2017, സെപ്റ്റംബർ 12, ചൊവ്വാഴ്ച

കണ്ണനില്ലാത്തിടംകണ്ണാ. . .
ഇവ്വുലകിലില്ല നിന്റെ പ്രണയം
ഇത്രമേലെന്നെ ഓർമ്മിപ്പിച്ചിടാത്ത
ഒരു ചെറു മുളന്തണ്ടു പോലും
പതിനാറായിരത്തെട്ട് 
പ്രണയപാരവശ്യത്തിനപ്പുറം
നിന്റെ മനോമുകുരമെന്നെ മാത്രം
ഇത്രമേൽ കൊണ്ടാടുവാനെന്ത് സുകൃതം
ഈ പാഴ്ജന്മം ചെയ്തു, നീ സ്വപ്നം
നീ തന്നെ സത്യവും ധർമ്മവും
മയിൽപ്പീലിയൊന്ന് പൊഴിഞ്ഞു കിടപ്പത്
മാലൊകർക്കൊക്കെയും വെറും കാഴ്ചയാവാം
എന്റെ നാഥാ,
കരളുപിടയ്ക്കുന്ന വിരഹനോവത് അറിയുന്നു, നീ
പോയതിൽപ്പിന്നെ, നീ തൊട്ടതൊക്കെയും
പൂജാദ്രവ്യമായ് കാക്കുന്നയെന്നെ കാണുന്നുവോ
അറിയുന്നു ഞാനെന്റെയകതാരിലത്രമേൽ
ആഴത്തിലുണ്ട് നീ, നീറുമൊരു കനവായ്
ഇനിയില്ല കണ്ണാ ജന്മാഷ്ടമിയൊന്നുപോലും
കലങ്ങാതെയെന്റെ കണ്ണും കരളുമൊരിക്കലും
കാത്തിരിപ്പാണേറ്റവും കയ്പേറിയ ജീവിതമെങ്കിലും
നിന്നെക്കാത്തുകാത്തുഴന്നെനുൾക്കണ്ണിലുദിക്കും
മധുരമാം നാളൊന്നിനു മാത്രമായ് കാത്തിരിപ്പൂ
വരിക, വീണ്ടുമെൻ ആടകളൊക്കെയും കവരുന്ന
കള്ളക്കാർവർണ്ണനായ് നീയെന്റെയമ്പാടി
സ്വർഗ്ഗമാക്കീടുക,നിന്നിലൂടെ നേടട്ടെ ഞാൻ നിത്യത
==========================


2017, സെപ്റ്റംബർ 11, തിങ്കളാഴ്‌ച

നഗരവാരിധി നടുവിലൊരു സ്വർഗ്ഗംവാക്കുകളുടെ ഊഷരപ്രവാഹത്തിൽ
മാന്ത്രികതയൊളിപ്പിച്ച അക്ഷരക്കൂട്ടുകളിൽ
തിരിച്ചറിയാത്തത്ര കുഴച്ചെടുത്ത ബിംബങ്ങളിൽ
എന്നും സ്വയമൊരു സ്വർഗ്ഗതലം പടച്ചിട്ടുണ്ട്
സുകുമാര കവിതകളുടെ ആകത്തുകകളിൽ
ആനമറിക്കുന്നിന്റെ വശ്യതയൊപ്പിയെടുക്കയിൽ
ഞാൻ, ഞാൻ മാത്രമായിരുന്നു ഭാഗ്യം കൊയ്തവൻ
നിന്നിലേക്കൂളിയിട്ടിറങ്ങിയ ചിങ്ങപ്പകൽ
നിന്റെ സൗന്ദര്യം തൊട്ടറിഞ്ഞ നഗരവെയിൽ
നിന്നെ മുട്ടിയിരുന്ന് നുണഞ്ഞ ഹിമമധുരിമയിൽ
പ്രകാശത്തിന്റെ സപ്തസ്വരൂപം സത്യമായിരുന്നു
ഞാനും നീയുമെന്ന ബന്ധത്തിനു ചിത്രലഹരിയിൽ
കറുത്ത ചായം മാത്രം കരുതിവെച്ച മേല്ക്കൂട്ടം
മഴവില്പ്പാലത്തിനുമപ്പുറം കായലും താണ്ടി
ശാലമോന്റെ കൊത്തളം കാണാതെ പോയതാവാം
റയിൽപ്പാതയിലെയിടുങ്ങിയ തുരങ്കങ്ങൾ മാത്രം
ചുമർ ചിത്രങ്ങളിൽ കൊത്തിവെക്കാൻ ശഠിക്കവേ
കുങ്കുമപ്പൂ വിതറിയ നനുത്ത പുൽമേടുകൾ ഒരായിരം
ജീവിതപ്പാതയിൽ നിറയുന്നത് വിരൽച്ചൂണ്ടിക്കാട്ടുന്നു
കോടികളുരുക്കിപ്പണിത ഇടപ്പള്ളിക്കുമപ്പുറം
കുഞ്ഞുറങ്ങുന്ന പനിനീർമെത്തയും താണ്ടി
സ്നേഹം വാരിക്കോരിച്ചിറകെട്ടിയ നിന്റെ
കുഞ്ഞു ഭവനമാണു സ്വർഗ്ഗമെന്ന് തിരിച്ചറിയവേ
മടക്കയാത്രയ്ക്കു മടിച്ചു ഞാൻ പടിപ്പുറം നില്ക്കുന്നു
=========================================================

2017, സെപ്റ്റംബർ 9, ശനിയാഴ്‌ച

ഗൗരീ,നീ ഞാനായിരുന്നു


പ്രത്യയങ്ങൾ നഷ്ടപ്പെട്ട
എന്റെ ശബ്ദകോശത്തിലേക്ക്‌
ഇനിയുമൊരു തറയ്ക്കുന്ന വാക്കായ്‌ നീ പുനരവതരിക്ക
വർണ്ണങ്ങൾക്ക്‌ മേൽ വസന്ത ക്ലാവൊട്ടിയുറയുന്ന 
വെറിപൂണ്ട സായന്തനങ്ങളിൽ വിറയ്ക്കാതെ നിതാന്തം 
വീശിയടിക്കുന്ന വിപ്ലവജ്ജ്വാലയായ്‌ നീ വീണ്ടും മുളയെടുക്ക
വെട്ടിയറുക്കപ്പെട്ട കവിതയുടെ ആഴങ്ങളിൽ
ഒരു പരൽ മീനായെന്നും കുഞ്ഞോളങ്ങളെ പടക്കുക
ദൂരെ പ്രകാശവർഷങ്ങൾക്കുമകലെ നിശ്ചയം 
കവിതയുടെയൊരു മഹാമേരു കാത്തിരിപ്പുണ്ടെന്ന്
എന്റെ കാതിൽ കിന്നാരമാവുക, എന്നിലെ ഞാനാവുക  
വാക്കിന്റെ മൂർച്ചയിൽ തലയറ്റുപോയ
ബന്ധങ്ങളെ പനിനീർ തെളിച്ചു നീ പടികയറ്റുക
ഇന്നലെ നീന്തിയകന്നൊരു പൊന്മാൻ, അമ്പേറ്റ മാന്‍പേട
ജാതി പൂത്തൊരയൽക്കാർ, മതം വെന്ത അടുക്കള 
മതിലുയര്‍ത്തിയ സമുദായം, മരണം ചവയ്ക്കുന്ന പുരോഹിതന്‍  
നീ  കറമാറ്റുമൊരു അങ്ങാടിമരുന്നായ്‌ എന്നില്‍ ഉണ്ടാവുക
ക്ഷാരപരലുകൾ വിതറി നിർവ്വീര്യമാക്കപ്പെട്ട  വാതായനങ്ങളിൽ
ഒരമ്ലമേഘമായ്‌ വന്ന് രാസബന്ധങ്ങളിൽ സ്നേഹം  പെയ്തിറങ്ങുക
കൊട്ടിഘോഷിക്കപ്പെടാത്ത കാവ്യ വരികളിൽ
കോമാളിവേഷം കെട്ടിവെക്കുന്ന മുഖങ്ങളിൽ
ഒട്ടുമാർക്കും വേണ്ടാത്ത ചുവരുകളിൽ
നീ നല്ലെഴുത്തായ്‌ കല്ലിച്ചു കിടക്കുക
ചോരകൊണ്ട്‌ ഭരണാസനമുറപ്പിക്കുന്ന
ചെകുത്താൻ വർഗ്ഗം തഴച്ച്‌ നിൽക്കിലും
നിന്റെ എഴുത്താണി നിരാലംബർക്ക്‌ നിത്യ വസന്തമാവട്ടെ
വിപ്ലവത്തിന്റെ വാൾത്തലയ്ക്കപ്പുറം
വീര്യം മൂത്ത നിന്റെ തൂലിക തെന്നി നീങ്ങവേ
കാവി വെടിയുണ്ടയുടെ കരിഞ്ഞ ആദർശം  
നിന്‍റെ പ്രഭാതങ്ങളെ  ഊതിക്കെടുത്തയിൽ
അപ്പോൾ, അപ്പോൾ മാത്രം ഞാൻ തിരിച്ചറിയും
ഗൗരീ, നീ ഞാനായിരുന്നു, നിലകൊണ്ടതൊക്കെയും
എന്നെയിരുൾ മൂടി കവിത നിലയ്ക്കാതെ കാത്തതായിരുന്നു

2017, സെപ്റ്റംബർ 1, വെള്ളിയാഴ്‌ച

പ്രണയത്തിന്റെ ജാതി ജാതകംആടിത്തിമിർക്കുന്ന ഉത്സവപ്പറമ്പിൽ നിന്ന്
എന്റെ പ്രിയനേ, നിനക്കായ് ഞാൻ
ആശംസകൾ പടച്ച് വിടുകയാണു
ജാതിക്കാടുകളിൽ വെട്ടേറ്റ് വീണ നിന്നിലേക്ക്
എന്റെ വാക്കുകൾ ചത്ത മത്സ്യങ്ങളായ്
എടുത്തെറിയപ്പെട്ടേക്കാം
സഹനവും സ്നേഹവും സമം ചേർത്ത്
ദേവസൂക്തങ്ങളിൽ ചാലിച്ച്
പള്ളിമേടകളിൽ വിളമ്പിക്കൊണ്ടിരിക്കെ
പകയൊരുകഴഞ്ച് വിഭാഗീയതയിൽ കുറുക്കി
വിശുദ്ധ രാവുകളിൽ കൈവെള്ള ചോക്കുന്നു
ഞാനും നീയുമെന്ന പ്രണയപൊയ്കയ്ക്കപ്പുറം
രണ്ട് വിശ്വാസമെന്ന രക്തവർണ്ണമൊഴുക്കി
സദാചാരപ്രേമികൾ കൊയ്തതെന്താണു ?
ആയിരം തിരികളുടെ ആലക്തിക സന്ധ്യയ്ക്കക്കരെ
കാരാഗൃഹ വാസത്തിന്റെ കടുംകൂട്ട് രുചിച്ച്
എന്നെ നോറ്റിരിക്കുന്ന നിന്നിലേക്കെൻ ദേവനേ
ഒരു മന്ത്രോച്ചാരണ പുണ്യം പോൽ പടരാൻ
ഏത് ധൂമക്കുറ്റിയിലാണു ഞാൻ കനലിടേണ്ടത് ?
ഇരുമേനികളുടെ ഇഴചേരലിനപ്പുറം
ഇരട്ടമനസ്സുകളുടെ സ്വരച്ചേർച്ചയാണു ദാമ്പത്യമെന്ന്
വാളോങ്ങും മുമ്പെൻ ജാതിക്കോമരമൊന്ന്
വീറുവെടിഞ്ഞുണരുന്ന  പുലരിയിലെൻ മണാളാ
നിന്റെ വാമഭാഗത്ത് ഞാൻ വെറും തറയിൽ
കൈകൂപ്പി പ്രണയവേദം ചൊല്ലി സ്വപ്നം പകുക്കും
അതുവരെ, തമ്മിലീർഷ്യ പെരുക്കുന്ന പുത്തൻ
ജാതിവ്യവസ്ഥകൾക്കോശാന പാടി ഞാൻ
നല്ല ആട്ടിൻ കുട്ടിയായിത്തിരിയീ വിശ്വാസപ്പാടത്ത്
പുരോഹിതപ്പരിഷകൾക്കുദ്ധാരണം പകരട്ടെ
=========================


