2017, ഓഗസ്റ്റ് 28, തിങ്കളാഴ്‌ച

പ്രണയ കുംഭം നിറഞ്ഞൊഴുകുന്നു



പ്രിയേ,
ഞാൻ നിന്നെ പ്രണയിക്കവേ
അതിലെ രസമേതെന്നവർ ചികയുന്നു
അറിയുക, 
ഒരു രസത്തിനപ്പുറം എന്റെ ജീവിത
രസായനം തന്നെ നീയാകുന്നു
ചിങ്ങമിങ്ങനെ ചിണുങ്ങിപ്പെയ്യവേ
എന്റെ കവിതയെ ഇഴകീറിപ്പറിക്കുന്നു
അവരറിയുന്നില്ല,
എന്റെ കവിതയിലന്യുസൂതമൊഴുകുന്നത്
നിന്റെ വർണ്ണാഭമായ കനവുകളെന്ന്
നിന്റെ വസന്തങ്ങളിൽ പറന്നിറങ്ങി
ഞാൻ മധുവുണ്ട് ലഹരി കൊൾവത് മാത്രം
നിതാന്തമവർ നിരീക്ഷിക്കുന്നു
കത്തുന്ന വേനലിൽ നീയുരുകയിൽ
നിന്റെ നാഭിച്ചുഴിക്കപ്പുറം ഞാൻ
ഹിമബിന്ദു സ്രവിച്ചത് കാണാതെ പോവുന്നു
പ്രണയമെന്നാൽ വെറുമൊരു ശരീര ദാഹമല്ല
കാലമൊക്കെയും തീരാത്തൊരുത്സവം
സിരകളിൽ നിന്നൊഴിയാത്ത ഉന്മാദം
സുന്ദരസ്വപ്നങ്ങൾ മാത്രം പൂക്കുന്ന വസന്തം
ഇനിയീ ഭ്രമങ്ങളിൽ നിന്നൊക്കെയും കിനിയുന്ന
അമൃത കണങ്ങളെ കടഞ്ഞൊരു കുംഭത്തിലാക്കി
ഞാൻ പുതിയൊരു കാവ്യകടലൊരുക്കും
അതിലെന്റെ പ്രണയത്തിൻ നേരുകാണും
=================================





2017, ഓഗസ്റ്റ് 25, വെള്ളിയാഴ്‌ച

ഞാനുറങ്ങാരാവൊക്കെയും. . .


ആതിരേ,
പ്രണയ പാരവശ്യം കുതിർന്നയെൻ
കണ്ണുകളിലൊരു താമരമൊട്ടായ്
നീയുദിക്കാൻ മറുപ്പതെന്തേ 
അത്രമേൽ തരളമെൻ ഹൃത്തിലൊരു
പൊയ്കയി,ലെന്റെ സ്വപ്ന വനികയിൽ
അരയന്നമായ് നീ വരും നാളിനൊന്നായ്
തപം കൊണ്ട് കഴിവതുണ്ട് ഞാനെന്നത്
കാണാതെ നീ പോവതോ, സ്വയമൊതുങ്ങി
കനവിലൊരു മാളികതന്നിലെന്നെ കാണ്മതോ
നീ പൂക്കാതെപോയൊരത്തവും ചിണുങ്ങാച്ചിങ്ങവും
നീയുദിക്കാ പകലൊക്കെയും കിനിയാ ഉറവയും
ഒഴുകാതെ പോയ നീർച്ചാലരുവിയും പ്രിയതമേ
തീർക്കുന്നതെന്നിലൊരു കൊടും വേനൽ മാത്രം
അറിയുന്നു ഞാനാർദ്രേ, മൗനമായ് തിരുനടയിലൊരു
സന്ധ്യാ വന്ദന നേരത്ത് ദീപപ്രഭ തട്ടി നീ തൊഴുകയിൽ
ഇല്ല നിന്നിൽ ഞാനല്ലാതെ  രൂപമൊന്നെങ്കിലും
നിന്റെ പുരോഭാഗത്ത് കാലമൊക്കെയുമധികാര
മുദ്രചാർത്തി ഞാൻ നിലകൊള്ളുന്ന നാളൊന്ന് വരെ
ഈ മണല്‍ക്കാട്ടിലീ ഏകാന്തരാത്രി ഉറങ്ങാതെ പുലരട്ടെ
xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

