2016, മാർച്ച് 18, വെള്ളിയാഴ്‌ച

അന്ത്യാഭിലാഷം



ആർത്തിമൂത്ത് മഞ്ഞച്ച കൈകൾ
എന്നൊടുക്കത്തെ മണ്ണും വാരിയെടുത്ത്
ഒരിറ്റ് കണ്ണീർ വീഴ്ത്തുവാൻ പോലുമിടമില്ലാതെ
കനവിലെ സ്വർഗ്ഗം എരിഞ്ഞൊടുങ്ങുന്നു
നീരൊഴുക്കിന്റെയന്ത്യ നൂൽ ബന്ധവും
നക്കിത്തുടച്ച് നരക നൃത്തം ചെയ്യവേ
നഗ്നയായെന്റെ പുഴ കരഞ്ഞൊടുങ്ങുന്നു
ഇന്നലെ പാർത്തു ഞാൻ ഉറങ്ങിയുണരവേ
എന്റെ കുന്നിരുന്നിടമൊരു നോവ് മാത്രമാവുന്നു
തകരയില്ല തഴുതാമയില്ല പൂവാംകുറുന്നില്ല
കറുക, തെച്ചി മുക്കുറ്റി പടിയിറങ്ങിയ പേരുമാത്രമാവുന്നു
കാടൊതുങ്ങി കരിങ്കൽ സൗധമുയരവേ
കാറ്റുപോലും തീർത്തുമന്യമാവുന്നു
നേരമില്ലൊട്ടുമാധിയില്ല, നാട്ടുപച്ച പൊയ്പ്പോയതിൽ
ദു:ഖം തരിമ്പുമില്ല, കുറിക്കാൻ വാക്കൊന്നുമില്ല
ഇനിയെന്റെ കാൽകീഴിലെ മണ്ണലിഞ്ഞ്
നരക നെരുപ്പിലേക്ക് ഞാൻ വീണടിയും
അതിനുമൊരു നൊടിയൊരുകണമൊരു മാത്ര മുമ്പ്
അടിയനൊരാഗ്രഹം മാത്രം ബാക്കിയുണ്ട് വിഭോ
ഒരു പെരുമഴ കാണണം, ഇടിവെട്ടി തിമിർത്ത് പെയ്യുന്ന മഴ
ചിണുങ്ങിത്തുടങ്ങുന്ന ആദ്യ മാത്രമുതലതിൽ ജീവിക്കണം
അത് പെയ്തൊടുങ്ങുന്ന വേളവരെ വാഴണം
പിന്നെ, ഇല പെയ്ത് തീരുന്നതറിയാതെ കണ്ണടയ്ക്കണം
നരിക്കും നായ്ക്കും നരനായ് പിറന്നൊരാൾക്കും പാർക്കാനാവാതെ
ദേഹമെന്റേതൊഴുകിയൊടുങ്ങണമതിലൊരു കവിത പോൽ

xxxxxxxxxxxxxxxxxxxxxxxxxxxxx

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...