2016, ഒക്‌ടോബർ 28, വെള്ളിയാഴ്‌ച

പ്രണയാന്തരംഊടുവഴികളിൽ നിന്ന്
വേലിപ്പടർപ്പിന്റെ കാവൽ നുണഞ്ഞ്
നാട്ടുപച്ച ഞരടി ഹൃദയപ്പെരുമ്പറ കേട്ടതും
മഞ്ചാടി മയിൽപ്പീലി മഷിവട്ട്
വർണ്ണപ്പൊതികളിലിട്ട് നിൻ
കൈവെള്ളയിൽ തൊട്ടതും
ദീപാലംകൃത നടയിലാരു കാണ്മതും
കാണാതെ നിന്നെമാത്രം കണ്ടു നിന്നതും
കണക്കും ക്രിയകളൊക്കെയും തെറ്റിച്ച് നീ
കുറുപ്പ് മാഷിന്റെ ചൂരൽക്കഷായം മോന്തവേ
കൂട്ടത്തിലാരുമറിയാതെ കണ്ണു ഞാൻ തുടച്ചതും
പ്രണയമായിരുന്നെന്റെ ജീവനായിരുന്നു
ഒരു ശ്വാസമൊരു ജന്മമതിനപ്പുറമജ്ഞാതം

സൈബർ തോപ്പുകളിൽ പുലരുവോളം
കണ്ടിരിക്കാനുദ്ധാരണ വാതിൽ തുറക്കാൻ
സ്ഖലന നോവിന്റെയാദ്യം വരെ കിന്നരിക്കാൻ
ആർത്തവ നാളിനെച്ചൊൽപ്പടിക്കു നിർത്താൻ
സുരക്ഷിത കാലം, ചർമ്മ സംസർഗ്ഗം, ബീജ നിർവ്വീര്യം
മാർഗ്ഗങ്ങളിൽ പര്യവേക്ഷണം നടത്താനൊഴുകാൻ
വിവാഹപൂർവ്വ വിനോദം, യൗവ്വനച്ചേഷ്ട
വാക്കുകളിൽ ശൗര്യം കുറച്ചെല്ലാം ലളിതമാക്കാൻ
എന്തെന്തു തന്നെ കാര്യ കാരണം ചൊല്ലിലും
കാലമെത്ര പുരോഗതിക്കൊടി കാട്ടിലും
ഒന്ന് മാത്രമടിയനു മോഹമുണ്ടാർത്തിയുണ്ട്
എല്ലാ ഭ്രമങ്ങൾക്കുമപ്പുറം
നിന്റെ ശാരീരം ഉയർന്ന് നിൽക്കണം
പ്രണയ പാരവശ്യങ്ങളുടെ
നിരാസ യൗവ്വനം താണ്ടി
ജരാനരയൊന്ന് പക്വത നേടണം
ഒടുവിലെന്റെയൊടുക്കത്തെ ശ്വാസവും
നിന്നെ നിന്നെമാത്രമോർത്ത് തേൻ ചുരത്തണം

0000000000000000000000000000000

2016, ഒക്‌ടോബർ 27, വ്യാഴാഴ്‌ച

കരൾ വെന്ത ശേഷംകരളേയെന്നായിരം യാമങ്ങൾ
ഉറങ്ങാതെയെന്നെ വിളിച്ചവൾ
കൂരിരുട്ടിലാണെന്നറിഞ്ഞും
പടിയമർത്തിച്ചവിട്ടിയിറങ്ങി
കവിത നിന്നിൽ കുടിയിരിക്കുന്നു
കാവ്യഭാവമേഴു തിരിയിട്ടിരിക്കുന്നു
കാലത്തിന്റെ നാവാണു നീയെന്ന്
കോരിച്ചൊരിഞ്ഞവർ തിരമൂടിയകന്നു
വിയർപ്പിന്റെ പങ്കുപറ്റി നിത്യം
കൂലിയെണ്ണിയെടുത്ത ബന്ധമൊക്കെയും
കരൾ കരിയുന്നതിനൊരു നാഴിക മുമ്പേ
ദിക്കറിയാത്ത ദൂരം തെന്നി നീങ്ങിപ്പറന്നു
പിന്നെ,
വാദിപക്ഷവും പ്രതിപക്ഷവും നേരിന്റെ
തുല്യഭാരം പകുത്ത് സൂചിമുന കാട്ടവേ
നീതുന്യായപ്രസ്താവമില്ലാതെ ദൈവം
രാജിയായ് കാനനവാസം തിരഞ്ഞെടുത്തു
ആതുരാലയത്തിലഗതിമന്ദിരത്തിൽ
ആശ്രിതരില്ലാത്തവർക്കിടയിൽ കവിത ചൊല്ലി
കിറുക്കനെന്നാർത്തു വിളിപ്പവരെ വകഞ്ഞുമാറ്റി
ചിരിച്ചു നടന്നു ഞാൻ മഹാകവിയാകട്ടെ