2017, ഓഗസ്റ്റ് 23, ബുധനാഴ്‌ച

പ്രണയമൈലാഞ്ചി പൂക്കവേ. . .


ഓ ആലിയാ, 
മുഹബ്ബത്തിന്നത്തർ പുരട്ടിയ
ഏതുറുമാലിലാണു നിന്റെ പേരു
ഞാൻ തുന്നിച്ചേർക്കുക
ബാല്യത്തിലോതിപ്പഠിച്ച,
ഹൂറികളുടെ മൊഞ്ചിനപ്പുറം
ഹൃദയവാടത്തിലെവിടെയാണു
നിന്നെ ഞാൻ കാത്ത് വെക്കുക
മൈലാഞ്ചിച്ചോപ്പിലിടകലരുന്ന
നാണത്തിൽ കുതിർന്ന മുഖകാന്തി
വിരലുകൊണ്ടെത്ര നേരമാണു നീ
കുസൃതിയിലൊളിപ്പിച്ച് കാക്കുക
ജിന്നുകൾ ഇണതേടാനിറങ്ങുന്ന
മൂവന്തി നേരത്ത്, പള്ളിത്തൊടിയിൽ
കാത്തിരുന്നതെന്നെയല്ലെന്ന്
ആരെയാണു നീ വിശ്വസിപ്പിക്കുന്നത്
ഇനിയുമാലിയാ, എന്റെ ഹൃദയം
കല്ക്കണ്ടം ചാലിച്ച്, കുങ്കുമപ്പൂ വിതറവേ
എന്റെ പ്രണയത്തിലേക്ക് നീ വീണ്ടും
കടക്കണ്ണെറിഞ്ഞെന്നെ തളർത്തായ്ക
ഏത് കടലിനപ്പുറവുമെന്റെ പ്രിയതമേ
നിന്റെ ഹൃദയം തമ്പുരുമീട്ടുന്നതെപ്പഴും
എന്നെയോർത്തല്ലെന്നാരെ ഉണർത്തണം
അസർമുല്ലയായകതാരിൽ പൂത്ത് നില്ക്കുന്ന
നിന്നെ ഞാനെങ്ങനെയാണാലിയ, കൂർത്ത
കള്ളിച്ചെടികൊണ്ട് മീസാൻ കല്ല് കൊണ്ട്
അടയാളമിട്ട്, കരളിൽ നിന്ന് കരിച്ചൊടുക്കുന്നത്
xxxxxxxxxxxxxxxxxxxxxxxxxxxxxxxxxx



2017, ഓഗസ്റ്റ് 17, വ്യാഴാഴ്‌ച

നിത്യത തേടുന്ന പ്രണയകാവ്യം



ജീവിതപ്പെരുവഴിയിലെപ്പഴോ
പാതിയടഞ്ഞ്, പൊടിയടിഞ്ഞ്
തുരുമ്പ് തിന്നയീ തകരപ്പെട്ടിയിൽ
ഓമനേ, ഇനിയും ദ്രവിച്ചിട്ടില്ലാത്ത
നിന്റെ ഓർമ്മകൾ വാഴുന്നിപ്പഴും
കൂവിയാർത്ത് ചുറ്റും തിമിർക്കുന്ന
കുരുന്നുകൾക്ക് ഓട്ടുവളപ്പൊട്ടിതെങ്കിലും
ഒട്ടും ചോരാതെ നിന്റെ മണം കാക്കുന്ന
നിത്യ പ്രണയ സ്മാരകം കയ്യിലെടുപ്പു ഞാൻ
അന്നൊരുത്സവപ്പിറ്റേന്ന് പുലരിയിൽ
ആരുമുണരാത്ത ഊടുവഴിയിൽ
താമരത്തണ്ടിനൊത്ത നിൻ കയ്യിൽ
ഞാനണിയിച്ച ആദ്യ പ്രേമ സമ്മാനം

