2015, ഒക്‌ടോബർ 25, ഞായറാഴ്‌ച

യാത്രയാകും മുമ്പൊരു വാക്ക്. . .ഞാനില്ലാത്ത, ശ്മശാനത്തിലെ
ഒടുക്കത്തെ രാത്രിയാണിന്ന്
ഭ്രമങ്ങളൊടുങ്ങാത്തവൻ
രതി രതിയെന്നലയുന്നവൻ
മതിയൊട്ടുമേശാത്തവൻ
വിശേഷണങ്ങളുടെയോരോ
പെരുമ്പറ മുഴക്കത്തിനുമപ്പുറം
ത്രസിപ്പിക്കുന്ന മൗനത്തിലേക്ക്
ഊളിയിട്ടിറങ്ങവേയെന്റെ
സിരകളെയൊന്നായ് മൂടുന്നത്
നിലയ്ക്കാത്തൊരു തിരയിളക്കമാണു
നിന്റെ പുലരികളിലെയൊരു പക്കം
പകുത്തെടുത്തെന്ന് കഥ മെനഞ്ഞ്
പകരം കൊയ്തെടുത്തതെന്റെ
ഉന്മാദമായൊരു ഉത്സവക്കാലമാണു
മതമേധാവിത്വത്തിന്നെതിരൊഴുകവേ
ചിറകെട്ടിയൊതുക്കിയതെന്റെ അവർണ്ണ യൗവ്വനം
നിലാവൊടുങ്ങുവോളം നിത്യവും
അഭിസാരികയെ പുല്കുന്ന നിന്നിലും
അശാന്ത പർവ്വങ്ങളിൽ കാലമെല്ലാം
കാവ്യ തീർത്ഥമൊഴുക്കുന്ന എന്നിലും
ഒരേ സ്വർഗ്ഗമാണു വിധി കല്പിതമെങ്കിൽ
നരകഭൂവിന്റെയൊടുക്കത്തെയാഴത്തിൽ
കവിത ചൊല്ലി ഞാൻ കരിഞ്ഞൊടുങ്ങിടാം
ഒടുവിലെന്റെ ദേഹമൊരു ശിലയായ് ഖനീഭവിച്ച്
ഉയർന്നു വരുമതിലൊരായിരം വിപ്ലവ ഗീതികൾ
000000000000000000000000000

2015, ഒക്‌ടോബർ 15, വ്യാഴാഴ്‌ച

പ്രണയത്തിലേക്ക് തിരിച്ചുവച്ച ഭരണതീട്ടൂരംപാതി വെന്ത ഉടലും പറഞ്ഞു തീരാത്ത വാക്കുമായ്
നിന്നിൽ നിന്നു ഞാൻ പടിയിറങ്ങിപ്പോയത്
ബുദ്ധ മാർഗേ സത്യം പരതിയല്ല
ഒഴുകാത്ത ഓർമ്മകളുടെ ഭ്രൂണ പാളിക്കുള്ളിൽ
പുറന്തോട് പൊട്ടുന്ന ബ്രാഹ്മ മുഹൂർത്തം കാത്ത്
വിടരാനും കൊഴിയാനുമാവാതെ മുരടിക്കവേ
നിന്നിലൊരു കാവ്യമെഴുതാൻ മാത്രമാണു
ചിന്തകൾക്ക് തീകൊടുത്ത് കാത്ത് കിടന്നത്
പ്രണയം പൂക്കുന്ന കൽ മണ്ഡപങ്ങളിൽ
രേതസ്സിറ്റു വീഴുന്ന കാലം കിനാകണ്ട്
വേദങ്ങൾ വേപഥു തീർക്കുന്നവയാണെന്ന്
പുതു വർഗ്ഗം തിരുത്തി വായിക്കവേ
ഒടുങ്ങിയതെന്റെ വിത്തറ്റുപോയ വിശ്വാസപ്പാടമാണു
ഞാനെന്തു ഭുജിക്കണം ഭോഗിക്കണം
സരസ്വതീ മന്ദിര നടയിലെന്ത് പ്രാർത്ഥിക്കണം
തീട്ടൂരമിട്ട് തീർപ്പെഴുതിയവർ ന്യായാസനമേറവേ
ഇനിയെന്റെ പ്രേമ വായ്പും രതി സംസർഗ്ഗവും
ആശയാദർശങ്ങളൊക്കെയും ഒരു താഴിട്ട് പൂട്ടി
ഭരണ വർഗ്ഗത്തിനടിയറ വെച്ച് കീഴ്പ്പെടുമെന്ന
മേലാള സ്വപ്നം ഒരു ശൂലമുനയിൽ കോർത്തെടുത്ത്
പഞ്ചാഗ്നിയിൽ ചുട്ടെരിച്ച് സ്വാതന്ത്ര്യ ഗീതം പാടി
വീണ്ടുമൊരു പ്രണയ പുരുഷനായ് ഞാൻ നിന്നിലവതരിക്കും
അന്ന്, കൊയ്ത്തടുത്ത പാടങ്ങളിലെ ഈണവും
പുള്ളുവൻ പാട്ടും നിന്റെ ശീൽക്കാരവും ചേർന്ന്
ഒരു പുതുവുലകം ഉയിർത്തുവരും നമുക്കു മാത്രമായ്
0000000000000000000000000000000