ooooooooooooooooooooooo

2016, ഒക്‌ടോബർ 7, വെള്ളിയാഴ്‌ച

സ്വതന്ത്ര വിശ്വാസംസാക്ഷ്യപത്രങ്ങളിൽ ജാതിവർഗ്ഗ മതവർണ്ണം
കോറിയിടാനെന്നെ നിർബന്ധമോതവേ
വിശ്വസിക്കുന്നില്ല ഞാൻ സ്വതന്ത്രനെന്ന്
ദേവപ്രീതിക്ക് പാൽപായസം, കനക തുലാഭാരം
പട്ടിണിബാല്യത്തിനെച്ചിൽക്കൂനയുമവഗണനയും
അമ്പലനട അഭയസ്ഥാനമെന്ന് കരുതുന്നില്ലയൊട്ടുമേ
നഖക്ഷതമേൽക്കാതെ ബാക്കിയായൊരു മുലക്കണ്ണു
രതിയാട്ടമാടി വികൃതമാക്കാത്തൊരു യോനീദളം
പാതിരാവിലൊരു പാതവക്കിലവശേഷിക്കാത്തിടം വരെ
സ്ത്രീയമ്മയാകുന്നതെങ്ങനെയനിയത്തിയായിടുവതും
കടുത്ത സാമ്പത്തിക അസമത്വം വിരിഞ്ഞ് ഭൂലോകം
കാലമെല്ലാം നിറഞ്ഞുടയോനടിയാളൻ നിലനിൽക്കവേ
സ്വർഗ്ഗനരകം വിധിനിർണ്ണയം ഇവിടെയല്ലാതെ മറ്റെന്ത്
കരമടവ്, ജപ്തി, ഭുജിപ്പതും ഔഷധവുമെന്തറിയാനാവാതെ
വാഴുന്നവനെയധികാരിയെ വണങ്ങിടാൻ മാത്രം വിധിക്കവേ
ജനാധിപത്യം കഴുമരച്ചോട്ടിലെന്ന് കനത്തിൽ കുറിച്ചിടുന്നു
വേദങ്ങളിലെഴുതിയിട്ടതെന്തും വെറുംവാക്കായുറയാതെ
വേദനിക്കുന്ന ഹൃത്തിലേക്കമൃതായ് കുരൽ ചീന്തിത്തെറിക്കട്ടെ
0000000000000000000000000000000

2016, ഒക്‌ടോബർ 4, ചൊവ്വാഴ്ച

ഞാൻ സ്വതന്ത്രനല്ലഎന്റെ ചിന്തകൾക്കുമേൽ
നിന്റെ നോവടയിരിക്കവേ
ഞാനൊട്ടും സ്വതന്ത്രനല്ല
എഴുത്താണിയിൽ നിന്ന്
ചുവപ്പൊഴുക്കാൻ ശൂലമെടുക്കയിൽ
സ്വാതന്ത്ര്യം ചിതലരിക്കുന്നു
ഭരണപക്ഷത്ത് നിന്നൊതുങ്ങി
പ്രതിപക്ഷത്തേക്കെത്താതെ
സ്വയം പക്ഷമെന്നൊടുങ്ങവേ
ജാതിമേലാളർ ശീട്ട് കീറുന്നു
ഉണക്കമീനിനു കാവലിരിപ്പവനു
സ്വാതന്ത്ര്യമെന്തവധിയെന്ത്
ഇനിയെന്റെ വിത്തുതോട്ടവും
വിതയും വിഷുപ്പുലരിയൊക്കെയും
നിന്റെ വിഷം തിന്ന് മുരടിക്കയിൽ
പാരതന്ത്ര്യത്തിന്റെ പതാകയുയരുന്നു
മുറ്റത്തിറങ്ങി ജയം വിളിക്കാനാവാതെ
മൂന്നാളു കൂടുന്നിടത്ത് മുഖം കാട്ടാനരുതാതെ
മുറിയടച്ചിരുന്ന് ഞാൻ സ്വതന്ത്രനാവുന്നു
000000000000000000000000

മധ്യ വർഗ്ഗ വിപണനംമൃതമായ്ത്തീരുമന്നുവരേക്കും ഞാനീ
മണ്ണിൽ വിത്തുവിതയ്ക്കും വളമിടും
വിളയൊന്ന് നടാൻ നിന്റെ പാട്ടം പത്തും
വാങ്ങിയ മുൻപണത്തിന്റെ പലിശയെട്ടും
ലാഭവിഹിതം, തൂക്ക് കൂലി, തിലാനൊന്ന്
ലാക്കോടെ നീയെന്റെ വിയർപ്പൊക്കെയും
നക്കിക്കുടിച്ചെന്നെ വെറും വിയർപ്പായ്
നടുത്തെരുവിലേക്ക് വിടുന്നുവെന്നാകിലും
ഇല്ലയൊരുനാളുമെന്റെ സിരകളിൽ
ഇരച്ചുകയറില്ല മടുപ്പെന്ന മഹാമാരി
വാഴ നട്ടവൻ, കാച്ചിലിനു കിളച്ചവൻ
വെള്ളരി പടർത്തവനെന്നും പട്ടിണിയാകിലും
രസമോടെയുണ്ടെന്റെ കിടാത്തിയെ രസിച്ച്
രതിമൂർച്ഛകണ്ട് കുളിർകൊണ്ട് നീ കഴിയുന്നു
വരുമൊരു മഹാപ്രളയം വരുമത് നിശ്ചയം
വീണടിയും നിന്റെ മധ്യവർഗ്ഗ സിംഹാസനം
നട്ടു വെച്ചവൻ തന്നെ നാളൊക്കെയും
നല്ല വിളവൊന്നെടുത്ത് നാണ്യം കൊയ്തിടും
ഉറക്കമല്ലിത്, ധരിക്കായ്ക ഞാനുയിർ കെട്ടവൻ
ഉയർന്നിടുമുടൻ നാടിന്റെ ജീവ നാഡിയായ്
xxxxxxxxxxxxxxxxxxxxxxxxxxx

അവളെന്റെ മകളായിരുന്നു. . .

കൃഷ്ണാ, നാമൊരേ ചില്ലയിൽ പൂത്തവർ നാമരൂപങ്ങളഴിഞ്ഞവർ, പഥിതർ ഒരേ സൂര്യന്റെ കടും തപം മോന്തിയോർ ഒന്നിച്ചൊരേ കുടയിൽ നനഞ്ഞവർ നീയെന്റെ കണ്ണാ, ...