ഇന്നീ പെരുമഴയത്ത് കാറ്റടിയേറ്റ്
പാടവരമ്പിലങ്ങേത്തല്യ്ക്കൽ കണ്ണുനട്ട്
കാത്തിരിക്കുന്ന വേളയും കേൾക്കാമെനിക്ക്
നിന്റെ പദനിസ്വനം, ഒരു മൂളിപ്പാട്ട്
എന്നിലൊരു പാതിരാവുമുറങ്ങാതെ
നിന്റെ ദാഹം നിലയ്ക്കാതൊഴുകുന്നു നിത്യവും
അമ്പലനടയിലാമ്പൽക്കുളത്തിലാറ്റുവക്കിൽ
നീയാണെനിക്കോർമ്മ, നിയതി, നീർ വീഴ്ച
നിന്നിൽ നിന്നെന്നെപ്പിഴുതെടുക്കുവാൻ
ഇനിയുമൊരായിരം കൊയ്ത്തുകാലം താണ്ടണം
നിന്റെ മാംസം പൂത്ത മരക്കൊമ്പിലൊരിക്കലും
കഴുകജന്മമാടിയില്ല ഞാനെങ്കിലും, അറിയുന്നു
നീ വിടർന്ന രാവുകൾ, മധുകിനിഞ്ഞ മേടുകൾ
ഇനിയീ ഒടുക്കത്തെ രാഗവും പാടി നടയടയ്ക്കവേ
ഒന്നായൊഴുകണം നിനക്കൊത്ത്, ഒടുവിൽ
നീ ഉറക്കം നടിച്ചൊളിച്ചു കിടക്കുമിതേ മണ്ണിൽ
നിന്നിൽ കുതിർന്നലിഞ്ഞ് പിന്നെയും കാലമൊക്കെയും
ഒരു പുതിയ പ്രണയകാവ്യമായ് വസന്തം ചുരത്തണം
0000000000000000000000000000

2017, ഓഗസ്റ്റ് 8, ചൊവ്വാഴ്ച

അനാഥപ്രേതം എന്റെ അമ്മയായിരുന്നു. . .