2017, ഓഗസ്റ്റ് 28, തിങ്കളാഴ്‌ച

പ്രണയ കുംഭം നിറഞ്ഞൊഴുകുന്നുപ്രിയേ,
ഞാൻ നിന്നെ പ്രണയിക്കവേ
അതിലെ രസമേതെന്നവർ ചികയുന്നു
അറിയുക, 
ഒരു രസത്തിനപ്പുറം എന്റെ ജീവിത
രസായനം തന്നെ നീയാകുന്നു
ചിങ്ങമിങ്ങനെ ചിണുങ്ങിപ്പെയ്യവേ
എന്റെ കവിതയെ ഇഴകീറിപ്പറിക്കുന്നു
അവരറിയുന്നില്ല,
എന്റെ കവിതയിലന്യുസൂതമൊഴുകുന്നത്
നിന്റെ വർണ്ണാഭമായ കനവുകളെന്ന്
നിന്റെ വസന്തങ്ങളിൽ പറന്നിറങ്ങി
ഞാൻ മധുവുണ്ട് ലഹരി കൊൾവത് മാത്രം
നിതാന്തമവർ നിരീക്ഷിക്കുന്നു
കത്തുന്ന വേനലിൽ നീയുരുകയിൽ
നിന്റെ നാഭിച്ചുഴിക്കപ്പുറം ഞാൻ
ഹിമബിന്ദു സ്രവിച്ചത് കാണാതെ പോവുന്നു
പ്രണയമെന്നാൽ വെറുമൊരു ശരീര ദാഹമല്ല
കാലമൊക്കെയും തീരാത്തൊരുത്സവം
സിരകളിൽ നിന്നൊഴിയാത്ത ഉന്മാദം
സുന്ദരസ്വപ്നങ്ങൾ മാത്രം പൂക്കുന്ന വസന്തം
ഇനിയീ ഭ്രമങ്ങളിൽ നിന്നൊക്കെയും കിനിയുന്ന
അമൃത കണങ്ങളെ കടഞ്ഞൊരു കുംഭത്തിലാക്കി
ഞാൻ പുതിയൊരു കാവ്യകടലൊരുക്കും
അതിലെന്റെ പ്രണയത്തിൻ നേരുകാണും
=================================

2017, ഓഗസ്റ്റ് 25, വെള്ളിയാഴ്‌ച

ഞാനുറങ്ങാരാവൊക്കെയും. . .


ആതിരേ,
പ്രണയ പാരവശ്യം കുതിർന്നയെൻ
കണ്ണുകളിലൊരു താമരമൊട്ടായ്
നീയുദിക്കാൻ മറുപ്പതെന്തേ 
അത്രമേൽ തരളമെൻ ഹൃത്തിലൊരു
പൊയ്കയി,ലെന്റെ സ്വപ്ന വനികയിൽ
അരയന്നമായ് നീ വരും നാളിനൊന്നായ്
തപം കൊണ്ട് കഴിവതുണ്ട് ഞാനെന്നത്
കാണാതെ നീ പോവതോ, സ്വയമൊതുങ്ങി
കനവിലൊരു മാളികതന്നിലെന്നെ കാണ്മതോ
നീ പൂക്കാതെപോയൊരത്തവും ചിണുങ്ങാച്ചിങ്ങവും
നീയുദിക്കാ പകലൊക്കെയും കിനിയാ ഉറവയും
ഒഴുകാതെ പോയ നീർച്ചാലരുവിയും പ്രിയതമേ
തീർക്കുന്നതെന്നിലൊരു കൊടും വേനൽ മാത്രം
അറിയുന്നു ഞാനാർദ്രേ, മൗനമായ് തിരുനടയിലൊരു
സന്ധ്യാ വന്ദന നേരത്ത് ദീപപ്രഭ തട്ടി നീ തൊഴുകയിൽ
ഇല്ല നിന്നിൽ ഞാനല്ലാതെ  രൂപമൊന്നെങ്കിലും
നിന്റെ പുരോഭാഗത്ത് കാലമൊക്കെയുമധികാര
മുദ്രചാർത്തി ഞാൻ നിലകൊള്ളുന്ന നാളൊന്ന് വരെ
ഈ മണല്‍ക്കാട്ടിലീ ഏകാന്തരാത്രി ഉറങ്ങാതെ പുലരട്ടെ
xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

2017, ഓഗസ്റ്റ് 23, ബുധനാഴ്‌ച

പ്രണയമൈലാഞ്ചി പൂക്കവേ. . .


ഓ ആലിയാ, 
മുഹബ്ബത്തിന്നത്തർ പുരട്ടിയ
ഏതുറുമാലിലാണു നിന്റെ പേരു
ഞാൻ തുന്നിച്ചേർക്കുക
ബാല്യത്തിലോതിപ്പഠിച്ച,
ഹൂറികളുടെ മൊഞ്ചിനപ്പുറം
ഹൃദയവാടത്തിലെവിടെയാണു
നിന്നെ ഞാൻ കാത്ത് വെക്കുക
മൈലാഞ്ചിച്ചോപ്പിലിടകലരുന്ന
നാണത്തിൽ കുതിർന്ന മുഖകാന്തി
വിരലുകൊണ്ടെത്ര നേരമാണു നീ
കുസൃതിയിലൊളിപ്പിച്ച് കാക്കുക
ജിന്നുകൾ ഇണതേടാനിറങ്ങുന്ന
മൂവന്തി നേരത്ത്, പള്ളിത്തൊടിയിൽ
കാത്തിരുന്നതെന്നെയല്ലെന്ന്
ആരെയാണു നീ വിശ്വസിപ്പിക്കുന്നത്
ഇനിയുമാലിയാ, എന്റെ ഹൃദയം
കല്ക്കണ്ടം ചാലിച്ച്, കുങ്കുമപ്പൂ വിതറവേ
എന്റെ പ്രണയത്തിലേക്ക് നീ വീണ്ടും
കടക്കണ്ണെറിഞ്ഞെന്നെ തളർത്തായ്ക
ഏത് കടലിനപ്പുറവുമെന്റെ പ്രിയതമേ
നിന്റെ ഹൃദയം തമ്പുരുമീട്ടുന്നതെപ്പഴും
എന്നെയോർത്തല്ലെന്നാരെ ഉണർത്തണം
അസർമുല്ലയായകതാരിൽ പൂത്ത് നില്ക്കുന്ന
നിന്നെ ഞാനെങ്ങനെയാണാലിയ, കൂർത്ത
കള്ളിച്ചെടികൊണ്ട് മീസാൻ കല്ല് കൊണ്ട്
അടയാളമിട്ട്, കരളിൽ നിന്ന് കരിച്ചൊടുക്കുന്നത്
xxxxxxxxxxxxxxxxxxxxxxxxxxxxxxxxxx2017, ഓഗസ്റ്റ് 17, വ്യാഴാഴ്‌ച

നിത്യത തേടുന്ന പ്രണയകാവ്യംജീവിതപ്പെരുവഴിയിലെപ്പഴോ
പാതിയടഞ്ഞ്, പൊടിയടിഞ്ഞ്
തുരുമ്പ് തിന്നയീ തകരപ്പെട്ടിയിൽ
ഓമനേ, ഇനിയും ദ്രവിച്ചിട്ടില്ലാത്ത
നിന്റെ ഓർമ്മകൾ വാഴുന്നിപ്പഴും
കൂവിയാർത്ത് ചുറ്റും തിമിർക്കുന്ന
കുരുന്നുകൾക്ക് ഓട്ടുവളപ്പൊട്ടിതെങ്കിലും
ഒട്ടും ചോരാതെ നിന്റെ മണം കാക്കുന്ന
നിത്യ പ്രണയ സ്മാരകം കയ്യിലെടുപ്പു ഞാൻ
അന്നൊരുത്സവപ്പിറ്റേന്ന് പുലരിയിൽ
ആരുമുണരാത്ത ഊടുവഴിയിൽ
താമരത്തണ്ടിനൊത്ത നിൻ കയ്യിൽ
ഞാനണിയിച്ച ആദ്യ പ്രേമ സമ്മാനം

ഇന്നീ പെരുമഴയത്ത് കാറ്റടിയേറ്റ്
പാടവരമ്പിലങ്ങേത്തല്യ്ക്കൽ കണ്ണുനട്ട്
കാത്തിരിക്കുന്ന വേളയും കേൾക്കാമെനിക്ക്
നിന്റെ പദനിസ്വനം, ഒരു മൂളിപ്പാട്ട്
എന്നിലൊരു പാതിരാവുമുറങ്ങാതെ
നിന്റെ ദാഹം നിലയ്ക്കാതൊഴുകുന്നു നിത്യവും
അമ്പലനടയിലാമ്പൽക്കുളത്തിലാറ്റുവക്കിൽ
നീയാണെനിക്കോർമ്മ, നിയതി, നീർ വീഴ്ച
നിന്നിൽ നിന്നെന്നെപ്പിഴുതെടുക്കുവാൻ
ഇനിയുമൊരായിരം കൊയ്ത്തുകാലം താണ്ടണം
നിന്റെ മാംസം പൂത്ത മരക്കൊമ്പിലൊരിക്കലും
കഴുകജന്മമാടിയില്ല ഞാനെങ്കിലും, അറിയുന്നു
നീ വിടർന്ന രാവുകൾ, മധുകിനിഞ്ഞ മേടുകൾ
ഇനിയീ ഒടുക്കത്തെ രാഗവും പാടി നടയടയ്ക്കവേ
ഒന്നായൊഴുകണം നിനക്കൊത്ത്, ഒടുവിൽ
നീ ഉറക്കം നടിച്ചൊളിച്ചു കിടക്കുമിതേ മണ്ണിൽ
നിന്നിൽ കുതിർന്നലിഞ്ഞ് പിന്നെയും കാലമൊക്കെയും
ഒരു പുതിയ പ്രണയകാവ്യമായ് വസന്തം ചുരത്തണം
0000000000000000000000000000

