2017, ഫെബ്രുവരി 28, ചൊവ്വാഴ്ച

മത നിയമങ്ങൾക്ക് മദമിളകുമ്പോൾ
നീ വേദം പറഞ്ഞു, എനിക്ക്
വൈദികനപ്പുറം നീ ദൈവ ദൂതനായിരുന്നു
തിരു വചനവും സങ്കീർത്തനവും
നിന്റെ വാക്കുകളല്ലാതെ എനിക്കായിരുന്നില്ല
ക്രൂശിത രൂപത്തിനു മുഖം കൊടുത്ത്
താണു വണങ്ങി മുട്ടിപ്പായ് പറയുമ്പൊഴും
ഹൃത്തിൽ നീ പകർന്ന വെള്ളിവെളിച്ചമായിരുന്നു
നിത്യ കന്യക നന്മ നിറഞ്ഞവനു ജന്മമേകുന്നു
ഉത്തമ ഗീതം ഉദയം മുതൽ വായിക്കപ്പെടുന്നു
എന്റെ നെറുകയിൽ നീ കൈവെച്ചാശീർവ്വദിക്കവേ
എന്റെ കരം ഗ്രഹിച്ച് നീയെന്നെ ചുംബിക്കയിൽ
ഞാൻ ഭക്ത മാർഗ്ഗത്തിൽ ഉയർത്തപ്പെടുകയായിരുന്നു
കുമ്പസാരക്കൂടിലേക്കെന്നെ വഴി നടത്തയിൽ
അൾത്താരയിലെനിക്ക് നീ അപ്പം നൽകയിൽ
അറിവ് പെരുക്കുവാനെന്നെന്റെ നാവ് നുണയവേ
ആരോടുമുണർത്തരുതെന്ന് കട്ടായമോതി നീ
വിലക്കപ്പെട്ട കനി തിന്നവനാണാദ്യം 
നഗ്നത വെളിപ്പെട്ടതെന്ന് നിന്നെ മുഴുവനായ് കണ്ടു
ഒടുവിൽ നീ ചുരത്തിയ ചുടുനീർ കാലമെല്ലാം
എന്റെ ജീവിതം ചുട്ട് വെണ്ണീറാക്കവേ ഞാനറിയുന്നു
തിരുവസ്ത്രമണിഞ്ഞെന്നും നീ വാഴ്ത്തപ്പെട്ടവനാകും
പാപം പ്രസവിച്ച് വെറുക്കപ്പെട്ടവളായ് ഞാനും

000000000000000000000000000000000000000

2017, ഫെബ്രുവരി 24, വെള്ളിയാഴ്‌ച

ആത്മഹത്യാകുറിപ്പ്

വസന്തം വിടർന്ന് നിൽക്കുന്ന
സൂര്യകാന്തിപ്പാടങ്ങളിൽ
അസൂയയുടെ കണ്ണേറു നട്ട്
കാഴ്ചകെട്ട കോലം നാട്ടിയതാരാണു ?

പ്രണയത്തിന്റെ വെള്ളരിപ്പച്ചപ്പുകളിൽ
ഈർഷ്യയുടെ ഇരുമ്പാണി തറച്ച്
ഒറ്റുകാരൊളിച്ച സൈബർ തടങ്ങളിൽ
ഇക്കിളിയുടെ രസം നിറച്ചദിനങ്ങൾ

എന്റെ ഇഷ്ടം മാത്രമാണു, എന്റെ സ്വപ്നവും
എന്റെ ജീവിത സങ്കല്പമെന്റെ മോഹം
നിന്റെ കാതിലേക്കൊരു മേഘമൽഹാറൊഴുക്കവേ
രംഗമൊപ്പിയെടുത്തതേത് രാക്ഷസക്കണ്ണുകൾ 

നിങ്ങൾ പാപം ചെയ്യാത്തവർ,യോഗ്യർ
പക്ഷേ, കല്ലെറിഞ്ഞതെന്റെ കനവിലേക്കാണു
എന്നെ ചുട്ടു കൊല്ലാം, വെട്ടി തുണ്ടമാക്കാം
എങ്കിലും കൂട്ടിലൊതുങ്ങിയ കിളിയിൽ കരുണ പെയ്യുക

ഇനിയെന്റെ മരണം നിന്റെ ഘോഷ ദിനമാക്കുക
ശവമൊരു തരിമ്പുമൊഴിയാതെ ഉപ്പ് തൊട്ട് വിഴുങ്ങുക
നിന്റെ ജീർണ്ണിച്ച മനസ്സിലെ പുഴുക്കളെയൊക്കെയും
എന്റെ കുഴിമാടത്തിലേക്കൊഴുക്കി വിടുക, എന്നെ ഭത്സിക്ക
വർഷമെല്ലാം നിന്റെ സദാചാരം പൂത്ത് നിൽക്കുമെന്നുറപ്പിക്ക
000000000000000000000000000000000000