ഓർമ്മയിലാദ്യം നിന്നെത്തിരയുന്നത്
എന്നെ വാരിയെടുത്ത് യോഗീ പാദം
പടിയിറങ്ങുന്ന ആനമറിച്ചെരുവിലാണു
തല തിരിഞ്ഞപ്പൻ നല്ല കനവനായില്ലെങ്കിലും
മകനു തണലായിരിക്കയെന്നോരോ
നരച്ച താടീ മുഖത്തും എനിക്കായ് യാചിപ്പവൾ
പള്ളിക്കൂട ജാലകത്തിനപ്പുറം പുകയുന്ന
ഉപ്പുമാ ചെമ്പിനൊത്തുരുകുന്ന തള്ളയെ
സ്വന്തം സ്ഥാപിച്ചപമാനിതനാകാതിരിക്കയെന്ന്
നീറുന്ന കണ്ണിൽ നിന്നെന്നെ മറച്ചവൾ
കൊടികുത്തി വഴിപാട് കഴിച്ച് പട്ട് മൂടുന്ന
മൂഢ സ്വർഗ്ഗത്തിലൊക്കെയും എന്നെയും  കൂട്ടി
അനുഗ്രഹം തേടിയന്നം യാചിച്ച് നടപ്പവൾ
ചുമടെടുപ്പവളെ ചൂഷണം ചെയ്യുന്ന പാറമടകളിൽ
തീയെരിപ്പവളെ തീയായെരിക്കുന്ന ഭോജനശാലകളിൽ
സാക്ഷയില്ലാത്ത വാതിലിലെനിക്കായ് പാതിരാ
സാക്ഷിയാക്കി ഉറങ്ങാതെ കാലമൊക്കെയും പുലർന്നവൾ
വേദം പൂക്കുന്ന വഴിയമ്പലങ്ങളിലൊക്കെയും
വേദനയൊട്ടുമെന്നെയറിയിക്കാതെ നിത്യവും
വെന്തുരുകി സ്വയമൊതുങ്ങി വളർത്തവളെ
വിദേശവാസത്തിലൊരിക്കലുമോർക്കാതെ
ആണ്ടറുതിയും അമാവാസിയുമോണവും, നിന്റെ
അല്ലലൊന്നുപോലും എന്നെ അലട്ടാതെ
ഇന്നു നീയൊടുങ്ങിയ ഈ ഒടുക്കത്തെ വേളയിൽ
വായിലൊരിറ്റ് നീരുപകരാൻ, പട്ടടയിൽ തീയാവാൻ
പത്തു നിമിഷമെങ്കിലുമൊന്നു വിതുമ്പിക്കരയാൻ
പക്കമൊന്നു നീക്കിവെക്കാതെയിന്നാരുമറിയാത്ത
നിന്റെ മരണത്തിൽ ബാക്കിയായ എല്ലിൻ കൂടിനെ
തൊട്ടു ഞാനൊട്ടു പൊട്ടിക്കരയവേ ഇമ്മട്ടിൽ ഞാൻ
പെട്ടുപോയ പൊട്ടലോകം കൈകാട്ടി വിളിക്കുന്നു പിന്നെയും
xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

2017, ഓഗസ്റ്റ് 5, ശനിയാഴ്‌ച

മൂടാടിക്കാഴ്ചയുടെ രാഷ്ട്രീയ മാനം


ചില കാഴ്ചകൾ അങ്ങനെയാണു
ഒന്നിൽ നിന്നൊന്നിലേക്ക്
പിന്തുടർച്ചയവകാശപ്പെട്ട്
മനസ്സിലവയൊരു 
ചലചിത്ര വിസ്മയം തീർക്കും
മകന്റെ പള്ളിക്കൂടത്തിനപ്പുറം
മൂന്നും കൂടിയ കവലയിൽ
തേഞ്ഞ് തീർന്നൊരു വള്ളിച്ചെരുപ്പ്
ചോര പടർന്ന് കിടക്കയിൽ
അത് കാഴ്ചയുടെയൊരു
ത്രിമാന ആകാരമായിരുന്നില്ല
തൊട്ടടുത്ത്, ഇന്നലെ രാത്രിയിൽ
പൊതിയഴിച്ച പരാധീനത
ഉപ്പുപരലുകളായ് ചിതറിക്കിടപ്പുണ്ട്
ജീവിതത്തിന്റെ ആകത്തുകയിൽ നിന്ന്
സ്വരൂപിച്ച മധുരമൊക്കെയും
ചാറൽ മഴയിൽ അലിഞ്ഞു തീർന്നിരിക്കുന്നു
വാഗ്ദത്ത ലംഘനങ്ങളുടെ, സ്ഥിരമായ
തല ചൊറിയലുകൾക്കപ്പുറം, ഒരു കടലമിഠായ്
വണ്ടിച്ചക്രത്തിനു കീഴിൽ അരഞ്ഞു കിടക്കുന്നു
മൂടിപൊട്ടി തറയിൽ പടർന്ന കൊട്ടൻ ചുക്കാദി
മൂലയിൽ, ആസ്ത്മയ്ക്ക് കൂട്ടിരിക്കുന്ന 
കാലനു വേണ്ടാത്ത ഒരമ്മച്ചിത്രമാണു
കാഴ്ചയുടെ പ്രവേഗം ത്വരിതപ്പെടുമ്പോൾ
കണക്കു കൂട്ടലുകളിൽ മടക്കു നിവരാത്ത
വിരലുകളുമായ് ഒരു കൈപ്പത്തിയറ്റു  കിടക്കുന്നു
വട്ടുരുട്ടിയൊരു കുസൃതിയിപ്പോഴും
പാടവരമ്പിൽ കണ്ണെറിയുന്നുണ്ടാവും
പുകഞ്ഞ് തീ പടരാത്ത അടുപ്പത്ത്, വേവാത്ത
അരിക്കലത്തിനോട് കലഹിച്ചൊരു സ്ത്രീത്വം
ആഞ്ഞു ചുമച്ചിട്ടും കഫമൊട്ടും പോരാതെ
ആധികൊണ്ടൊരു ആയ്സ്സിന്റെ അനുഭവം
രക്ത സാക്ഷിയിൽ അവകാശം സ്ഥാപിക്കാൻ
അർത്ഥമില്ലാതെ പാറുന്നുണ്ടപ്പഴും, കൊന്നവന്റെ
നിറം മങ്ങിയിട്ടും കീറിയെറിയാത്ത പകക്കൊടി
xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx


















