2016, ഓഗസ്റ്റ് 26, വെള്ളിയാഴ്‌ച

വായിച്ചുതീരാത്ത പെണ്ണുടൽ
നിന്റെ പൗരുഷ്യത്തിലും പണക്കൊഴുപ്പിലും
ഞാനെന്ന വ്യക്തിത്വം മരിച്ച് വീഴവേ
സ്വർഗ്ഗവാതിലിന്റെ സാക്ഷ തുരുമ്പെടുക്കുന്നു
മഴ വർഷിക്കാത്ത ചിങ്ങ രാവുകളിലും
വളയണിയാത്ത ഋതുഭേദങ്ങളിലും
എന്റെ നിമ്നോന്നതികൾ മാത്രം ദൃഷ്ടികോണാവുന്നു
ആരും കണ്ണെറിയാത്ത ശ്മശാനഭൂവിൽ
നരിച്ചീറുകൾ സ്വപ്നങ്ങൾക്ക് മേൽ പടരവേ
കാത് കുത്ത്, കട്ടിളവെപ്പ്, തിരണ്ട്കുളി
ഒന്നുമൊന്നിലും കൂടിയാടാൻ വിലക്കി
കാര്യസാധ്യത്തിനപ്പുറം പെണ്ണുടൽ പടിയകറ്റുന്നു
വെന്തു തീരാത്ത മോഹ വലയങ്ങളിൽ
അരുതായ്മ കെട്ടിവെയ്ക്കുന്ന നീതി വഴികളിൽ
ഭ്രാന്ത ദാഹമകറ്റാൻ ചായമിട്ടവൾ മാത്രമാവുന്നു
എന്റെ ദേഹകാന്തിയൊക്കെയും മൊത്തിക്കുടിച്ച്
എന്നിലെയെന്നെയൊരു കണം ഗണിക്കാതെ
വെറും വിയർപ്പായ് ഞാനുറ്റിയൊഴിയവേ
ഉയിർക്കുമൊരുനാൾ നിശ്ചയമൊരു കടലായ്
ഒടുങ്ങുമതിൽ നിന്റെ തലയെടുപ്പൊക്കെയും
ആടിത്തീർക്കട്ടെയതുവരേക്കുമീ ദുരിത പർവ്വം
00000000000000000000000000

2016, ഓഗസ്റ്റ് 11, വ്യാഴാഴ്‌ച

മടങ്ങി വരാനായ് മറന്ന് പോയവൾക്ക്നിന്റെ ഓർമ്മകളിപ്പോഴും
ചാരം പൊതിഞ്ഞ് മൗനം നോൽക്കുന്നുണ്ട്
സദാചാരം മത്താപ്പ് കൊളുത്തി
മത മൗലികത അമിട്ട് പൊട്ടിച്ച്
ആറടി തോണ്ടി കുഴിച്ചിട്ട അതേ തീവ്ര വേഗത്തിൽ
പതിനാറാണ്ട് പെരുമഴ കൊണ്ടാലും
പക തീരാതെ പുലയാട്ട് നട്ടാലും
നീ ഞാനായ് തന്നെ നിലകൊള്ളും
പ്രേമം പൂത്തുലയുന്ന കറുത്ത രാത്രിയിൽ
നിന്റെ കുടീരത്തിലേക്ക് ആസക്തിയോടെ
ഒരു മിന്നൽപ്പിണർ പറന്നിറങ്ങും
അന്ന്, പരകായപ്രവേശത്തിന്റെ
അമൂർത്താശയം കടംകൊണ്ട്
ഞാൻ നിന്നിലേക്ക് കുടിയേറും
പിന്നെ, നമ്മളെന്ന കരിമ്പനയുയർന്ന്
അതിനുമേൽ പ്രണയസൂര്യൻ ജ്വലിച്ച് നിൽക്കും