2015, ഒക്‌ടോബർ 8, വ്യാഴാഴ്‌ച

പ്രണയത്തിന്റെ പ്രവാചകൻ

പ്രണയമായിരുന്നില്ലൊരിക്കലുമെന്റെ
വാക്കിലും മൊഴിയിലും മിഴികളിലും
വ്രണിത മോഹങ്ങളെ, നിന്റെ സ്വപ്നങ്ങളെ
കാക്കുവാനാളായിരുന്നില്ല ഞാനൊട്ടുമേ
നിന്റെ മാംസ ക്ഷേത്രത്തിലേക്ക്
ഒരു മേഘമായ് കരിഞ്ഞിറങ്ങാനും
പുലരുവോളം മഴയായ് പെയ്തലിയാനും
അത്ഭുത വിളക്ക് മറന്നു വെച്ചിരുന്നു
കബന്ധങ്ങൾ ബാക്കിയാവുന്ന
നോവിന്റെയോർമ്മക്കളങ്ങളിൽ
നീ സത്യവും ഞാൻ തെമ്മാടിയുമാവാൻ
ത്യജിച്ചതെന്റെ മഴവിൽക്കൊടിയാണു
ഗന്ധർവ്വ മന്ത്രങ്ങളിൽ മിന്നാമിനുങ്ങായി
നിന്റെ വേഴ്ചയ്ക്ക് കാഴ്ചയാവാനും
തീയുമ്മ കൊണ്ട് നിന്നെ പൊള്ളിക്കുന്ന
പുരോഹിത ചുണ്ടിനൊരു വിലങ്ങാവാനും
ചിറകുകൾ തുന്നിത്തുടങ്ങിയിരുന്നു
നിമിഷ വേഗങ്ങളുടെ സ്ഖലന സുഖത്തിലേക്ക്
നീയൊത്ത് കൊഴിഞ്ഞുവീഴുന്ന തല്ക്ഷണം

ഒഴിഞ്ഞൊടുങ്ങി ഓർമ്മയിൽനിന്നുപോലുമടരുന്നതാണു
ഞാനെന്ന കവിതയും ഭ്രമവുമടങ്ങാത്ത ദാഹവും
എങ്കിലും, ഇത്ര കല്പിക്കില്ല ഞാനൊട്ടുമേ
നീ പകർന്ന മുന്തിരിച്ചാറിന്റെ പുളിപ്പും
വിയർപ്പിലും വേവാത്ത മാംസച്ചൊരുക്കും
കൂരിരുട്ടിൽ തൊട്ടറിഞ്ഞ മുലക്കണ്ണും
മാത്രമൊരു നീക്കിയിരുപ്പായ് മണ്ണടിഞ്ഞാകിലും
പ്രണയത്തിന്റെ പ്രവാചകനെന്നൊരു
സ്മാരക ലിഖിതം ബാക്കിയാകുമെന്റെ
കല്ലറക്കെട്ടിൽ കല്പാന്തം വരുവോളം
00000000000000000000000

2015, ഒക്‌ടോബർ 1, വ്യാഴാഴ്‌ച

നിന്റെ മരണം, എന്റെ കവിതഒരു പുരുഷായുസ്സൊക്കെയും
എന്നിൽ നീ പുലയാട്ട് പാടി
വെറുപ്പിന്റെ വിഷൂചിക കൊണ്ടെന്നിൽ
കറയായൊഴുകിയന്ത്യം വീണൊടുങ്ങവേ
ശാന്തമായിരിക്ക നിൻ ആത്മ ചൈതന്യം

എന്റെ സായന്തനങ്ങളും കവിതയും
പുണരാതെ പോയ വസന്തവും
ചുരത്താത്ത മുലഞ്ഞെട്ടിലെ ചുണ്ടും
പാർത്തു നീ പൊട്ടിച്ചിരിച്ചൊടുക്കം
ഹൃദയം മീട്ടാൻ മറക്കവേ, നേരുന്നു
ആർദ്ര സ്വപ്നമായൊരു ശാന്ത നിദ്ര

പകയുടെ മൺപുറ്റിലെന്നെപ്പൊതിഞ്ഞ്
കുന്തിരിക്കം പുകയുന്ന ഉമ്മരപ്പടിയിലും
സ്വർണ്ണം വിളയുന്ന നിൻ തോട്ടംതൊടിയിലും
തോറ്റമ്പാട്ട് പാടുന്ന അമ്പല നടയിലും
എന്നെപ്പഴിച്ചെന്നെയപഹസിച്ചൊടുവിൽ
വെള്ളപുതച്ച് മൂച്ചൊടുങ്ങിക്കിടക്കവേ
വായ്ക്കരിയിട്ടപദാനം പാടി പൂ മൂടി
സ്വസ്തിയോതി യാത്രയാക്കുന്നു ഞാൻ

ഇനിയെന്റെ കവിതയ്ക്ക് വാക്കിനു
വീറാവാൻ വളമേകാൻ വീണ്ടും
നിന്നിളമുറ വളർന്നുയർന്ന് വരും വരെ
മൗനമായിരിക്കട്ടെ ഞാനല്പമാത്ര
000000000000000000000

അവളെന്റെ മകളായിരുന്നു. . .

കൃഷ്ണാ, നാമൊരേ ചില്ലയിൽ പൂത്തവർ നാമരൂപങ്ങളഴിഞ്ഞവർ, പഥിതർ ഒരേ സൂര്യന്റെ കടും തപം മോന്തിയോർ ഒന്നിച്ചൊരേ കുടയിൽ നനഞ്ഞവർ നീയെന്റെ കണ്ണാ, ...