2017, ഓഗസ്റ്റ് 1, ചൊവ്വാഴ്ച

നീയെന്ന രസത്തിനപ്പുറം. . .



പ്രണയ പാരവശ്യത്താലെന്നോമനേ
പുലരുവോളം നിന്നെയങ്ങനെയനങ്ങാതെ
പ്രാർത്ഥനാഗീതമായ് നോക്കിക്കിടന്നിട്ടുണ്ട്
പൂവിനെ പൂമ്പാറ്റയെ പരൽ മീനിനെ
പൈതങ്ങളെക്കൊഞ്ചിക്കും മട്ടിലെൻ പ്രിയതേ
പെയ്തൊഴിയാ കാലമൊക്കെയും നീയായിരുന്നു
പരിണയം കഴിഞ്ഞു നിന്നെക്കിട്ടിയ പാതിരാ തൊട്ട്
പകലന്തിയൊക്കെയും നീയല്ലാതില്ല മറ്റൊന്നുമേ
പെറ്റെന്റെ പിഴയൊക്കെയും പൊറുത്ത് ഞാൻ
പിച്ചവെച്ച് ഞാനാകുവോളം പോറ്റിയ തള്ളയെ
പാറയെടുത്ത് പാടമുഴുത് അസ്തമയം വരെ
പാടുപെട്ടെന്നെ തീറ്റി പുണ്യം ചെയ്ത താതനെ
പരിഗണിച്ചിട്ടില്ല ഞാനാരെയും നീകണക്കെ
പച്ചയായ് ഞാൻ കണ്ട ചിത്രം അസത്യമെന്ന്
പരപുരുഷനൊത്ത് നീ മേനി പകുത്തത് ദു:സ്വപ്നമെന്ന്
പുറം ലോകമാരുമറിയാതെ പാലിച്ചിരുന്നു ഞാൻ
പിന്നെയും നീയെന്നെയൊരു പാവ കണക്കെ
പകിടകളിക്കും ലാഘവം പന്തുരുട്ടവേ
പുകച്ചു തള്ളിയുള്ളിൽ പതഞ്ഞ നോവൊക്കെയും
പകമൂത്ത് ഞാനെന്നെയൽപാൽപമായ് കൊന്ന്
പീത രസങ്ങളിലെൻ രസനയെ തളർത്തി
പാതി വെന്ത കരളിനെ പിന്നെയും കെടുത്തി
പട്ടടയിൽ ഞാനെരിഞ്ഞൊടുങ്ങിയാലും
പൊൻപട്ടായ് നീ പൊതിയുക പാപിയെൻ കല്ലറ
xxxxxxxxxxxxxxxxxxxxxxxxxxxxxxxxx


















കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...