2016, ജൂൺ 25, ശനിയാഴ്‌ച

മൃഗ ബലി


എന്റെ ഉദരത്തിലുള്ളത് ഭൂമി തൊടും വരേയ്ക്കെങ്കിലും
വെറും മാംസമാമീ ജീവനെ നീ വെറുതെ വിട്ടേക്കുക
നിന്റെ പൂജയ്ക്ക് ദ്രവ്യമാകുന്നതിലും മഹത്തരം
എന്റെ ജീവിത ധർമ്മത്തിനു കരുവാകുന്നതേ
അറവു കത്തി കഴുത്തിൽ തൊടും വേളയും
ഗർഭസ്ഥ ശിശുവിനൊന്നുമേശല്ലെന്നെണ്ണി
ഒട്ടുമിളകാതെ നിലകൊൾവതെന്റെ മാതൃ മാനസം
നിന്റെ മോക്ഷം, സ്വർഗ്ഗപ്രവേശം, മുക്തി
ഒരു ജീവനെ ബലിയിടുവതിലെന്ന് നീ ഗണിക്കിൽ
എന്റെ ഗണത്തിലെ മൃതപ്രായരെ എടുത്തേക്കുക
മൂക്കു മുട്ടെ മാംസം ഭുജിക്കലും മൂന്നു വേള ഭോഗിക്കലും
പിന്നെ വെറുതെയൊന്ന് മുട്ടുകുത്തി പ്രാർത്ഥിക്കലും
മാത്രമാണു ദൈവ സന്നിധിയിലേക്കുള്ള മാർഗ്ഗമെന്ന്
തന്നിംഗിതം മാത്രമോർക്കുന്ന പുരോഹിതൻ
നിന്റെ ബോധമണ്ഡലത്തിലെരിച്ചു ചേർക്കിലും
മർത്യനെന്നഹങ്കരിച്ച് മതിമറക്കുന്നയൊരു മാത്രമാത്രം
നിന്റെ ബുദ്ധി, ചിന്ത, മസ്തിഷ്ക വികാസം കൊണ്ട് നീ
കൂട്ടിക്കിഴിച്ച് ശിഷ്ടം വരുന്നതെങ്കിലും നോക്കുക
നീ വസിക്കുമീ ഭൂവിലതേ അധികാര നിലയിൽ
വാഴാനുരിമ കൊണ്ടൊരു ജീവനെ ഗർഭസ്ഥാവസ്ഥയിൽ
കുഴിച്ച് മൂടി സ്വർഗ്ഗപ്രാപ്തി കൈവരിക്കാമെന്ന
മൂഢ വിശ്വാസിയാണു നീയെങ്കിലഹോ
മറ്റെന്തുമാറ്റമൊരു പാഴ്ക്കിനാവിൽ നിന്ന്
സ്വർഗ്ഗം, നരകം, വിധി, ദൈവേച്ഛ ആയതെല്ലാം

xxxxxxxxxxxxxxxxxxxxxxxxxxxxxx

2016, ജൂൺ 9, വ്യാഴാഴ്‌ച

ചുരമിറങ്ങി ചുങ്കപ്പുരയിലേക്ക്. . .


നട്ടുച്ച നേരത്തെന്താണു ചുരം പാതയിൽ
കാഴ്ചയുണ്ടാവുക
ഷാഫാന്റെ മകൻ ഗമാറിയായോടോ
ജോസിയായുടെ പുത്രൻ യഹോയാക്കിമിനോടോ
അരുളപ്പാടിനെക്കുറിച്ച് വാചാലനാവാം
എദോമ്യറോ, മൊവാബ്യറോ, അമോന്യറോ
കടന്നു ചെല്ലാത്ത മലഞ്ചെരിവുകളിൽ
നഷ്ടപ്പെട്ട കുഞ്ഞാടിനെ തിരയുകയുമാവാം
എക്ബത്താനായിലെത്തി സാറായെ പ്രണയിക്കവേ
ആറാം പ്രമാണം ലംഘിച്ചവനെന്ന് നീയെന്നെ
സുക്കോത്തിലേക്ക് നാടുകടത്തരുത്
യവം കൊയ്യുന്ന കടുത്ത ചൂടിലോ
അയായുടെ മകൾ റിസ്പാ, സ്ത്രീയായ നാളിലോ
സാക്ഷ്യം ചൊല്ലാൻ ഞാനിവിടെ ശേഷിക്കരുത്
സെന്നാക്കെരിബിന്റെ അധികാര പരിധിയിൽ നിന്ന്
മത്സ്യത്തിന്റെ ചങ്കും കരളും പുകയ്ക്കുന്ന ധൂമക്കുറ്റി താണ്ടി
കൂരിരുളിൽ വസിക്കാനുള്ള നിത്യ ശാപമകറ്റി
ഒലിവു മലയ്ക്കരികെ,നഗര കവാടങ്ങൾ തുറന്നിരിക്കുന്ന
ജറീക്കോയിലേക്ക് ഞാൻ പറന്നിറങ്ങും
അവിടെ ചുങ്കപ്പുരയുടെ ആധിപത്യമെനിക്കായിരിക്കും
നാർദിൻ തൈലവും നിന്റെ മുടിച്ചുരുളുകളുമായ്
എന്നെ കാലമെല്ലാം പരിചരിക്കേണ്ടവളാകും
എങ്കിലും എന്നിലൂടെയല്ലാതെയാരുമൊരിക്കലും
നിത്യ സ്വർഗ്ഗം അടുക്കയില്ല, കാരണം
വഴിയും സത്യവും ജീവനും ഞാൻ മാത്രമാകുന്നു
000000000000000000000000000
 

അവളെന്റെ മകളായിരുന്നു. . .

കൃഷ്ണാ, നാമൊരേ ചില്ലയിൽ പൂത്തവർ നാമരൂപങ്ങളഴിഞ്ഞവർ, പഥിതർ ഒരേ സൂര്യന്റെ കടും തപം മോന്തിയോർ ഒന്നിച്ചൊരേ കുടയിൽ നനഞ്ഞവർ നീയെന്റെ കണ്ണാ, ...