2017, മാർച്ച് 19, ഞായറാഴ്‌ച

ജനാധിപത്യത്തിന്റെ പുതുനിറം


ഞാനായുസ്സൊട്ടുക്ക് നരകമുണ്ട ഭൂമി
നീയൊരുമാത്ര മാത്രം കണ്ട്
സത്യാസത്യമെന്നോട് വാദിക്കായ്ക
ഒരിറ്റ് ദാഹനീർ തേടി തൊണ്ട പഴുത്ത്
മരുഭൂമിയൊക്കെയും കുടിച്ച് വറ്റിച്ചവനെ
പെയ്യാത്ത മഴകാട്ടി പേടിപ്പെടുത്തായ്ക
പൊരിവെയിലിൽ ജീവിത ദുരിതമൊക്കെയും
പുണ്ണിലെപ്പുഴുക്കളെ പാർക്കാതെ നോറ്റവനെ
പൂത്തിരികത്തിച്ച് പുകയ്ക്കാൻ ശ്രമിക്കായ്ക
ഇന്നലെപ്പെയ്ത മഴയിലെത്തകര നീ
എണ്ണമറ്റയുഗം പടർന്നയെന്നെയൊടുക്കായ്ക
ദുരന്തം കിനാ കാണാതുറങ്ങാനൊരു രാത്രി
അസ്തമയത്തിന്റെയൊടുക്കം വരെ മഴ
നീരു തുപ്പി മടുത്തൊടുങ്ങാത്താഴക്കിണർ
ഇത്ര ഇത്രമാത്രമായിരുന്നൊടുക്കത്തെ മോഹം
വിധിയെന്നത് ദൈവഹിതമല്ല, മറിച്ച്
അടിച്ചേൽപ്പിക്കപ്പെടുന്നതാണു
ചിലപ്പോഴൊക്കെ പിടിച്ച് വാങ്ങുന്നതും
ആകയാൽ നിന്റെ കാവിപ്പുതപ്പിനുള്ളിൽ
കൂരിരുൾ ശ്വസിച്ച് ഞാൻ മരിക്കട്ടെ
00000000000000000000000000

2017, മാർച്ച് 11, ശനിയാഴ്‌ച

വിപ്ലവത്തിന്റെ പുതു തലമുറ
ജീവനോടെ ഉറുമ്പരിക്കുന്ന 
ചില പ്രണയങ്ങളുണ്ട്
ശ്വാസം മുട്ടിച്ച് കൊല്ലുന്ന
നനുത്ത സ്വപ്നങ്ങളും
നടന്നു തേഞ്ഞ് മറന്ന ഇടവഴികളിൽ
ആമ്പൽക്കുളം പായലിലൊളിഞ്ഞ്
പടവുകളിലേക്കെത്താതെ മറയുന്നു
അയൽപ്പക്കത്തെ പട്ടി ചത്തത്
അസ്ഥിയുരുകി മൂന്നാം പക്കമാണറിഞ്ഞത് 
പത്തൊമ്പത് കൊല്ലം പട്ടിണികിടന്നതേത്
പരിഷകൾക്കാണെന്നൊരു മൗനമുരുകുന്നു
മാംസമെന്നുച്ചരിച്ചൊടുങ്ങും മുന്നവേ കറുമ്പനെ
മാടു വെട്ടും പോലെ കൊന്ന മാടമ്പികൾ
ശ്രീകോവിലിലെ കാവലിനെത്തുന്ന കൗതുകം
നീ പെണ്ണും ഞാനാണുമായിരിക്കുവോളം സൗഹൃദം
പൂജയ്ക്കെടുക്കാത്ത കൈതപ്പൂവായ് കാണുന്നു
ചൂരലുകൊണ്ട് മരവിച്ചതെന്റെ മനസ്സല്ല
ചൂലെടുത്തടിച്ച് തളിക്കേണ്ട വ്യവസ്ഥയാകുന്നു
നീ ഉടുത്തതിൽ സാധിച്ച എമ്പോക്കിത്തരം
ഞാൻ കൈക്കുടന്നയിലെടുക്കുന്ന പ്രതിഷേധം
ചുണ്ടുകൾ തമ്മിൽ കോർക്കുന്ന പെരുവഴി
എന്റെ ചോരയാകുമ്പൊഴാണസഹ്യത
അതു വരെ നിന്റെ രതിനാടകം കണ്ട് ഞാൻ
ഉദാത്തമാം സമരമെന്നുറക്കെ പറയട്ടെ
000000000000000000000000000000000000000

കവിതതൻ ലക്ഷ്യം കാലക്ഷേപം

പ്രവാചകർ പടിയിറങ്ങുന്ന ഒഴിവിലേക്കാണു ഭൂമിയിൽ കവികൾ ഉദയം കൊള്ളാറുള്ളതത്രേ അശാന്തിയുടെ തീരങ്ങളിൽ ജാതിക്കോമരങ്ങൾ വെറുപ്പിന്റെ ഉല്ക്ക തുപ്...