2017, ഓഗസ്റ്റ് 8, ചൊവ്വാഴ്ച

അനാഥപ്രേതം എന്റെ അമ്മയായിരുന്നു. . .ഓർമ്മയിലാദ്യം നിന്നെത്തിരയുന്നത്
എന്നെ വാരിയെടുത്ത് യോഗീ പാദം
പടിയിറങ്ങുന്ന ആനമറിച്ചെരുവിലാണു
തല തിരിഞ്ഞപ്പൻ നല്ല കനവനായില്ലെങ്കിലും
മകനു തണലായിരിക്കയെന്നോരോ
നരച്ച താടീ മുഖത്തും എനിക്കായ് യാചിപ്പവൾ
പള്ളിക്കൂട ജാലകത്തിനപ്പുറം പുകയുന്ന
ഉപ്പുമാ ചെമ്പിനൊത്തുരുകുന്ന തള്ളയെ
സ്വന്തം സ്ഥാപിച്ചപമാനിതനാകാതിരിക്കയെന്ന്
നീറുന്ന കണ്ണിൽ നിന്നെന്നെ മറച്ചവൾ
കൊടികുത്തി വഴിപാട് കഴിച്ച് പട്ട് മൂടുന്ന
മൂഢ സ്വർഗ്ഗത്തിലൊക്കെയും എന്നെയും  കൂട്ടി
അനുഗ്രഹം തേടിയന്നം യാചിച്ച് നടപ്പവൾ
ചുമടെടുപ്പവളെ ചൂഷണം ചെയ്യുന്ന പാറമടകളിൽ
തീയെരിപ്പവളെ തീയായെരിക്കുന്ന ഭോജനശാലകളിൽ
സാക്ഷയില്ലാത്ത വാതിലിലെനിക്കായ് പാതിരാ
സാക്ഷിയാക്കി ഉറങ്ങാതെ കാലമൊക്കെയും പുലർന്നവൾ
വേദം പൂക്കുന്ന വഴിയമ്പലങ്ങളിലൊക്കെയും
വേദനയൊട്ടുമെന്നെയറിയിക്കാതെ നിത്യവും
വെന്തുരുകി സ്വയമൊതുങ്ങി വളർത്തവളെ
വിദേശവാസത്തിലൊരിക്കലുമോർക്കാതെ
ആണ്ടറുതിയും അമാവാസിയുമോണവും, നിന്റെ
അല്ലലൊന്നുപോലും എന്നെ അലട്ടാതെ
ഇന്നു നീയൊടുങ്ങിയ ഈ ഒടുക്കത്തെ വേളയിൽ
വായിലൊരിറ്റ് നീരുപകരാൻ, പട്ടടയിൽ തീയാവാൻ
പത്തു നിമിഷമെങ്കിലുമൊന്നു വിതുമ്പിക്കരയാൻ
പക്കമൊന്നു നീക്കിവെക്കാതെയിന്നാരുമറിയാത്ത
നിന്റെ മരണത്തിൽ ബാക്കിയായ എല്ലിൻ കൂടിനെ
തൊട്ടു ഞാനൊട്ടു പൊട്ടിക്കരയവേ ഇമ്മട്ടിൽ ഞാൻ
പെട്ടുപോയ പൊട്ടലോകം കൈകാട്ടി വിളിക്കുന്നു പിന്നെയും
xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

2017, ഓഗസ്റ്റ് 5, ശനിയാഴ്‌ച

മൂടാടിക്കാഴ്ചയുടെ രാഷ്ട്രീയ മാനം


ചില കാഴ്ചകൾ അങ്ങനെയാണു
ഒന്നിൽ നിന്നൊന്നിലേക്ക്
പിന്തുടർച്ചയവകാശപ്പെട്ട്
മനസ്സിലവയൊരു 
ചലചിത്ര വിസ്മയം തീർക്കും
മകന്റെ പള്ളിക്കൂടത്തിനപ്പുറം
മൂന്നും കൂടിയ കവലയിൽ
തേഞ്ഞ് തീർന്നൊരു വള്ളിച്ചെരുപ്പ്
ചോര പടർന്ന് കിടക്കയിൽ
അത് കാഴ്ചയുടെയൊരു
ത്രിമാന ആകാരമായിരുന്നില്ല
തൊട്ടടുത്ത്, ഇന്നലെ രാത്രിയിൽ
പൊതിയഴിച്ച പരാധീനത
ഉപ്പുപരലുകളായ് ചിതറിക്കിടപ്പുണ്ട്
ജീവിതത്തിന്റെ ആകത്തുകയിൽ നിന്ന്
സ്വരൂപിച്ച മധുരമൊക്കെയും
ചാറൽ മഴയിൽ അലിഞ്ഞു തീർന്നിരിക്കുന്നു
വാഗ്ദത്ത ലംഘനങ്ങളുടെ, സ്ഥിരമായ
തല ചൊറിയലുകൾക്കപ്പുറം, ഒരു കടലമിഠായ്
വണ്ടിച്ചക്രത്തിനു കീഴിൽ അരഞ്ഞു കിടക്കുന്നു
മൂടിപൊട്ടി തറയിൽ പടർന്ന കൊട്ടൻ ചുക്കാദി
മൂലയിൽ, ആസ്ത്മയ്ക്ക് കൂട്ടിരിക്കുന്ന 
കാലനു വേണ്ടാത്ത ഒരമ്മച്ചിത്രമാണു
കാഴ്ചയുടെ പ്രവേഗം ത്വരിതപ്പെടുമ്പോൾ
കണക്കു കൂട്ടലുകളിൽ മടക്കു നിവരാത്ത
വിരലുകളുമായ് ഒരു കൈപ്പത്തിയറ്റു  കിടക്കുന്നു
വട്ടുരുട്ടിയൊരു കുസൃതിയിപ്പോഴും
പാടവരമ്പിൽ കണ്ണെറിയുന്നുണ്ടാവും
പുകഞ്ഞ് തീ പടരാത്ത അടുപ്പത്ത്, വേവാത്ത
അരിക്കലത്തിനോട് കലഹിച്ചൊരു സ്ത്രീത്വം
ആഞ്ഞു ചുമച്ചിട്ടും കഫമൊട്ടും പോരാതെ
ആധികൊണ്ടൊരു ആയ്സ്സിന്റെ അനുഭവം
രക്ത സാക്ഷിയിൽ അവകാശം സ്ഥാപിക്കാൻ
അർത്ഥമില്ലാതെ പാറുന്നുണ്ടപ്പഴും, കൊന്നവന്റെ
നിറം മങ്ങിയിട്ടും കീറിയെറിയാത്ത പകക്കൊടി
xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx


2017, ഓഗസ്റ്റ് 1, ചൊവ്വാഴ്ച

നീയെന്ന രസത്തിനപ്പുറം. . .പ്രണയ പാരവശ്യത്താലെന്നോമനേ
പുലരുവോളം നിന്നെയങ്ങനെയനങ്ങാതെ
പ്രാർത്ഥനാഗീതമായ് നോക്കിക്കിടന്നിട്ടുണ്ട്
പൂവിനെ പൂമ്പാറ്റയെ പരൽ മീനിനെ
പൈതങ്ങളെക്കൊഞ്ചിക്കും മട്ടിലെൻ പ്രിയതേ
പെയ്തൊഴിയാ കാലമൊക്കെയും നീയായിരുന്നു
പരിണയം കഴിഞ്ഞു നിന്നെക്കിട്ടിയ പാതിരാ തൊട്ട്
പകലന്തിയൊക്കെയും നീയല്ലാതില്ല മറ്റൊന്നുമേ
പെറ്റെന്റെ പിഴയൊക്കെയും പൊറുത്ത് ഞാൻ
പിച്ചവെച്ച് ഞാനാകുവോളം പോറ്റിയ തള്ളയെ
പാറയെടുത്ത് പാടമുഴുത് അസ്തമയം വരെ
പാടുപെട്ടെന്നെ തീറ്റി പുണ്യം ചെയ്ത താതനെ
പരിഗണിച്ചിട്ടില്ല ഞാനാരെയും നീകണക്കെ
പച്ചയായ് ഞാൻ കണ്ട ചിത്രം അസത്യമെന്ന്
പരപുരുഷനൊത്ത് നീ മേനി പകുത്തത് ദു:സ്വപ്നമെന്ന്
പുറം ലോകമാരുമറിയാതെ പാലിച്ചിരുന്നു ഞാൻ
പിന്നെയും നീയെന്നെയൊരു പാവ കണക്കെ
പകിടകളിക്കും ലാഘവം പന്തുരുട്ടവേ
പുകച്ചു തള്ളിയുള്ളിൽ പതഞ്ഞ നോവൊക്കെയും
പകമൂത്ത് ഞാനെന്നെയൽപാൽപമായ് കൊന്ന്
പീത രസങ്ങളിലെൻ രസനയെ തളർത്തി
പാതി വെന്ത കരളിനെ പിന്നെയും കെടുത്തി
പട്ടടയിൽ ഞാനെരിഞ്ഞൊടുങ്ങിയാലും
പൊൻപട്ടായ് നീ പൊതിയുക പാപിയെൻ കല്ലറ
xxxxxxxxxxxxxxxxxxxxxxxxxxxxxxxxx


2017, ജൂലൈ 28, വെള്ളിയാഴ്‌ച

കവികുലം വാഴ്ത്തപ്പെട്ടവരാകുന്നുസ്വച്ഛന്ദ ഗതിയിൽ നിന്ന് വാഴ്വൊരു 
പുതു നദിയിലേക്കൊഴുകവേ
അസ്വസ്ഥ ചിത്തം കവിത പടരുന്നു
നിന്നെ അടക്കിയ ശ്മശാനത്തിൽ
പെരുമഴയിൽ ഞാൻ കേറി നിൽക്കവേ
കാഞ്ഞിരക്കയ്പ് ചങ്ങലയിൽ കുരുങ്ങുന്നു
ഞാനും നീയും ഒരേ കവിതയുടെ
വായിക്കാതെ പോയ രണ്ട് വരികളാണെന്ന്
പൊതുജനം പഠനക്കുറിപ്പെഴുതുന്നു
ഒരേ പന്തിയിൽ രണ്ട് ന്യായം പകരുന്ന
കുടുസ്സുമുറിയിലെ ഇരുട്ടിലാണാദ്യം നാം 
ഇരുവഴി പിരിഞ്ഞ് തെരുവിലിറങ്ങിയത്
എന്റെ പ്രണയം ജാതിപ്പെരുമ കൂട്ടലും
നിന്റെ സ്നേഹം കാമപ്പേക്കൂത്തുമായ്
ശൂലം നാട്ടി പെരുമ്പറ മുഴക്കി വിധി പറയവേ
നാട്ടുകൂട്ടവും നോട്ടുകെട്ടും ഭരണ കേന്ദ്രമാവുന്നു
മതം വിളയുന്ന വെറുപ്പിന്റെ താഴ്വരകളിൽ
നിറമളന്ന് ജ്ഞാനം പകരുന്ന വിദ്യാലയങ്ങളിൽ
ആസ്തി തൂക്കിയക്കനുഗ്രഹിക്കും വെള്ളിക്കോലുകളിൽ
എന്റെ കവിത ഇനിയും കഴുമരമേറു,മെങ്കിലും നിശ്ചയം
നാളെപ്പുലർച്ചയിൽ പുതു യൗവ്വനമൊന്ന് വരുമവർ
നിങ്ങളാളുമീ വ്യവസ്ഥയൊക്കെയും തിരുത്തി വായിക്കും
അന്ന് വാഴ്ത്തപ്പെട്ടവരുടെ പട്ടികയിൽ ഞാനുദിക്കും
00000000000000000000000000000000000

2017, ജൂലൈ 22, ശനിയാഴ്‌ച

കവിതയുടെ ത്രിമാന വായന

പൂക്കാതെ പോയ വസന്തത്തിന്റെ
ഓരോ മുടിസൂചി വളവുകളിലും
ഒറ്റക്കണ്ണുള്ള കവിതയൊന്നിന്റെ കൈപിടിച്ച്
ഞാൻ കാത്തിരിപ്പുണ്ടാവും
വേഗവിരൽത്തുമ്പിന്റെ മാന്ത്രികതയിൽ
സിംഹാസനമേറ്റ അധികാര മുദ്രകളൊക്കെയും
കാരാഗൃഹത്തിലടയ്ക്കപ്പെടുന്ന പൗർണ്ണമിയിൽ
എന്റെ മഹാ കാവ്യം പ്രകാശിതമാവും
പ്രണയത്തിന്റെ വിശുദ്ധ സൂക്തങ്ങൾക്കിടയിൽ
മാംസച്ചൊരുക്കിന്റെ മലവെള്ളപ്പാച്ചിലൊരുക്കിയ
അഭിനവ കവികളൊക്കെയും കുലംകുത്തിയൊഴുകും
അഭിമാന ശിഖയേന്തി വിശന്ന് മരിച്ച കർഷകനു
മതം തീണ്ടി വികലമാക്കാത്ത വിളനിലമൊരുക്കും
പ്രതീക്ഷയുടെ നിലാവിൽ ചുരം കേറിപ്പോയ നിനക്ക്
അതിർത്തിയിലെ പൊട്ടിച്ചൂട്ടിന്റെ കഥ പകരും
ഇവിടെ, നിയോൺ നീലിമയുടെ ലഹരിപ്പതകളിൽ
ജാതികോളത്തിന്റെ അവകാശപ്പെരുമയിൽ
അക്ഷരംകെട്ടവൻ വാഴ്ത്തപ്പെട്ടവനാകവേ
എട്ടണയ്ക്കെന്റെ കവിത തീറെഴുതാതെ,നിന്റെ
മകരത്തണുപ്പിനു ചൂടുപകരാൻ എരിഞ്ഞടങ്ങും
എങ്കിലും, മൂന്നാം നാൾ പിലാത്തോസ് കൈ കഴുകിയ
താളിനപ്പുറം എന്റെ കവിതഉയിർത്തെഴുന്നേൽക്കും

2017, ജൂലൈ 15, ശനിയാഴ്‌ച

നല്ല പാതി വീണുറങ്ങവേ. . .