2017, ഫെബ്രുവരി 18, ശനിയാഴ്‌ച

ക യിലൊതുങ്ങാതെ വിത തേടിപോയവൾ
നിന്നിൽ നിന്നൊരു യുഗം 
ദൂരെയായപ്പോഴാണു
നിന്നിലായിരുന്നെന്നാത്മാവ്
ദാഹമകറ്റിയിരുന്നതെന്നറിഞ്ഞത്

നീ നക്ഷത്രവേഗം,ഞാൻ തീവണ്ടി യാത്ര
നീ അമാവാസിയിലൊരു കൊള്ളിയാൻ
ഞാൻ സൂര്യവെട്ടത്തിലെ മിന്നാമിനുങ്ങ്
നീയെനിക്കായ് വ്രതം കൊണ്ട നേരവും
ഞാൻ, കണ്ടതൊക്കെയും ആശ കൊണ്ടവൻ

നീ ഉണ്ട് തീരാത്ത പകലുകൾ
നിദ്ര കൊള്ളാത്ത ഇരവുകൾ
ഉടുത്തൊരുങ്ങാത്ത വേദികൾ
കണ്ടില്ലൊരുനാളുമെൻ കണ്ണീർ
കൺതടം നിറഞ്ഞ് കാഴ്ചയൊടുക്കയിൽ

എന്റെ പാത്രത്തിൽ വിളമ്പിയതൊക്കെയും
എനിക്കുള്ളതല്ലെങ്കിലുമടുത്തവന്റെ ബാക്കിയും
ഇറ്റു വെള്ളം പോലും സ്വന്തമായ് കരുതാതെ
ഇക്കണ്ട കാലമൊക്കയുമൂട്ടിയവനല്ലയോ


സ്വസ്തമെൻ കൂടെയുള്ള വാഴ്വും കടന്ന്
സുന്ദരമൊരു ലോകമുണ്ടങ്ങാ വിണ്ണിനപ്പുറം
സുര ദേവ ഗണങ്ങൾ തംബുരു മീട്ടുന്നതും തേടി
സ്വയമൊരു കയർത്തുമ്പിൽ കയറി നീ പോകവേ

ദൂരമുണ്ടൊരുപാട് കാതമിനിയും
ദിക്കു താണ്ടി നിന്നിലണയാനെൻ സഖീ
കവിതയൊന്നിന്റെ കാലുപിടിച്ചാകിലും
കിഴക്കുണരും മുൻ ഞാൻ നിൻ പടി ചവിട്ടിടും
0000000000000000000000000002017, ഫെബ്രുവരി 14, ചൊവ്വാഴ്ച

വഴിയും സത്യവും ജീവനും
കറക്കിക്കുത്തി ജയിച്ചവനോടല്ല;
തോറ്റ് പിൻവാങ്ങിയവനോടേ
സാരോപദേശം തേടാവൂ.
അവനറിയാം; അവനേ അറിയൂ,
കാര്യകാരണങ്ങളുടെ ജീവിതക്കയ്പ്പ്.

ഉണ്ട്, ഏമ്പക്കമിട്ട് ഊരു തെണ്ടുന്നോനോടല്ല
വിശന്നമ്ളം കക്കി വീണു കിടക്കുന്നവനോടേ
അന്നം ലഭിക്കുന്ന മാർഗ്ഗം തിരക്കാവൂ
വയറു നിറഞ്ഞില്ലെങ്കിലും വറ്റ് തന്നില്ലെങ്കിലും
മനസ്സ് ശാന്തമാകുവോളമവൻ വഴിപറയും

പകലന്തിയോളം വേദപുസ്തകം വായിക്കുന്നവനല്ല
മക്കളെയോർത്ത് ഏറ്റുപദേശിക്കുന്നവനാണു
കുമ്പസാരം കേൾക്കാനേറ്റവുമനുയോജ്യൻ
നരകമെന്തെന്നതും കിട്ടാത്ത സ്വർഗ്ഗവും
നേരിൽക്കണ്ടവൻ അവൻ മാത്രമാകുന്നു

