടെ പെരുങ്കൂനയിൽ നിന്ന്
നീ ഹലുവാ കഷ്ണം പെറുക്കിയെടുക്ക
ഉണക്ക മത്സ്യം എനിക്കായ് നീക്കിവെച്ച്
പള്ളിമേടയിലും അൽത്താരയിലും കയറി
തൊണ്ട കീറി സമത്വം പ്രസംഗിക്കുക
നിനക്കു ചരിക്കാൻ തങ്കത്തേരൊരുക്കി
കോവർ കഴുതയെ എനിക്കു വിട്ടേക്കുക
സ്വർലോകത്തേക്ക് ളോഹയിട്ട് നീ മാത്രം പോവുക
രക്ത ബന്ധങ്ങൾക്കിടയിൽ നിത്യവും
നീ വിശുദ്ധി പ്രാപിക്കുവാൻ വേണ്ടി
എന്റെ ദുർ വാർത്ത പെരുമ്പറ കൊട്ടുക
നാട്ടു കവലയിൽ നിനക്ക് നല്ലൊരു
കണ്ണാടിക്കൂടും രൂപവും പണിത്
തെമ്മാടിപ്പറമ്പിൽ തെക്കൊരു മൂലയിൽ
എനിക്കായ് കുഴി വെട്ടി ഫലകം നാട്ടുക
നല്ല മാലാഖമാരുടെ ചിറകിൽ സ്വന്തം
ആത്മാവിനെക്കുടിയിരുത്തിയെന്നും
നീ വാഴ്ത്തപ്പെട്ടവനാവുക
മുരിക്കു പലകയിലെന്നെക്കിടത്തി
തുരിശും ഗന്ധകവും കൂട്ടിക്കുഴച്ച്
മൂന്നാവർത്തി വചനം ചൊല്ലി
എന്നെയൊടുക്കുക ഇട്ടേച്ച് പോവുക
ഒരുവട്ടമെങ്കിലും തിരിഞ്ഞു നോക്കായ്ക

ഒടുവിൽ,
കവിതയൊന്നു മാത്രം മണ്ണെടുക്കാതെ
തളിർത്തിരിക്കുമെൻ തലയോട്ടിയിൽ നിന്ന്
അന്നൊരുനാളെങ്കിലും ഞാനാശിച്ചു കൊള്ളട്ടെ
എന്റെ സോദരനെന്നു നീ സാക്ഷ്യപ്പെടുത്തി
അവകാശ തീട്ടൂരം കൈവശപ്പെടുത്തുമെന്ന്


zzzzzzzzzzzzzzzzzzzzzzzzzzzzzzzz

2015, ഫെബ്രുവരി 5, വ്യാഴാഴ്‌ച

പഴമ്പാട്ട്


ഓരോ കൃഷ്ണപക്ഷത്തിനുമപ്പുറം
തുടുത്ത സന്ധ്യകളുടെ ഒടുക്കത്തെ മാത്രയിൽ
തിരിച്ചുവരില്ലെന്നുറച്ചറിഞ്ഞിട്ടും വൃഥാ
കൺപാർത്തിരിക്കുന്നു ഞാൻ
ഓർമ്മയിൽനിന്നൊഴിഞ്ഞ വർണ്ണങ്ങളെ
ഇലയറിയാമട്ടിലൊന്നായ് കൗതുകം
നിറഞ്ഞു നിന്നൊരാ മാമ്പൂ കുലകളും
കാത്തിരിപ്പിനറുതിയിൽ പൂത്തിറങ്ങുന്ന
കർണ്ണികാരവും കനകാമ്പരവും ചെമ്പകവും
പരൽ മീൻ പായുന്ന തോടുകൾ
പ്രണയം മണക്കുന്ന വയലിറമ്പുകൾ
കന്നുപൂട്ടാനെന്റെ ചെക്കനും ചെറുമനും
കള പറിക്കുന്ന കാളിയും മാതിയും ചിരുതയും
സ്വപ്നമാണിതെന്റെ സ്വപ്നമെന്ന്
ഇടവേളയിൽ മക്കളൊത്ത് പകുക്കവേ
സന്നിപാതം കലശലാവുന്ന കാരണം
പ്രയാധിക്യത്തിന്റെ ലക്ഷണമെന്നവർ
ഇനിയെന്റെ കണ്ണടയും മുമ്പൊരുകണം
തിരശ്ശീലയിലല്ലാതെ നൽ വെളിച്ചത്തിൽ
നെല്ലു വിളയുന്ന പാടമൊന്നവർക്കു കാട്ടി
പഴമ്പാട്ടായ് അലിഞ്ഞു തീർന്നെങ്കിൽ ഞാനതിൽ

0000000000000000000000000000000

അവളെന്റെ മകളായിരുന്നു. . .

കൃഷ്ണാ, നാമൊരേ ചില്ലയിൽ പൂത്തവർ നാമരൂപങ്ങളഴിഞ്ഞവർ, പഥിതർ ഒരേ സൂര്യന്റെ കടും തപം മോന്തിയോർ ഒന്നിച്ചൊരേ കുടയിൽ നനഞ്ഞവർ നീയെന്റെ കണ്ണാ, ...