2015, ഏപ്രിൽ 26, ഞായറാഴ്‌ച

കവിതയായ് വീണ്ടും


ഒറ്റപ്പെടലിന്റെ വിഷമ വൃത്തങ്ങളിൽ
പഴി പറഞ്ഞ് പുലയാട്ട് പാടി കഴുതപ്പുറമേറ്റുന്ന
കറുത്ത, ചൊവ്വാഗ്രഹ സന്ധ്യകളിൽ
വിശപ്പിന്റെ ഒടുക്കത്തെ മാത്രയിൽ
മഞ്ഞച്ച നീരുകക്കി മയക്കത്തിലാകവേ
മണൽക്കാടു മാത്രം മുൻവഴിയെന്നറിയവേ
ദശാസന്ധികളിൽ ദുരിതപ്രവേഗങ്ങളിൽ
കാലമൊക്കെയും കവിതയൊരു ഭ്രമമായിരുന്നു


ചിറകെരിയുന്ന ശലഭ ജന്മങ്ങളിൽ
ചവിട്ടിയരയ്ക്കപ്പെടുന്ന അരളി ദളങ്ങളിൽ
ചൂഷണ വിഭവമാക്കുന്ന മത ശാസനകളിൽ
കൂകിയാർത്ത് പ്രതിഷേധ വചനമോതാൻ
നിത്യവും ഓരോ നിമിഷവും കവിതയെന്നെ
നിർബന്ധമോതുന്നുണ്ട്, വഴി നടത്തുന്നുണ്ട്
വേവുന്ന ഹൃത്തിൽ നിന്ന് മാത്രമാണു
കവിത ലാവയായ് പൊട്ടിയൊലിക്കുവെന്നും
നിറയുന്ന കണ്ണിലാണു അത്ര ലാസ്യമായ്
കാവ്യ നടനം അരങ്ങേറുകയെന്നുമറിയുന്നു


ഇന്നീ വിഭവങ്ങളുടെ പെരുങ്കൂനയിൽ
സ്വന്ത ബന്ധങ്ങളുടെ കപട നാട്യങ്ങളിൽ
കൃത്രിമ മലരുകൾ തീർത്ത വസന്തങ്ങളിൽ
വാക്കുകൾ ചത്ത് മരവിച്ച്, കവിത ജീർണ്ണിച്ച്
ഉപ്പു സൂക്ഷിച്ച ലോഹ മൊന്തയായ് ഹൃദയം
പുഴുക്കുത്തി ദ്രവിച്ചു വീഴവേ, തിരിച്ചറിവിന്റെ
പെരുമ്പറ മുഴങ്ങുന്നു ഞെട്ടിയുണരുന്നു
നാളെ നാളെയെന്ന മുട്ടുശാന്തിയിൽ നിന്ന്
ഈ മാത്രയിലേക്കെന്ന സത്യത്തിലേക്കിറങ്ങാൻ
ഭ്രൂണം മുറിച്ച കാവ്യ ഭാവങ്ങളും
ജനനം മറുത്ത ചിന്താ ശകലങ്ങളും
തിരിച്ചെടുത്ത് കുടിയിരുത്താതെ പോവുകിൽ
ഞാനെന്നഹന്തയുടെ ഒടുക്കമാവുമത്
വെളിച്ചം കടക്കാത്ത തമസ്സായ് തീരുമത്
അതിനുമുമ്പൊരുകണമൊരു മാത്ര മുന്നേ
പ്രതിബന്ധങ്ങളൊക്കെയും തകർത്തെറിഞ്ഞ്
ഞാൻ പഴയ ഞാനായ് തീരട്ടെ ഉരുകിയൊലിക്കട്ടെ

0000000000000000000000000000000

കവിതതൻ ലക്ഷ്യം കാലക്ഷേപം

പ്രവാചകർ പടിയിറങ്ങുന്ന ഒഴിവിലേക്കാണു ഭൂമിയിൽ കവികൾ ഉദയം കൊള്ളാറുള്ളതത്രേ അശാന്തിയുടെ തീരങ്ങളിൽ ജാതിക്കോമരങ്ങൾ വെറുപ്പിന്റെ ഉല്ക്ക തുപ്...