2017, ഏപ്രിൽ 19, ബുധനാഴ്‌ച

‘ക’ കാരത്തിനപ്പുറം കിറുക്ക്


കരളിലെച്ചോപ്പിനകത്ത് പൊതിഞ്ഞൊരു
കനകമായ് കാത്തുവെച്ച കിനാക്കളെ
കതിരിടാൻ പോലുമൊരുമാത്ര നൽകാതെ
കരിയിച്ചു കളഞ്ഞവൻ നാഥനെങ്കിൽ
കടലിലാഴ്ത്തുക കാലമൊരിക്കലുമുയരാതെ


കാശുള്ളവൻ കയ്യൂക്കുള്ളവൻ കരളുറച്ചോൻ
കരകേറുവാൻ യോഗ്യനവൻ മാത്രമെങ്കിൽ
കീഴ്ജാതിയെ കറുത്തവനെ കരയുന്നവനെ
കൈകൊണ്ട് വാർത്തവൻ മൂർത്തിയെങ്കിൽ
കെട്ടിയിട്ടടിക്കണം കൊട്ടുവടികൊണ്ട് നിത്യവും



കൊട്ടിപ്പാടിയാർത്ത് വിളിച്ചാലേ
കണ്ണുപൊട്ടനീശൻ കണ്ടറിയുവെങ്കിൽ
കാലണയ്ക്കുതവാത്ത മതവും പാതിരിയും
കൊണ്ടുപോയിത്തള്ളണമൊക്കെയും
കതിനപൊട്ടിയാലറിയാത്ത കാടിനപ്പുറം



കുറിക്കില്ല കരുത്തറ്റ പദമിനിയൊരിക്കലും
കവിതയിൽപ്പോലുമുണ്ട് മതവും ജാതിയും
കരകടത്തിയൊടുക്കുമായിരിക്കും തമ്പുരാൻ
ക കാരം കൊണ്ടിങ്ങനെയൊരു വികൃതംകോറവേ
കിറുക്കനെന്നറിയുക,പൊറുക്കുക ആവർത്തിക്കയില്ല

ooooooooooooooooooooooooooooooooooooooo

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...