മരണത്തിന്റെ വെള്ളിനൂലിഴ
നമുക്കിടയിൽ കിനിഞ്ഞിറങ്ങിയ
മിഥുനവാവിന്റെ പാതിരാത്രിയിൽ
ഒരേ തലയിണയിൽ ഒന്നിച്ചു കിടന്നിട്ടും
വ്യത്യസ്ത താഴ്വരകളിൽ ഉറക്കം നടിച്ചവർ
ആദി കാലത്തൊരു വരണ്ട വേളയിൽ
വെറും ലോഹച്ചരടിന്റെ നീതി വ്യവസ്ഥയിൽ
എന്നിൽ പ്രഭുത്വം കെട്ടിയേൽപ്പിച്ചവൾ
മാംസ ദാഹത്തിന്റെ ഉദ്ധാരണപ്പകയിൽ
ഒരു പൊയ് വാക്കിന്റെ നിമിഷാർദ്ധ സുഖത്തിൽ
എനിക്കായ് ഉടയാടകൾ വിലകി വെന്തവൾ
കല്ല്യാണം, കാത്കുത്ത്, തിരണ്ട് കുളി, കാവുതീണ്ടൽ
പിന്നേ കാലമൊക്കെയും ഗമിച്ചീടിലും ഒട്ടും
ഗണിച്ചിട്ടില്ല നിന്നെ നല്ലപാതിയായ് നാളൊരിക്കലും
എന്റെ മക്കളെ പെറ്റ് പോറ്റുവാൻ, വഴി നടത്താൻ
വിശക്കാതെ, രസനകളെ ത്രസിപ്പിച്ച് രുചിക്കുവാൻ
എന്റെ ഊണിനായ് കാലമൊക്കെയുമുരുകിയോൾ
നീയുറങ്ങാത്ത പകലുകൾ, കരയാത്ത രാവുകൾ
അത്രമേൽ കൊതിച്ചിട്ടും കേൾക്കാത്ത കൊഞ്ചലുകൾ
ഇന്നെന്റെയീ അവഗണനയുടെ കൈതപ്പായയിൽ
കണ്ണൊരിക്കലും തുറക്കാതെ നീ വീണുറങ്ങയിൽ
ഇല്ല, വിശ്വസിക്കുന്നില്ല ഞാനൊട്ടുമേ,യിനിയൊരിക്കലും
ഒരു പൊളിമാത്രം തുറന്നവാതിലിൽ മറുപൊളിയായ്
കണ്ണുപായാത്ത പാടവരമ്പിന്റെയങ്ങേത്തലവരെ
കാത്തുകാത്തിരിക്കാനൊരു മുനിഞ്ഞ നാളമായ്
കാതര നീയില്ലയെന്ന സത്യം, കൊതിക്കട്ടെയതിനൊപ്പം
ഉദിക്കാതിരിക്കട്ടെ ഇനിയൊരു പുലരിയെൻ വാഴ്വിൽ
ഒടുങ്ങട്ടെയിക്കണം നീ പകരാനിടയില്ലാത്ത നീർ കൊണ്ട്
xxxxxxxxxxxxxxxxxxxxxxxxxxxx

2017, ജൂലൈ 8, ശനിയാഴ്‌ച

ജനിതക സംക്രമണംജനിമൃതികളുടെ സ്ഥൂലാവിഷ്കാരങ്ങളിൽ
ഏത് തന്തുവിലാണു നീയെന്നിലുടക്കിയത്
ആദ്യ ഉറവക്കണ്ണി പൊട്ടി ഞാനൊഴുകവേ
കാര്യകാരണമായ മൂലസ്ഥാനം നീയായിരുന്നു
കൈപിടിച്ചെന്നെ നടത്തിയ കരുണയിൽ
കാലമെല്ലാം പോറ്റിയ ജീവിത വ്രതശുദ്ധിയിൽ
കരുത്തുറ്റ കാവലാളായ് എന്നെ വേട്ടവൻ
എന്നിൽ കുരുത്ത് എന്നെ ഭ്രമണം ചെയ്തവൻ
എന്റെ മകനായ് കുസൃതിക്കുരുന്നായവൻ
ജാരസംസർഗ്ഗത്തിന്റെ ഇരുൾമേനി പകുത്തവൻ
തിരസ്കൃത, മധ്യ അയുർദശയിലെ വെറുപ്പിനെ
പകൽ പാതിരയറിയാതെ നെറുകയിൽ മുത്തി
ഒരോ പുലരിയും പുതു പ്രതീക്ഷയെന്നിൽ നട്ടവൻ
നീയാരെന്ന ചോദ്യം എന്നിലേക്ക് ചൂണ്ടും മുന്നേ
നീ മാത്രമാണു സത്യമെന്ന പൊരുളിലെത്തുന്നു
ഇനിയെന്റെ അന്ത്യമാത്രയില്‍ കൂദാശയാവുക
അയ്യായിരം കൂടുന്ന സംസ്കാര ശുശ്രൂഷയിലും
ആളൊരുത്തനായെന്റെ ശവമഞ്ചം താങ്ങുക
പിന്നെ, ശ്മശാനത്തിലെ തെക്കൊരു മൂലയിൽ
കുതിർന്നു കിടക്കവേ എന്നിൽ കുടികൊള്ളുക
വീണ്ടും മൂന്നാം പക്കം ഞാനായുയിർത്തീടുക
xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

2017, ജൂലൈ 4, ചൊവ്വാഴ്ച

ജൈവ നീലിമ നീ. . .ബന്ധങ്ങളുടെ ഉഷ്ണമാപിനിയിൽ
ഏത് നട്ടുച്ചയിലാണു നീയെൻ
തന്ത്രികളെ ത്രസിപ്പിച്ച് ചിറകൊതുക്കിയത്
ഏത് ഊഷര സംഗമവേദിയിൽ വച്ചാണു
ഇരുണ്ട ഇടനാഴിയിലെ രതിശില്പം സാക്ഷിയായ്
നീയെന്റെ വിതുമ്പലിനെ കരിയിച്ചത്
അറിയുന്നു പ്രിയ രാഗമേ നീയെന്റെ
അകക്കണ്ണിൽ ആദി തൊട്ടുരുവായിരുന്നെന്ന് 
പനിച്ച് വിറയ്ക്കുന്ന ശൈശവപ്പാതിരയിൽ
അമ്മിഞ്ഞക്കണ്ണിളക്കാതെ എന്റെ ഉറക്കം കാക്കവേ
നീ വാത്സല്ല്യമൂർത്തിയായ അമ്മയായിരുന്നു
മിഥുനപ്പുലരിയിൽ തോട്ടുവെള്ളത്തിൽ
പരൽ മീനൊത്ത് നീയെന്റെ ബാല്യം പകുക്കവേ  
കളിക്കൂട്ടിന്റെ കൈവിരൽത്തുമ്പായ് നീയുണ്ടായിരുന്നു
കലാലയങ്ങളിലെ വിരസ പാഠങ്ങളിൽ
കശുമാവിൻ തോട്ടത്തിലഭയമേൽക്കാൻ 
കാമിനിയായ് വന്നവൾ നീതന്നെയായിരുന്നു
ചുവന്ന ചേലയിലെന്റെ ചിതലരിച്ച ജീവിത
ചവർപ്പ് കറന്നെടുത്ത സുന്ദര ധാമമേ
ഇനിയെന്റെ ഈർഷ്യമൂത്ത യൗവ്വനപ്പകകളിൽ
തുരിശും ഗന്ധകവുമായ് ചിതറിപ്പൂക്കുവാൻ വരിക
ആറടിയിലോരോ അംഗുലവും അമൃതൊളിപ്പിച്ച
നിന്റെ അഭൗമ ചഷകമെനിക്കായ് ചുരത്തുക  
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

2017, ജൂലൈ 1, ശനിയാഴ്‌ച

പൂജയ്ക്കെടുക്കാത്ത നീതിപൂവുകൾ പലതുണ്ട് നിന്റെ താലത്തിൽ
പുലർ വേളയിൽ പൂജാദ്രവ്യങ്ങൾക്കൊപ്പമായ്
ഒരുനാളെങ്കിലും പ്രഭോ ഉള്ളറിഞ്ഞെന്നെ
ഒരു മാത്ര നിന്നെപ്പുണരാനനുവദിക്ക
ആണ്ടാണ്ടുകൾക്ക് മുമ്പൊരമാവാസിയിൽ
അടിയന്റെ കുലം കണ്ട,പരാധം കൊണ്ട് നീ
കാലമൊക്കെയുമൊതുക്കായ്ക പടിപ്പുറത്ത്
കൈതപ്പൂവെന്നിൽ കരുണ പെയ്യുക
നിന്നെ നിന്നെമാത്രമുൾക്കൊണ്ട് ഇരവൊക്കെയും
നിദ്രകൊള്ളാതെ ധ്യാനത്തിലലിഞ്ഞു പുലരവേ
പെരും വിഷം കൊണ്ട മൂർഖനൊന്നിനെ
പ്രണയിച്ചു പാതിരാവൊക്കെയും പുൽകിയെന്ന്
കള്ളക്കഥ മെനഞ്ഞെന്നെ കളങ്കിതയാക്കിയ കാലം
കറുത്ത കമ്പളക്കെട്ടിൽ നിന്ന് നീലക്കടൽ കാണും
അന്നൊരു നാളെങ്കിലുമെൻ അയലത്ത് പൂത്തവരൊക്കെയും
ആർത്തിയോടെയെന്നെ ചേർത്ത് വയ്ക്കുമതു വരേക്കും
ഈ മുൾക്കെട്ടിൽ മുനിഞ്ഞ് കത്തും വെറുപ്പിൻ നെരുപ്പിൽ
ഇത്രമേൽ വേപഥു കൊണ്ട് നിന്നെ പ്രണയിച്ച് തീരട്ടെ