xxxxxxxxxxxxxxxxxxxxxxxxxxxx

2016, ഓഗസ്റ്റ് 10, ബുധനാഴ്‌ച

പൂരാട കാവ്യംദാരിദ്ര്യത്തിന്റെ തീക്കാറ്റ്,
ഏകാന്തതയുടെ അത്യുഷ്ണം
ഒടുങ്ങാത്ത ആരോഗ്യാസ്കിത
തുറക്കാതെ പോയ ജാലകങ്ങളിലൊക്കെയും
കിളിയൊന്ന് കൂട് വെച്ചിരുന്നെന്ന അറിവ്
കരുണ പെയ്യാത്ത കറുത്ത വാവുകളിൽ
വേദ വേദാന്തം പറഞ്ഞപഹസിക്കായ്ക
പട്ടിണിയുടെ അമ്ളം രുചിക്കയിൽ
വചനമോതി വീഞ്ഞ് മോന്തിയൊരു പാതിരി
വർണ്ണങ്ങളൊക്കെയും വഴികെട്ട് പോയവനെ
മഴവില്ലുകാട്ടി മോഹം വളർത്തായ്ക
നീയൊന്നുണ്ടെന്ന് കൺ കാണാതെ തന്നെ
കാലമെല്ലാം കൺകോണിനുള്ളിൽ കൊണ്ട വിശ്വാസം
ഇന്നു നിന്റെയൊറ്റക്കണ്ണിന്റെ വീക്ഷണ പഥത്തിൽ
ഒരുപറ്റം കപട ഭക്തർ മാത്രം രക്ഷ നേടവേ
എതിർക്കാനും സ്തുതിക്കാനുമിടകൊള്ളാതെ
കണ്ണീരുതിർക്കാതെ കവലനാടകമാടാതെ
തുലാവർഷത്തിനപ്പുറമൊരു വേനൽപ്പെരുമഴ
തിമിർത്ത് പെയ്യുമെന്നുമതിലൊഴുകിയൊടുങ്ങും
ദുരിതക്കനലൊക്കെയുമെന്നായ് ഉറച്ച് കൊണ്ട്
എഴുതിത്തീർക്കട്ടെ ഞാനെന്റെ പൂരാട കാവ്യം
000000000000000000000

വഴിയൊടുക്കുന്ന വേദാന്തംഎന്നെ നീ വായിക്കുമ്പോൾ
ഞാൻ അവതാര പുരുഷനും
നീ ദേവ പ്രതിനിധിയുമാകുന്നു

നീ നിഷേധിച്ചതാണു, മതിൽ പടുത്തതും
നീയെരിച്ച് കളഞ്ഞതാണൊടുക്കിയതും
സഹതാപക്കണ്ണിന്റെ കപട കോണിൽ
കൊട്ടിഘോഷിക്കുന്ന ദാനക്കൈകളിൽ
ഞാൻ മരണമില്ലാത്ത അവിശ്വാസിയാകുന്നു

ശംഖനാദത്തേക്കാൾ ഉച്ചത്തിലൊരിക്കലും
കറുത്ത തെരുവുനായ്ക്കൾ ഓരിയിടരുത്
കഴുതയ്ക്ക് തിരുവസ്ത്രമിട്ട് പട്ടം കൊടുത്ത്
കുമ്പസാരം കേൾക്കാൻ കൂട് പണിയായ്ക
നരച്ച താടി രോമങ്ങളിൽ മൈലാഞ്ചിയിട്ട്
വ്യഭിചാര ശാലയുടെ സാക്ഷയിളക്കുന്നു

വിശപ്പൊരു കടുത്ത വികാരമാണെന്നും
ഒറ്റപ്പെടലൊരു നിത്യ ശാപമാണെന്നും
കാലമെല്ലാം വെറുക്കപ്പെടേണ്ടവനെന്നും
തിരിച്ചറിയുന്നിടത്ത് വഴിയവസാനിക്കുന്നു
ooooooooooooooooooooooooooo

അവളെന്റെ മകളായിരുന്നു. . .

കൃഷ്ണാ, നാമൊരേ ചില്ലയിൽ പൂത്തവർ നാമരൂപങ്ങളഴിഞ്ഞവർ, പഥിതർ ഒരേ സൂര്യന്റെ കടും തപം മോന്തിയോർ ഒന്നിച്ചൊരേ കുടയിൽ നനഞ്ഞവർ നീയെന്റെ കണ്ണാ, ...