2015, ജൂൺ 11, വ്യാഴാഴ്‌ച

മഴയോട്


വരിക, നീയെന്റെ ഉപ്പു തടാകം നിറയ്ക്കുന്ന വിയർപ്പായ്
തിമിർത്തു പെയ്ക, കാലം ഉഴിഞ്ഞിട്ട മലിനമെല്ലാമൊഴുക്കുക
സന്ധ്യയ്ക്കു വിരിഞ്ഞു പുലർന്ന അവിഹിത ബാന്ധവം
തോളിലിട്ട കൈ ഞെരിച്ചു തെറിപ്പിച്ച  സ്വപ്ന ജീവിതം
അക്ഷര ഭിക്ഷയിൽ കൂട്ടിക്കുഴച്ച് പകർന്ന രതിയമ്ളകണം
എല്ലാമെടുക്കുക, അങ്ങു ദൂരെ പെരുങ്കടലിലൊഴുക്കുക
അയല്ക്കാരനിലർപ്പിച്ചു പോയ മകളുടെ ഇടതു സ്തനം
തേരാളിയിൽ കാമകല്പം തേടിയ വാരിയെല്ലിന്റെ ചെറു കഷ്ണം
ഒന്നും ബാക്കി വെയ്ക്കരുത്, നാളെ സാക്ഷ്യപത്രമാകുവാൻ
നോട്ടുകെട്ടിൽ പരവതാനിയിട്ടുറങ്ങുന്നുണ്ട് ഭരണ മേല്ക്കോയ്മ
വിയർക്കാതെ ഭോഗിച്ച് ചുളിയാതെ ചരിക്കുന്നു പൗരോഹിത്യം
അരുത്, അലോസരപ്പെടുത്തരുതാരെയും നാളെയും വേണ്ടവർ
ഇടിവെട്ടിയൊന്നിലുമീർഷ്യയില്ലാതെ തുടർന്ന് പെയ്യുക
കാവിന്റെ തിണ്ണയിൽ പെരുമഴയത്ത് കയറിയഭയമേറ്റവനെ
തീണ്ടലിന്റെ തിരുവേദമോതിയറുക്കുന്ന വേദാന്തപ്പരിഷകൾ
കവിത കുറിക്കുന്നവൻ കാടു കാക്കുന്നവൻ കാഫിറെന്ന
പുതു സിദ്ധാന്തം നെയ്ത് സ്വവർഗ്ഗ ഭോഗം പകുക്കുന്നവർ
വീഞ്ഞിന്റെ ലഹരിയും കുമ്പസാര രഹസ്യവും ചേർത്ത്
പാതിരാക്കുർബാനയിൽ പാനപാത്രം മൊത്തിക്കുടിക്കുവോർ
ഇല്ല, നീയാരെയും കാണുന്നില്ലൊടുക്കുന്നില്ലറിയാതെ പെയ്യുന്നു
നീ പെയ്യുന്നതെന്റെ സ്വപ്നമാണൊഴുകുന്നതെന്റെ കവിതയും
നീ പകരുന്നതെന്റെ നീരാണു കെടുത്തുന്നതെന്റെയാധിയും
ഇനിയൊരു കർക്കിടകപ്പെരുങ്കോളിൽ തകർന്നടിയണം
മാറ്റമില്ലാതെ തുടരുന്ന സാമ്പത്തിക അസമത്വ ജാതകം
പുലരണം പുതു പുലരിയൊന്ന് ചെറു മഴയ്ക്കൊപ്പം
അതിൽ പൂക്കണം കീഴാള ജീവിതമേൽക്കണം  കരുത്തവർ
അതുവരെ തീരാതെ പെയ്യട്ടെ പെരുമഴയുമെന്റെ കാവ്യവും

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

2015, ജൂൺ 1, തിങ്കളാഴ്‌ച

ഏകകായം പരബ്രഹ്മം


കവിതകളെന്നിൽ നിന്ന്
കരകടത്തപ്പെടുമ്പോൾ
മരുഭൂമി തീർക്കുന്നതെന്റെ
ഹൃദയ തീരങ്ങളിലാണു
ആഭിചാരത്തിന്റെയന്ത്യ മാത്രയിൽ
വെള്ളരിപ്പച്ചപ്പുകളിൽ
ഇരുമ്പാണി തറയ്ക്കവേ
വ്രണപ്പെടുന്നതെന്റെ
വിശ്വാസപ്പാടമാണു


നീ ഉരുവാക്കിയതുയിർ കൊടുത്തത്
നിന്റെ ഊർജ്ജത്തിനു
സമരേഖ തീർക്കുകിൽ
നീയെന്ന ബിംബം അസ്തമിച്ചൊടുങ്ങുന്നു
 

കൂവളത്തളിരുകളിൽ തിരുനൂറു പുരട്ടി
നാളികേരപ്പാതിയിലൊരു നെയ്ത്തിരിയിട്ട്
തെക്കോട്ട് നോക്കി പുലഭ്യമോതുകിൽ
പൊലിയുന്നതാണു ശ്രീയും ശനിയുമെന്നാൽ
നീയുമെൻ കണ്ടത്തിലെ നെടുങ്കോലവും
നന്നായ് ഒന്നെന്ന് മാത്രമേ എനിക്ക് തോന്നൂ


ഇനിയീ ഇടവപ്പാതിയും ശങ്കയും തീർന്ന്
നന്നായൊന്നുറഞ്ഞ് പെയ്ത്
കർക്കടകത്തിൽ കുതിർന്നലിഞ്ഞ്
ഒരു പുതു ചിങ്ങപ്പുലരി ഉദിച്ചുയരും
അതിലൊടുങ്ങണം വിധി വിപരീതം
പിന്നെ, വശ്യവും മന്ത്രവും തേരിറക്കവും മുടിഞ്ഞ്
ഏക കായം പരബ്രഹ്മമെന്നെന്റെ
മാനസം മന്ത്രിക്കും നൽ നാളു വരെ
കുറിക്കില്ല ഞാനിനി കവിതയൊരു വരി പോലും
0000000000000000000000

 

അവളെന്റെ മകളായിരുന്നു. . .

കൃഷ്ണാ, നാമൊരേ ചില്ലയിൽ പൂത്തവർ നാമരൂപങ്ങളഴിഞ്ഞവർ, പഥിതർ ഒരേ സൂര്യന്റെ കടും തപം മോന്തിയോർ ഒന്നിച്ചൊരേ കുടയിൽ നനഞ്ഞവർ നീയെന്റെ കണ്ണാ, ...