00000000000000000000000

2017, ജൂൺ 18, ഞായറാഴ്‌ച

അളവുകോൽ തേടുന്ന അർഹത


ആറ്റ്നോറ്റല്ലാതെ പിറന്നതാലാവാം
അമ്മിഞ്ഞയിൽപ്പോലും അളവ് കുറിച്ചത്
രണ്ടാനമ്മയിലനിയനൊന്നായന്നുമുതൽ
രണ്ട് പാത്രത്തിലുണ്ട് വിഭവമാറ്റം പഠിച്ചത്
തങ്കപ്പസാറിന്റെ മകളടുത്തിരിക്കയാൽ
തികഞ്ഞൊമ്പത് ശരിപോലും കിട്ടാതെപോയത്
പായസം ചുക്കുമല്ലിക്കാപ്പിയെന്ന് ചൂട് കൊണ്ട്
പലരോട് തെണ്ടിയും പത്ത് കാശ് മിച്ചമാവാഞ്ഞത്
പ്രണയിച്ചതില്ലൊരുനാളുമെങ്കിലും നിന്നെ
പ്രിയമായിരുന്നെന്ന് പറയവേ നീ ഒറ്റിയത്
പകിടകളിച്ചവൻ പഞ്ചായത്ത് മേലാളാകവേ
പഠിച്ചിത്ര പയറ്റിയുമുദ്യോഗപ്പടി ചവിട്ടാതെപോയത്
വളഞ്ഞവൻ വരാലിനെ വേളികഴിക്കവേ
വിത്തിനൊരു പരലുപോലും കിട്ടാതെ പോയത്
ഊരുതെണ്ടി ഉരുക്കുരുക്കി വിയർപ്പൊഴുക്കിയും
ഉറങ്ങാനൊരു ഉലക്കപോലും നേടാതെയായത്
ഉഴുതത് ഞാൻ ഉപ്പ്ചാൽ നീന്തിയത് ഞാൻ
ഉറക്കമൊഴിച്ചത് ഞാൻ ഉണ്ണാൻ നേരം മാത്രം
ഉയിർക്കാലാവകാശം പറഞ്ഞു നീ താടിയുഴിഞ്ഞ്
ഉടയോനായ് ഒപ്പത്തിനൊപ്പമിരിക്കവേ അറിയുക
പണ്ട് ഞാനെഴുതിയ കവിതകളൊക്കെയും
പങ്ക് പറ്റി നീ പ്രജാപതിയായ് പല്ലിളിച്ചപോൽ
പ്രിയരെന്റെ ജനത്തിനായ് ഞാൻ കൊയ്യുന്ന
പച്ചരിയിൽ വരെ ജാതിതേച്ച് പകുത്തിടാൻ
പൂണൂലവകാശമെന്ന് നീ വരവേ ഓർക്കുക
ജനമെന്നതൊക്കെയും വെറും ജാതിയല്ല
ജനിതക ഘടനയിൽ സാഹോദര്യമേറ്റവർ
ജയിക്കുമവരുടെ സ്നേഹക്കരുത്തതിൽ
ജീവനെടുക്കും നിങ്ങൾ തൻ വെറികളെ
====================

2017, ജൂൺ 13, ചൊവ്വാഴ്ച

ഒതളങ്ങയൊന്നിലൊടുങ്ങിയാലും. . .


ഇടവമൊടുങ്ങുന്ന നാളുമുന്നേ
പുകയാതെയായെന്റെ കരിയടുപ്പ്
വിവരമുറയ്ക്കുന്ന കാലം തൊട്ടേ
മുറുക്കിയുടുപ്പത് ശീലമുണ്ട്
ഇന്നെന്റെ ഉണ്ണികൾ വയറുകായവേ
തമ്പ്രാന്റെ മുറ്റത്ത് ഞാൻ കാത്തിരിപ്പൂ
അരി ഇരുനാഴി അധികം തരുകിൽ
അസ്തമയം വരെ നിലമുഴുതു കൊള്ളാം
അധികമായെന്തെങ്കിലും കാംക്ഷിപ്പതാകിൽ
ആൾക്കൂട്ടത്തിലങ്ങയെ തൊഴുതുകൊള്ളാം
ഭിക്ഷയായങ്ങുന്നേ ഒരു ചെറു ചക്രം വരെ
അടിയനൊരിക്കലും തെല്ലുമാശയില്ല
ഊരുകൂട്ടത്തിൽ നാൽക്കവലയിൽ
നാലാളു കൂടുന്ന ദിക്കിലൊക്കെ
ഉള്ളത് വെളുപ്പിച്ചുടുത്തേ വന്നതുള്ളൂ
കറുത്തതാണു തൊലി, മുഖമിരുണ്ടതാണു
എങ്കിലും കരുത്തോടെ ഞാനിത്ര മൊഴിഞ്ഞു കൊള്ളാം
മാനമടിയറ വച്ചൊരു മാത്രപോലുമെന്റെ
കിടാത്തികൾക്കുണ്ണുവാൻ ചോറുവേണ്ട
അതൊന്നു മാത്രമാണു മാർഗ്ഗമെങ്കിൽ
ഒതളങ്ങയൊന്നിൽ കാലം തീർത്തുകൊള്ളാം
xxxxxxxxxxxxxxxxxxxxxxxxx

2017, ജൂൺ 4, ഞായറാഴ്‌ച

അർബുദം അണയ്ക്കുന്ന ജീവിതംഅത്തച്ചമയവും അമ്പ് നാളുമില്ലാതെ
ആഘോഷങ്ങളെ ആട്ടിയകറ്റി
ആണ്ടറുതികളിൽ അടുക്കളയടച്ച്
അസഹിഷ്ണുത പൂത്തൊരു ബാല്യം

ഇടിവെട്ടിപ്പെയ്ത മഴയിൽ
ഇരിക്കക്കൂര ചോർന്നൊലിക്കവേ
ഈറനുടുത്തതൊന്ന് മാറ്റാനില്ലാത്ത 
ഈർഷ്യയുടെ വ്രണിത കൗമാരം

ഉടൽ പകുത്ത് ഉണ്ണിയെപ്പെറ്റ്
ഉറ്റവരൊക്കെയും ഉത്സാഹമാകയിൽ
ഊനമുള്ളവനെന്നെന്നെയകറ്റിയ
ഊരു കൂട്ടത്തിന്റെ വെറുത്ത യൗവ്വനം

ഋതുക്കളെത്ര മാറിയാലും പെയ്താലും
എങ്ങും വിടരില്ലൊരു മൗന വസന്തം
ഏതുമില്ല നിന്നിൽ സന്ദേഹ കണം
ഐശ്വര്യ വാഴ്വൊരിക്കലും പിറക്കില്ല
ഒരുമാത്രപോലും പൂക്കില്ല പുഞ്ചിരി
ഓർമ്മയിലുണ്ട് നിനക്കെങ്കിലും
ഔചിത്യം വെടിഞ്ഞെന്നെ വേട്ട ദിനം

കരുപ്പിടിച്ച് വന്ന കുരുന്നുകളെ
കരുതലോടെയണച്ച് പോറ്റവേ
കഴുകനായ് വന്നെന്നെ റാഞ്ചുമീ
കരുണയറ്റയർബുദ കരങ്ങളിൽ
കീഴടങ്ങി തീതിന്ന് പോകാനൊരുങ്ങവേ

ഖ്യാതി പെരുക്കട്ടെയീശന്റെ നിത്യം
ഗതിയിതൊന്നാർക്കുമേശാതിരിക്കട്ടെ
ഘോഷമായിരിക്കട്ടെ നിൻ ശേഷ ജീവിതമി-
ങ്ങനെയല്ലാതെ ഞാനെന്തിരക്കേണ്ടൂ
000000000000000000000000000000
2017, മേയ് 23, ചൊവ്വാഴ്ച

കാർവർണ്ണനോടൊരു വേണ്ടുതൽഇരുപത്തിമൂന്നാണ്ടുകൾ
നീണ്ട ഇരുപത്തിമൂന്നാണ്ടുകളെന്റെ കൃഷ്ണാ
നിന്നെ, നിന്നെമാത്രം ധ്യാനിച്ചവൾ ആതിര
നീലക്കടമ്പിൽ, കരിമ്പുപാടങ്ങളിലെവിടെയും
നീ പൂക്കുന്ന കടവുകളിലൊക്കെയും തൊഴുതവൾ
ബാല ചാപല്യം വഴിനടത്തും മുമ്പെന്റെ ഗോപാലകാ
നിന്റെ മുരളിക മാത്രമെൻ മുക്തിയെന്ന് കൊണ്ടവൾ
തരളിത യൗവ്വന മോഹങ്ങളൊക്കെയും അമ്പേ പാപമെന്ന്
നിന്റെ കാളിയമർദ്ദനം കരളിൽ കവിതയായ് നെയ്തവൾ
ഇല്ലയെൻ വാഴ്വിലൊരു കണം പോലും നിന്നെയോർക്കാതില്ല
ജീവിത മാത്രകളൊട്ടും, ഒട്ടുമില്ല നിൻ നാമം വാഴ്ത്താതെ പാടാതെ
വേട്ടവനൊരുവനെയല്ലാതെ കണ്ടില്ല നിനക്കൊത്ത് പൂജിക്കുവാൻ
കണവനൊത്ത് കതിർമണ്ഡപം ചുറ്റി അമ്മിചവിട്ടി അമ്മയാവാൻ
പുതുജീവിതം തേടി പൊലിമമാറും മുന്നെ നല്ല പാതിപകുത്തോനെ
കാലയവനികയ്ക്കപ്പുറത്തേക്ക് തുടച്ചെറിഞ്ഞ നട്ടുച്ചയിലും ഹരീ
ആവതില്ലയെനിക്കൊട്ടുമേ പഴിചാരി നിൻ തിരിയൊട്ട് താഴ്ത്താൻ
എങ്കിലുമെന്റെ കണ്ണാ,
കണ്ണാളനൊരുവനെ തീയെടുത്ത് എരിതീയിൽ ഞാൻ വെന്തുരുകയിൽ
എൻ ജാതകക്കേടും കർമ്മഫലവും കൊട്ടിഘോഷിച്ചെന്നെയൊറ്റവേ
നീയെന്ന ശബ്ദം കല്ലിനപ്പുറം ഉണ്മയൂറുന്നൊരു കാർവർണ്ണമാവുകിൽ
തിരിച്ചെടുക്കയെന്നെയാരും പഴിച്ചിടാതെ മണ്ണിൽ കുഴിച്ച് മൂടുക കണ്ണാ
===============================================

2017, മേയ് 21, ഞായറാഴ്‌ച

അവജ്ഞ ഗീതംഈശനാണു പോലുമീശൻ
ഔചിത്യ ബോധമൊട്ടുമില്ലാത്തവൻ
അവസരത്തിനൊത്തുയരാത്തവൻ
അശരണരവശർ അംഗ പരിമിതർ
മാലോകർക്കാർത്തു ചിരിക്കാൻ മാത്രം
ആയിരങ്ങളെപ്പടച്ച് ആശ തീർപ്പവൻ
കാലത്തിനൊത്ത് കേടു തീർക്കാത്ത
കോലമൊക്കെയും കാലഹരണമാകവേ
കൊല്ലമൊട്ടുക്കെന്റെ കോവിൽ ഭരിപ്പവൻ
യോഗ്യത കൊണ്ടവനെ യവം കൊയ്യാൻ വിട്ട്
കറക്കിക്കുത്തിയോനെ ഭരണചക്രമേൽപ്പിച്ചവൻ
ഇല്ല, പടിയടച്ച് പുലയാട്ട് പാടി പ്രാകിയകറ്റുവാൻ
പുരോഹിതപ്പരിഷകൾക്ക് ഞാനായ് കാരണമാവുന്നില്ല
എങ്കിലും,
ദ്രവീകൃത വേദനയുടെയാഴങ്ങളിൽനിന്ന്,തീരാ നോവിന്റെ
കത്തിയുരുകുന്ന പ്ലാസ്മയിലേക്കെന്റെ തിരസ്കൃത യൗവ്വനം
ഒഴുക്കിവിട്ട്, ഇരുൾക്കയത്തിലെന്നെയെറിഞ്ഞോനെയെങ്ങനെ
വാഴ്ത്തുവത്, സ്തുതിഗീതം കുറിപ്പത്, സ്ഥായിയായഭയമേൽപ്പത്
ഇനിയീ നരക തീയൊക്കെയും നക്കിക്കുടിച്ച് നായായലഞ്ഞവനെ
ന്യായവിധിനാൾ കാട്ടി തീയിൽ കുറുക്കുവാൻ നിന്റെ തീട്ടൂരമിറങ്ങവേ
നിസ്സംഗമെൻ കരളിലില്ല തരിമ്പും ഭയഭീതിയാകയാൽ ഇക്കണം
എഴുതിയൊടുങ്ങട്ടെയെന്റെയീ ഒടുക്കത്തെ കവിതയുമൊപ്പം ഞാനും
00000000000000000000000000000000000000000000000000000000


