2015, ഫെബ്രുവരി 5, വ്യാഴാഴ്‌ച

പഴമ്പാട്ട്


ഓരോ കൃഷ്ണപക്ഷത്തിനുമപ്പുറം
തുടുത്ത സന്ധ്യകളുടെ ഒടുക്കത്തെ മാത്രയിൽ
തിരിച്ചുവരില്ലെന്നുറച്ചറിഞ്ഞിട്ടും വൃഥാ
കൺപാർത്തിരിക്കുന്നു ഞാൻ
ഓർമ്മയിൽനിന്നൊഴിഞ്ഞ വർണ്ണങ്ങളെ
ഇലയറിയാമട്ടിലൊന്നായ് കൗതുകം
നിറഞ്ഞു നിന്നൊരാ മാമ്പൂ കുലകളും
കാത്തിരിപ്പിനറുതിയിൽ പൂത്തിറങ്ങുന്ന
കർണ്ണികാരവും കനകാമ്പരവും ചെമ്പകവും
പരൽ മീൻ പായുന്ന തോടുകൾ
പ്രണയം മണക്കുന്ന വയലിറമ്പുകൾ
കന്നുപൂട്ടാനെന്റെ ചെക്കനും ചെറുമനും
കള പറിക്കുന്ന കാളിയും മാതിയും ചിരുതയും
സ്വപ്നമാണിതെന്റെ സ്വപ്നമെന്ന്
ഇടവേളയിൽ മക്കളൊത്ത് പകുക്കവേ
സന്നിപാതം കലശലാവുന്ന കാരണം
പ്രയാധിക്യത്തിന്റെ ലക്ഷണമെന്നവർ
ഇനിയെന്റെ കണ്ണടയും മുമ്പൊരുകണം
തിരശ്ശീലയിലല്ലാതെ നൽ വെളിച്ചത്തിൽ
നെല്ലു വിളയുന്ന പാടമൊന്നവർക്കു കാട്ടി
പഴമ്പാട്ടായ് അലിഞ്ഞു തീർന്നെങ്കിൽ ഞാനതിൽ

0000000000000000000000000000000

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...