2016, ഒക്‌ടോബർ 28, വെള്ളിയാഴ്‌ച

പ്രണയാന്തരം



ഊടുവഴികളിൽ നിന്ന്
വേലിപ്പടർപ്പിന്റെ കാവൽ നുണഞ്ഞ്
നാട്ടുപച്ച ഞരടി ഹൃദയപ്പെരുമ്പറ കേട്ടതും
മഞ്ചാടി മയിൽപ്പീലി മഷിവട്ട്
വർണ്ണപ്പൊതികളിലിട്ട് നിൻ
കൈവെള്ളയിൽ തൊട്ടതും
ദീപാലംകൃത നടയിലാരു കാണ്മതും
കാണാതെ നിന്നെമാത്രം കണ്ടു നിന്നതും
കണക്കും ക്രിയകളൊക്കെയും തെറ്റിച്ച് നീ
കുറുപ്പ് മാഷിന്റെ ചൂരൽക്കഷായം മോന്തവേ
കൂട്ടത്തിലാരുമറിയാതെ കണ്ണു ഞാൻ തുടച്ചതും
പ്രണയമായിരുന്നെന്റെ ജീവനായിരുന്നു
ഒരു ശ്വാസമൊരു ജന്മമതിനപ്പുറമജ്ഞാതം

സൈബർ തോപ്പുകളിൽ പുലരുവോളം
കണ്ടിരിക്കാനുദ്ധാരണ വാതിൽ തുറക്കാൻ
സ്ഖലന നോവിന്റെയാദ്യം വരെ കിന്നരിക്കാൻ
ആർത്തവ നാളിനെച്ചൊൽപ്പടിക്കു നിർത്താൻ
സുരക്ഷിത കാലം, ചർമ്മ സംസർഗ്ഗം, ബീജ നിർവ്വീര്യം
മാർഗ്ഗങ്ങളിൽ പര്യവേക്ഷണം നടത്താനൊഴുകാൻ
വിവാഹപൂർവ്വ വിനോദം, യൗവ്വനച്ചേഷ്ട
വാക്കുകളിൽ ശൗര്യം കുറച്ചെല്ലാം ലളിതമാക്കാൻ
എന്തെന്തു തന്നെ കാര്യ കാരണം ചൊല്ലിലും
കാലമെത്ര പുരോഗതിക്കൊടി കാട്ടിലും
ഒന്ന് മാത്രമടിയനു മോഹമുണ്ടാർത്തിയുണ്ട്
എല്ലാ ഭ്രമങ്ങൾക്കുമപ്പുറം
നിന്റെ ശാരീരം ഉയർന്ന് നിൽക്കണം
പ്രണയ പാരവശ്യങ്ങളുടെ
നിരാസ യൗവ്വനം താണ്ടി
ജരാനരയൊന്ന് പക്വത നേടണം
ഒടുവിലെന്റെയൊടുക്കത്തെ ശ്വാസവും
നിന്നെ നിന്നെമാത്രമോർത്ത് തേൻ ചുരത്തണം

0000000000000000000000000000000

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...