2017, മേയ് 13, ശനിയാഴ്‌ച

പക്ഷാന്തരമായവൾഞാൻ അമ്മ 
പത്തുമാസക്കാലം ഗർഭ പാത്രത്തിൽ
ഉദയാസ്തമയങ്ങളിൽ ഉറക്കത്തിൽ
നിന്റെ സ്പന്ദനം മാത്രം കാത്തവൾ
എന്റെ വിചാരങ്ങളെന്റെ നോവുകൾ
എന്റെയുള്ളിലെ അഗ്നി കോണുകൾ
ഒരു കണമേശരുത് നിന്നെയെന്നായ്
കാലമൊക്കെയും കടിഞ്ഞാണിട്ടവൾ

ഞാൻ നിന്നെ പെറ്റവൾ
കൂരവെയ്ക്കാൻ കോറ വാങ്ങാ,നുണ്ണാൻ
കാര്യ സാധ്യത്തിനു ഗർഭപാത്രം വിറ്റവൾ
ലോകമെന്ത് വിളിച്ചാലുമപഹസിച്ചാലും
ഉണ്ട്, എന്നുയിർപ്പാതി നീയെന്ന ബോധം
മോഹമില്ലൊന്നിലും അവകാശ വാദമില്ല
അമ്മയെന്നസ്തിത്വമൊട്ടും കാപ്പതില്ല
അറിയുകയംഗീകരിക്കുക, അനുവദിക്ക
ഞാനൊരബലയാണാശയുണ്ടത്രമാത്രം
പെറ്റുവീണ നേരമാ മുഖമൊട്ട് കാണാൻ
മാറിലണയ്ക്കാൻ, മൂർദ്ധാവ് മുത്താൻ
മതി, മതിക്കുന്നു ഭൂവിലതേതമ്മയ്ക്കും
മാമലയോളം കനകമേകിലുമതിനപ്പുറം
=================================2017, ഏപ്രിൽ 29, ശനിയാഴ്‌ച

അടർന്നു വീഴുന്ന വാക്കുകൾഒന്നും ബാക്കിവയ്ക്കുന്നില്ല
ആദ്യമായ് ചുണ്ട് നനച്ചയമ്മിഞ്ഞ
മൂർദ്ധാവിലമർത്തിക്കിട്ടിയ പൊന്നുമ്മ
തിരിച്ചെടുക്കാനാവാത്തത്ര മങ്ങിയിരിക്കുന്നു
ആമാശയാമ്ലമെരിച്ചിലടങ്ങാനൊന്ന് മാത്രം
ആർത്തിയോടെ കോരിക്കുടിച്ച കനൽക്കഞ്ഞി
പങ്കിട്ടെടുത്ത സാഹോദര്യപ്പകലുകൾ തീ രാവുകൾ
പടിയടച്ചന്യമായെവിടെയോ പരന്നിറങ്ങിയിരിക്കുന്നു
പ്രണയമെന്ന് തിരിച്ചെഴുതാനാവില്ലയെങ്കിലുമന്ന്
പലവുരു ഉരുവിട്ട പവിത്രമാം സ്നേഹസ്വനം 
കാവുകുളക്കരയിലൊന്നൊളിച്ച് കാണാൻ പോലും
ബാക്കിയൊരിലക്കീറിൽ മിച്ചമാവാതെ പോവുന്നു
പാണിഗ്രഹം പകലൊഴിഞ്ഞൊരു സന്ധ്യയിൽ നിന്ന്
പാട്പോലും തിരിച്ചെടുക്കാനാവാത്ത ഒരു പൊട്ടാവുന്നു
അക്ഷരമുറച്ച ആദ്യനാൾ തൊട്ടിന്നീ നരച്ച പകൽ വരെ
ആയിരം പത്തി വിടർത്തിയാടിയ കവിതകളൊക്കെയും
ഖണ്ഡികയിൽ നിന്ന് വാക്കുകളടർന്നനാഥമായൊഴുകുന്നു
ബാക്കിയാകുന്നില്ലയൊന്നും, ഒന്നുമീ ഞാനുമെൻ പാഴ്വാക്കും
ഒരിലയടർന്ന് പോകുമത്ര ലാഘവമെന്റെ ശ്വാസം നിലച്ചിടും
പകരം പതിരൊട്ടുമേശാത്തൊരാൾ വരും പകലന്തിയോളം പാടിടും
അതിലൊന്നെങ്കിലും അടിയന്റെ കവിതയാകുകിൽ, മതി സുകൃതമീ ജന്മം

2017, ഏപ്രിൽ 23, ഞായറാഴ്‌ച

വെറുക്കപ്പെട്ടവന്റെ വേദപുസ്തകം

നിഷേധിക്കപ്പെട്ടവന്റെ 
നീതി ശാസ്ത്രത്തെക്കുറിച്ച്
വെറും വാക്ക് കൊണ്ട് നീ
വാചാലനാവരുത്
വിശന്ന് അമ്ലം കക്കി
ആമാശയ,മഗ്നി കൂടൊരുക്കവേ
വിസർജ്ജ്യമെന്നോ വിഷമെന്നോ
മൂന്നാവർത്തി വിചിന്തനം നടത്താറില്ല
ഉദയത്തിനൊരു മാത്ര മുമ്പ് തൊട്ട്
അസ്തമിച്ചൊടുങ്ങും വരെ വെയിൽ കുടിച്ച്
പാതിരാവിലന്നത്തിനന്യനെ തൊഴേണ്ടി വന്നവൻ
വാളെടുത്തൊരുനാൾ ഉറഞ്ഞു തുള്ളവേ
വർഗ്ഗ ബോധം, മതവികാരം, വിശുദ്ധ യുദ്ധം
കാര്യകാരണങ്ങളിൽ നീ പുരോഹിതനാവരുത്
ഇന്ദ്രിയങ്ങളൊക്കെയും ദാഹം പെരുത്ത്
ചെറു ഗന്ധം പോലും വിലക്കപ്പെട്ടവനെ
പൊക്കിൾച്ചുഴിയും താമരയിതളും കാട്ടി 
തരളിതനാക്കിയൊടുക്കം നരകപാതയും
നെറികെട്ട വാഴ്വും പറഞ്ഞ് ഊരു വിലക്കരുത്
വേദങ്ങൾക്കെല്ലാമപ്പുറം, കാലമൊക്കെയും 
വെറുക്കപ്പെട്ടവനു മാത്രമായ് പുതിതായൊരു
വിശുദ്ധ വേദമുയർന്ന് വരുമതുവരേക്കും ഞാൻ
വേദനയിലൊട്ട് കവിത ചാലിച്ച് നസ്യം ചെയ്യട്ടെ
0000000000000000000000000000000000000000

2017, ഏപ്രിൽ 19, ബുധനാഴ്‌ച

‘ക’ കാരത്തിനപ്പുറം കിറുക്ക്


കരളിലെച്ചോപ്പിനകത്ത് പൊതിഞ്ഞൊരു
കനകമായ് കാത്തുവെച്ച കിനാക്കളെ
കതിരിടാൻ പോലുമൊരുമാത്ര നൽകാതെ
കരിയിച്ചു കളഞ്ഞവൻ നാഥനെങ്കിൽ
കടലിലാഴ്ത്തുക കാലമൊരിക്കലുമുയരാതെ


കാശുള്ളവൻ കയ്യൂക്കുള്ളവൻ കരളുറച്ചോൻ
കരകേറുവാൻ യോഗ്യനവൻ മാത്രമെങ്കിൽ
കീഴ്ജാതിയെ കറുത്തവനെ കരയുന്നവനെ
കൈകൊണ്ട് വാർത്തവൻ മൂർത്തിയെങ്കിൽ
കെട്ടിയിട്ടടിക്കണം കൊട്ടുവടികൊണ്ട് നിത്യവുംകൊട്ടിപ്പാടിയാർത്ത് വിളിച്ചാലേ
കണ്ണുപൊട്ടനീശൻ കണ്ടറിയുവെങ്കിൽ
കാലണയ്ക്കുതവാത്ത മതവും പാതിരിയും
കൊണ്ടുപോയിത്തള്ളണമൊക്കെയും
കതിനപൊട്ടിയാലറിയാത്ത കാടിനപ്പുറംകുറിക്കില്ല കരുത്തറ്റ പദമിനിയൊരിക്കലും
കവിതയിൽപ്പോലുമുണ്ട് മതവും ജാതിയും
കരകടത്തിയൊടുക്കുമായിരിക്കും തമ്പുരാൻ
ക കാരം കൊണ്ടിങ്ങനെയൊരു വികൃതംകോറവേ
കിറുക്കനെന്നറിയുക,പൊറുക്കുക ആവർത്തിക്കയില്ല

ooooooooooooooooooooooooooooooooooooooo

2017, ഏപ്രിൽ 15, ശനിയാഴ്‌ച

ഉദാത്തസ്മാരകംഇവിടെയിവിടെയാണവൾ, ആഷിതാ
എന്റെ ഹൃദയം കൊരുത്തവൾ
എന്നിൽ കരുണ പൂത്തവൾ
മർത്യായുസ്സിലൊരുവട്ടം, ഒരു വട്ടം മാത്രം
സ്വർഗ്ഗ വാതായനം തുറന്ന് കാട്ടിയോൾ
വെറുപ്പിന്റെ അമ്ലത്തിലെന്നെയൂറയ്ക്കിട്ട്
പകയുടെ കൊട്ടുവടികൊണ്ടൂരെല്ലാമടിക്കവേ
സഹതപിച്ചെന്നെ നോക്കിയോൾ
അന്നമെടുത്തെന്റെ വായിൽ തന്നവൾ
അമ്മിഞ്ഞയൂട്ടിയോൾ, തേനായ് കിനിഞ്ഞവൾ
ഒരു അഗ്നിസാക്ഷിയിലൊരുതാലിച്ചരടിൽ
ശാന്തിക്കാരനുരുക്കിച്ചേർത്തതല്ല,മറിച്ച്
നിർവ്വചിക്കാനാവാത്ത ബന്ധത്തിലെന്നെ
ബന്ധനം ചെയ്ത് കാത്തവൾ നീ
നിന്നെ പഴിപാടി ഊരു വിലക്കിയാട്ടുമെന്നല്ല
എന്റെ ശിരസ്സൊന്ന് താഴരുതെന്ന്
ഒരുതുണ്ട് കയറിൽ ശാന്തിപർവ്വമേറിയോൾ
നിനക്കായ് മനസ്സിനപ്പുറമൊരു സ്മാരകം
നിർമ്മിപ്പത് ശുദ്ധ ഭോഷ്കെന്നറിയുന്നു, പകരം
നിത്യസ്മാരകമായ് നിന്റെയീ കുഴിമാടമരുകിൽ
വീണൊടുങ്ങുന്നു, പിന്നെയൊരു നാട്ടുമാവായ്
പന്തലിച്ച്, തണലായ് കാലാതിവർത്തിയാവുന്നു
000000000000000000000000000000