അധികാരത്തിന്റെ മട്ടുപ്പാവിലേക്ക് പാതിരാവിൽ
അടുക്കള ജാലകത്തിലൂടെ നുഴഞ്ഞ്കയറിയവനല്ല
അണികളിലൊരുവനായ് കൊടിയേന്തിവെയിലേറ്റവനേ
വിപ്ലവത്തിന്റെ വീര്യമെന്തന്ന് രുചി നോക്കിയിട്ടുണ്ടാവൂ
അഞ്ചപ്പമവനയ്യായിരത്തെയൂട്ടും അവനോട് കൈ നീട്ടുക

വിധി കല്പിതം കൊണ്ട്, വിപരീത പദമിട്ട്
ബിരുദവും വിരുതും കൊണ്ടാളായവനല്ല
തനിക്ക് വിതയായതെന്തും കവിതയാക്കുന്ന
ചെറു കുരുവിയെയരുവിയെ കാട്ടു പച്ചയെ
കരുതുവോനെയറിയുക,കാലമവനിലൊഴുകും
zzzzzzzzzzzzzzzzzzzzzzzzzzzzzzzz

2017, ഫെബ്രുവരി 11, ശനിയാഴ്‌ച

കൂട്ടക്ഷരങ്ങളിൽ കുരുങ്ങിയോൻആകാശം അതിരു പകുക്കുന്ന
ശാലമോന്റെ സാമ്രാജ്യത്തിനപ്പുറം
കിനാക്കൾക്ക് തരംഗദൈർഘ്യമുണ്ടായിരുന്നു
ഏത് മലവെള്ളപ്പാച്ചിലും തകർക്കുന്ന
നോഹയുടെ പെട്ടകത്തോളം
പ്രതീക്ഷകൾ കനത്തതായിരുന്നു
സൗന്ദര്യബോധം ഔസേപ്പിനേയും കടന്ന്
ക്ഷാമകാലമൊട്ടുക്ക് തികയുമെന്നായിരുന്നു
ജറുസലേം പുത്രിമാരേക്കാൾ സ്നേഹം ചുരത്തുന്ന
വാക്കുകളിൽ മാന്ത്രികതയെ വിശ്വസിച്ചിരുന്നു
നീരു വറ്റി വിണ്ടുകീറിയ വാനത്തിലേക്ക്
കെട്ടിവച്ച സ്വപ്നങ്ങൾ ആവിയായുയർന്ന് കേറും
ദുരിതമഴയായ് വീണ്ടും കണ്ണീർ വടുക്കളെ നനയിച്ച്
മോഹങ്ങളിൽ തപിച്ച ഹൃത്തിലേക്ക് പെയ്തിറങ്ങും
ഏത് കുഴിവെട്ടി മൂടിയാലുമേത് പെരുവെള്ളമെടുത്താലും
കവിതയെന്നിൽ കാതലായ് കുടിയിരിക്കുന്നതറിയുന്നു
ഞാൻ ഞാനായ്ത്തന്നെ തുടരും, കാലഭേദങ്ങൾ താണ്ടി
വിലാസമില്ലാത്തവൻ,വിധിവിലക്കിലവിശ്വസിപ്പവൻ
തെമ്മാടിപ്പറമ്പിലേക്ക് മിഴി പാകിയോൻ, വെറുക്കേണ്ടവൻ
നീ സ്നേഹപുത്രൻ, സ്വർഗ്ഗലോകത്തേക്കുയർത്തപ്പെട്ടവൻ
അത്ഭുതങ്ങളേറെക്കാട്ടിയോൻ, കനിവു പെയ്യുന്നോൻ
ഞാനോ നിന്റെ ചെരുപ്പിന്റെ വാറഴിക്കാൻപോലുമയോഗ്യൻ
എങ്കിലുമെനിക്കുണ്ട് അമിത വിശ്വാസമാത്മ ധൈര്യം
എന്റെ വാക്കിന്റെ തുമ്പിലുദിക്കും സൂര്യൻ മതിക്കുമത്
നിന്റെയേത് വേദത്തിലും കനപ്പെട്ട വേദാന്തമായ്
അതുവരെ ആരും വായിക്കാതെ ഞാൻ മാത്രം കാക്കുന്ന
കൂട്ടക്ഷരങ്ങളുടെയൊരു കവിതയായ് ഞാനൊതുങ്ങട്ടെ

00000000000000000000000000000000അവളെന്റെ മകളായിരുന്നു. . .

കൃഷ്ണാ, നാമൊരേ ചില്ലയിൽ പൂത്തവർ നാമരൂപങ്ങളഴിഞ്ഞവർ, പഥിതർ ഒരേ സൂര്യന്റെ കടും തപം മോന്തിയോർ ഒന്നിച്ചൊരേ കുടയിൽ നനഞ്ഞവർ നീയെന്റെ കണ്ണാ, ...