2017, മാർച്ച് 19, ഞായറാഴ്‌ച

ജനാധിപത്യത്തിന്റെ പുതുനിറം


ഞാനായുസ്സൊട്ടുക്ക് നരകമുണ്ട ഭൂമി
നീയൊരുമാത്ര മാത്രം കണ്ട്
സത്യാസത്യമെന്നോട് വാദിക്കായ്ക
ഒരിറ്റ് ദാഹനീർ തേടി തൊണ്ട പഴുത്ത്
മരുഭൂമിയൊക്കെയും കുടിച്ച് വറ്റിച്ചവനെ
പെയ്യാത്ത മഴകാട്ടി പേടിപ്പെടുത്തായ്ക
പൊരിവെയിലിൽ ജീവിത ദുരിതമൊക്കെയും
പുണ്ണിലെപ്പുഴുക്കളെ പാർക്കാതെ നോറ്റവനെ
പൂത്തിരികത്തിച്ച് പുകയ്ക്കാൻ ശ്രമിക്കായ്ക
ഇന്നലെപ്പെയ്ത മഴയിലെത്തകര നീ
എണ്ണമറ്റയുഗം പടർന്നയെന്നെയൊടുക്കായ്ക
ദുരന്തം കിനാ കാണാതുറങ്ങാനൊരു രാത്രി
അസ്തമയത്തിന്റെയൊടുക്കം വരെ മഴ
നീരു തുപ്പി മടുത്തൊടുങ്ങാത്താഴക്കിണർ
ഇത്ര ഇത്രമാത്രമായിരുന്നൊടുക്കത്തെ മോഹം
വിധിയെന്നത് ദൈവഹിതമല്ല, മറിച്ച്
അടിച്ചേൽപ്പിക്കപ്പെടുന്നതാണു
ചിലപ്പോഴൊക്കെ പിടിച്ച് വാങ്ങുന്നതും
ആകയാൽ നിന്റെ കാവിപ്പുതപ്പിനുള്ളിൽ
കൂരിരുൾ ശ്വസിച്ച് ഞാൻ മരിക്കട്ടെ
00000000000000000000000000

2017, മാർച്ച് 11, ശനിയാഴ്‌ച

വിപ്ലവത്തിന്റെ പുതു തലമുറ
ജീവനോടെ ഉറുമ്പരിക്കുന്ന 
ചില പ്രണയങ്ങളുണ്ട്
ശ്വാസം മുട്ടിച്ച് കൊല്ലുന്ന
നനുത്ത സ്വപ്നങ്ങളും
നടന്നു തേഞ്ഞ് മറന്ന ഇടവഴികളിൽ
ആമ്പൽക്കുളം പായലിലൊളിഞ്ഞ്
പടവുകളിലേക്കെത്താതെ മറയുന്നു
അയൽപ്പക്കത്തെ പട്ടി ചത്തത്
അസ്ഥിയുരുകി മൂന്നാം പക്കമാണറിഞ്ഞത് 
പത്തൊമ്പത് കൊല്ലം പട്ടിണികിടന്നതേത്
പരിഷകൾക്കാണെന്നൊരു മൗനമുരുകുന്നു
മാംസമെന്നുച്ചരിച്ചൊടുങ്ങും മുന്നവേ കറുമ്പനെ
മാടു വെട്ടും പോലെ കൊന്ന മാടമ്പികൾ
ശ്രീകോവിലിലെ കാവലിനെത്തുന്ന കൗതുകം
നീ പെണ്ണും ഞാനാണുമായിരിക്കുവോളം സൗഹൃദം
പൂജയ്ക്കെടുക്കാത്ത കൈതപ്പൂവായ് കാണുന്നു
ചൂരലുകൊണ്ട് മരവിച്ചതെന്റെ മനസ്സല്ല
ചൂലെടുത്തടിച്ച് തളിക്കേണ്ട വ്യവസ്ഥയാകുന്നു
നീ ഉടുത്തതിൽ സാധിച്ച എമ്പോക്കിത്തരം
ഞാൻ കൈക്കുടന്നയിലെടുക്കുന്ന പ്രതിഷേധം
ചുണ്ടുകൾ തമ്മിൽ കോർക്കുന്ന പെരുവഴി
എന്റെ ചോരയാകുമ്പൊഴാണസഹ്യത
അതു വരെ നിന്റെ രതിനാടകം കണ്ട് ഞാൻ
ഉദാത്തമാം സമരമെന്നുറക്കെ പറയട്ടെ
000000000000000000000000000000000000000

2017, ഫെബ്രുവരി 28, ചൊവ്വാഴ്ച

മത നിയമങ്ങൾക്ക് മദമിളകുമ്പോൾ
നീ വേദം പറഞ്ഞു, എനിക്ക്
വൈദികനപ്പുറം നീ ദൈവ ദൂതനായിരുന്നു
തിരു വചനവും സങ്കീർത്തനവും
നിന്റെ വാക്കുകളല്ലാതെ എനിക്കായിരുന്നില്ല
ക്രൂശിത രൂപത്തിനു മുഖം കൊടുത്ത്
താണു വണങ്ങി മുട്ടിപ്പായ് പറയുമ്പൊഴും
ഹൃത്തിൽ നീ പകർന്ന വെള്ളിവെളിച്ചമായിരുന്നു
നിത്യ കന്യക നന്മ നിറഞ്ഞവനു ജന്മമേകുന്നു
ഉത്തമ ഗീതം ഉദയം മുതൽ വായിക്കപ്പെടുന്നു
എന്റെ നെറുകയിൽ നീ കൈവെച്ചാശീർവ്വദിക്കവേ
എന്റെ കരം ഗ്രഹിച്ച് നീയെന്നെ ചുംബിക്കയിൽ
ഞാൻ ഭക്ത മാർഗ്ഗത്തിൽ ഉയർത്തപ്പെടുകയായിരുന്നു
കുമ്പസാരക്കൂടിലേക്കെന്നെ വഴി നടത്തയിൽ
അൾത്താരയിലെനിക്ക് നീ അപ്പം നൽകയിൽ
അറിവ് പെരുക്കുവാനെന്നെന്റെ നാവ് നുണയവേ
ആരോടുമുണർത്തരുതെന്ന് കട്ടായമോതി നീ
വിലക്കപ്പെട്ട കനി തിന്നവനാണാദ്യം 
നഗ്നത വെളിപ്പെട്ടതെന്ന് നിന്നെ മുഴുവനായ് കണ്ടു
ഒടുവിൽ നീ ചുരത്തിയ ചുടുനീർ കാലമെല്ലാം
എന്റെ ജീവിതം ചുട്ട് വെണ്ണീറാക്കവേ ഞാനറിയുന്നു
തിരുവസ്ത്രമണിഞ്ഞെന്നും നീ വാഴ്ത്തപ്പെട്ടവനാകും
പാപം പ്രസവിച്ച് വെറുക്കപ്പെട്ടവളായ് ഞാനും

000000000000000000000000000000000000000

2017, ഫെബ്രുവരി 24, വെള്ളിയാഴ്‌ച

ആത്മഹത്യാകുറിപ്പ്

വസന്തം വിടർന്ന് നിൽക്കുന്ന
സൂര്യകാന്തിപ്പാടങ്ങളിൽ
അസൂയയുടെ കണ്ണേറു നട്ട്
കാഴ്ചകെട്ട കോലം നാട്ടിയതാരാണു ?

പ്രണയത്തിന്റെ വെള്ളരിപ്പച്ചപ്പുകളിൽ
ഈർഷ്യയുടെ ഇരുമ്പാണി തറച്ച്
ഒറ്റുകാരൊളിച്ച സൈബർ തടങ്ങളിൽ
ഇക്കിളിയുടെ രസം നിറച്ചദിനങ്ങൾ

എന്റെ ഇഷ്ടം മാത്രമാണു, എന്റെ സ്വപ്നവും
എന്റെ ജീവിത സങ്കല്പമെന്റെ മോഹം
നിന്റെ കാതിലേക്കൊരു മേഘമൽഹാറൊഴുക്കവേ
രംഗമൊപ്പിയെടുത്തതേത് രാക്ഷസക്കണ്ണുകൾ 

നിങ്ങൾ പാപം ചെയ്യാത്തവർ,യോഗ്യർ
പക്ഷേ, കല്ലെറിഞ്ഞതെന്റെ കനവിലേക്കാണു
എന്നെ ചുട്ടു കൊല്ലാം, വെട്ടി തുണ്ടമാക്കാം
എങ്കിലും കൂട്ടിലൊതുങ്ങിയ കിളിയിൽ കരുണ പെയ്യുക

ഇനിയെന്റെ മരണം നിന്റെ ഘോഷ ദിനമാക്കുക
ശവമൊരു തരിമ്പുമൊഴിയാതെ ഉപ്പ് തൊട്ട് വിഴുങ്ങുക
നിന്റെ ജീർണ്ണിച്ച മനസ്സിലെ പുഴുക്കളെയൊക്കെയും
എന്റെ കുഴിമാടത്തിലേക്കൊഴുക്കി വിടുക, എന്നെ ഭത്സിക്ക
വർഷമെല്ലാം നിന്റെ സദാചാരം പൂത്ത് നിൽക്കുമെന്നുറപ്പിക്ക
000000000000000000000000000000000000

2017, ഫെബ്രുവരി 18, ശനിയാഴ്‌ച

ക യിലൊതുങ്ങാതെ വിത തേടിപോയവൾ
നിന്നിൽ നിന്നൊരു യുഗം 
ദൂരെയായപ്പോഴാണു
നിന്നിലായിരുന്നെന്നാത്മാവ്
ദാഹമകറ്റിയിരുന്നതെന്നറിഞ്ഞത്

നീ നക്ഷത്രവേഗം,ഞാൻ തീവണ്ടി യാത്ര
നീ അമാവാസിയിലൊരു കൊള്ളിയാൻ
ഞാൻ സൂര്യവെട്ടത്തിലെ മിന്നാമിനുങ്ങ്
നീയെനിക്കായ് വ്രതം കൊണ്ട നേരവും
ഞാൻ, കണ്ടതൊക്കെയും ആശ കൊണ്ടവൻ

നീ ഉണ്ട് തീരാത്ത പകലുകൾ
നിദ്ര കൊള്ളാത്ത ഇരവുകൾ
ഉടുത്തൊരുങ്ങാത്ത വേദികൾ
കണ്ടില്ലൊരുനാളുമെൻ കണ്ണീർ
കൺതടം നിറഞ്ഞ് കാഴ്ചയൊടുക്കയിൽ

എന്റെ പാത്രത്തിൽ വിളമ്പിയതൊക്കെയും
എനിക്കുള്ളതല്ലെങ്കിലുമടുത്തവന്റെ ബാക്കിയും
ഇറ്റു വെള്ളം പോലും സ്വന്തമായ് കരുതാതെ
ഇക്കണ്ട കാലമൊക്കയുമൂട്ടിയവനല്ലയോ


സ്വസ്തമെൻ കൂടെയുള്ള വാഴ്വും കടന്ന്
സുന്ദരമൊരു ലോകമുണ്ടങ്ങാ വിണ്ണിനപ്പുറം
സുര ദേവ ഗണങ്ങൾ തംബുരു മീട്ടുന്നതും തേടി
സ്വയമൊരു കയർത്തുമ്പിൽ കയറി നീ പോകവേ

ദൂരമുണ്ടൊരുപാട് കാതമിനിയും
ദിക്കു താണ്ടി നിന്നിലണയാനെൻ സഖീ
കവിതയൊന്നിന്റെ കാലുപിടിച്ചാകിലും
കിഴക്കുണരും മുൻ ഞാൻ നിൻ പടി ചവിട്ടിടും
0000000000000000000000000002017, ഫെബ്രുവരി 14, ചൊവ്വാഴ്ച

വഴിയും സത്യവും ജീവനും
കറക്കിക്കുത്തി ജയിച്ചവനോടല്ല;
തോറ്റ് പിൻവാങ്ങിയവനോടേ
സാരോപദേശം തേടാവൂ.
അവനറിയാം; അവനേ അറിയൂ,
കാര്യകാരണങ്ങളുടെ ജീവിതക്കയ്പ്പ്.

ഉണ്ട്, ഏമ്പക്കമിട്ട് ഊരു തെണ്ടുന്നോനോടല്ല
വിശന്നമ്ളം കക്കി വീണു കിടക്കുന്നവനോടേ
അന്നം ലഭിക്കുന്ന മാർഗ്ഗം തിരക്കാവൂ
വയറു നിറഞ്ഞില്ലെങ്കിലും വറ്റ് തന്നില്ലെങ്കിലും
മനസ്സ് ശാന്തമാകുവോളമവൻ വഴിപറയും

പകലന്തിയോളം വേദപുസ്തകം വായിക്കുന്നവനല്ല
മക്കളെയോർത്ത് ഏറ്റുപദേശിക്കുന്നവനാണു
കുമ്പസാരം കേൾക്കാനേറ്റവുമനുയോജ്യൻ
നരകമെന്തെന്നതും കിട്ടാത്ത സ്വർഗ്ഗവും
നേരിൽക്കണ്ടവൻ അവൻ മാത്രമാകുന്നു

അധികാരത്തിന്റെ മട്ടുപ്പാവിലേക്ക് പാതിരാവിൽ
അടുക്കള ജാലകത്തിലൂടെ നുഴഞ്ഞ്കയറിയവനല്ല
അണികളിലൊരുവനായ് കൊടിയേന്തിവെയിലേറ്റവനേ
വിപ്ലവത്തിന്റെ വീര്യമെന്തന്ന് രുചി നോക്കിയിട്ടുണ്ടാവൂ
അഞ്ചപ്പമവനയ്യായിരത്തെയൂട്ടും അവനോട് കൈ നീട്ടുക

വിധി കല്പിതം കൊണ്ട്, വിപരീത പദമിട്ട്
ബിരുദവും വിരുതും കൊണ്ടാളായവനല്ല
തനിക്ക് വിതയായതെന്തും കവിതയാക്കുന്ന
ചെറു കുരുവിയെയരുവിയെ കാട്ടു പച്ചയെ
കരുതുവോനെയറിയുക,കാലമവനിലൊഴുകും
zzzzzzzzzzzzzzzzzzzzzzzzzzzzzzzz

2017, ഫെബ്രുവരി 11, ശനിയാഴ്‌ച

കൂട്ടക്ഷരങ്ങളിൽ കുരുങ്ങിയോൻആകാശം അതിരു പകുക്കുന്ന
ശാലമോന്റെ സാമ്രാജ്യത്തിനപ്പുറം
കിനാക്കൾക്ക് തരംഗദൈർഘ്യമുണ്ടായിരുന്നു
ഏത് മലവെള്ളപ്പാച്ചിലും തകർക്കുന്ന
നോഹയുടെ പെട്ടകത്തോളം
പ്രതീക്ഷകൾ കനത്തതായിരുന്നു
സൗന്ദര്യബോധം ഔസേപ്പിനേയും കടന്ന്
ക്ഷാമകാലമൊട്ടുക്ക് തികയുമെന്നായിരുന്നു
ജറുസലേം പുത്രിമാരേക്കാൾ സ്നേഹം ചുരത്തുന്ന
വാക്കുകളിൽ മാന്ത്രികതയെ വിശ്വസിച്ചിരുന്നു
നീരു വറ്റി വിണ്ടുകീറിയ വാനത്തിലേക്ക്
കെട്ടിവച്ച സ്വപ്നങ്ങൾ ആവിയായുയർന്ന് കേറും
ദുരിതമഴയായ് വീണ്ടും കണ്ണീർ വടുക്കളെ നനയിച്ച്
മോഹങ്ങളിൽ തപിച്ച ഹൃത്തിലേക്ക് പെയ്തിറങ്ങും
ഏത് കുഴിവെട്ടി മൂടിയാലുമേത് പെരുവെള്ളമെടുത്താലും
കവിതയെന്നിൽ കാതലായ് കുടിയിരിക്കുന്നതറിയുന്നു
ഞാൻ ഞാനായ്ത്തന്നെ തുടരും, കാലഭേദങ്ങൾ താണ്ടി
വിലാസമില്ലാത്തവൻ,വിധിവിലക്കിലവിശ്വസിപ്പവൻ
തെമ്മാടിപ്പറമ്പിലേക്ക് മിഴി പാകിയോൻ, വെറുക്കേണ്ടവൻ
നീ സ്നേഹപുത്രൻ, സ്വർഗ്ഗലോകത്തേക്കുയർത്തപ്പെട്ടവൻ
അത്ഭുതങ്ങളേറെക്കാട്ടിയോൻ, കനിവു പെയ്യുന്നോൻ
ഞാനോ നിന്റെ ചെരുപ്പിന്റെ വാറഴിക്കാൻപോലുമയോഗ്യൻ
എങ്കിലുമെനിക്കുണ്ട് അമിത വിശ്വാസമാത്മ ധൈര്യം
എന്റെ വാക്കിന്റെ തുമ്പിലുദിക്കും സൂര്യൻ മതിക്കുമത്
നിന്റെയേത് വേദത്തിലും കനപ്പെട്ട വേദാന്തമായ്
അതുവരെ ആരും വായിക്കാതെ ഞാൻ മാത്രം കാക്കുന്ന
കൂട്ടക്ഷരങ്ങളുടെയൊരു കവിതയായ് ഞാനൊതുങ്ങട്ടെ

000000000000000000000000000000002017, ജനുവരി 12, വ്യാഴാഴ്‌ച

ശവദാഹം കാത്ത്‌. . .നീയെന്നിൽ നിന്ന് വേർപ്പെട്ട്‌ പോയ ആദ്യ രാത്രിയിലാണു
കുഴിമാടം കുതിരുവോളം പെരുമഴ പെയ്തത്‌. . .
അവഗണനയുടെ പാപഫലമെന്റെ
തൊണ്ട തൊടാതെയുൾച്ചേർന്നയന്നാണു
ജീവശ്വാസം കിട്ടാതെ ഞാൻ പിടഞ്ഞ്‌ മരിച്ചത്‌
ദാഹജലം പോലും വിലക്കപ്പെട്ട ജലാശയങ്ങൾ
വിണ്ട്‌ കീറിയാണ്ട്‌  പോയ നട്ടുച്ചയിലാണു
ഓരൊ വഴിയും പുരോഹിതർ പകുത്തെടുത്തത്‌
നീ വെന്ത്‌ മരിച്ച വേനലിന്റെ മൂന്നാം പക്കമാണു
ആത്മഹത്യക്കുറിപ്പെന്ന ആദ്യ കവിത ഞാൻ രചിച്ചത്‌
ഞാനെന്ന ഭ്രാന്തിലേക്ക്‌ നീയൊരു സന്നിപാത
ജ്വരമായെരിഞ്ഞ്‌ ചേരവേ, ശാന്തി കിട്ടാതെ
സദാചാരം കമ്പളമുയർത്തി യുദ്ധ കാഹളം മുഴക്കുന്നു
നരച്ച ആകാശവും വിളറിയ മണ്ണും മാത്രം
കണി കാണാൻ മിച്ചമുള്ളപ്പോൾ, നിശ്ശബ്ദമായൊരു
മരണം കുന്നിറങ്ങി പെരുവഴിയിൽ ലയിക്കുന്നു
ഉദകകൃയയ്ക്കുറ്റവരാരുമില്ലാതെ,
ശവമഞ്ചമേറ്റാൻ നാലാളു തികയാതെ
വെട്ടാനൊരു കായ്ക്കാത്ത മാവും
വിലപിക്കാനൊരു കാഴ്ച്ചക്കാരനുമില്ലാതെ
ഞാനൊടുങ്ങവേ നീ ഉറക്കെയെന്നെ ഭത്സിക്ക
അവന്റെയൊരൊടുക്കത്തെക്കവിത

2017, ജനുവരി 4, ബുധനാഴ്‌ച

ആവർത്തനാക്ഷരങ്ങൾ
പിന്തിരിഞ്ഞൊട്ടു നോക്കു നീ പ്രിയതമേ
പണ്ടു നാം പ്രണയിച്ചിരുന്ന നൽ നാളുകൾ
പൂത്ത്, മഞ്ഞു മൂടി നിന്ന പുലർവേളകൾ
പൊന്നണിഞ്ഞു വിളഞ്ഞ നെൽ കതിരുകൾ

കാത്തുകാത്തുഷ പൂജ കഴിഞ്ഞൊട്ട് കാണാതെ
കണ്ണുപാകിനിന്നെ കാലമറിയാതെ കൊതിച്ചതും
കാവുകുളത്തിൽ കുന്നിൻ ചെരുവിൽ കവലയിൽ
കവിതയായ് നീയുദിക്കാനിടയുള്ളിടം പാർത്തതും

ഓർമ്മയുണ്ടിന്നുമെന്നുള്ളിൽ തെല്ലും മായാതെ
ഒപ്പത്തിനൊപ്പമെന്നുമെൻ മനതാരിലൊഴിയാതെ
ഒച്ചയുമനക്കവും രാത്രിപകലൊക്കെയും നിനക്കായ്
ഒതുക്കിവച്ചെന്നെ നിനയ്ക്കാതെയൊടുക്കമൊടുങ്ങവേ

ചടുലമെൻ വാക്കുകളസഹ്യം, ചിരിയിലൊളിഞ്ഞ ചരിവ്
ചിതറിത്തെറിച്ച ചിന്തകൾ വന്യം, ചുണ്ടിലെ ചുവപ്പ്
ചികഞ്ഞെടുക്കാനുണ്ട് കാരണം നൂറുനൂറായിരം നിനക്ക്
ചായുവാനാളാണു ഞാനെത്രയും ചാരേ നിൽക്കുവാൻ

തരളമാം നിന്റെ കുറുമ്പൊക്കെയും പെരുത്ത് മോഹിച്ച്
തീപ്പെട്ട് പോകുവോളം നീതന്നെയിണയെന്ന് കല്പിച്ച്
തെറിവാക്ക് പറഞ്ഞിറങ്ങിയ നിന്നെയോർത്ത്, ശേഷം
തെരുവിലീ അഭിസാരികക്കോലത്തിൽ നിന്നെക്കാണവേ
തകർന്നത് നീയല്ല;കാലമെല്ലാം തുന്നിച്ചേർത്ത കവിതകൾ
0000000000000000000000000000000000000000000000000000000000

കണ്ണനില്ലാത്തിടം

കണ്ണാ. . . ഇവ്വുലകിലില്ല നിന്റെ പ്രണയം ഇത്രമേലെന്നെ ഓർമ്മിപ്പിച്ചിടാത്ത ഒരു ചെറു മുളന്തണ്ടു പോലും പതിനാറായിരത്തെട്ട്  പ്രണയപ...