2017, ഒക്‌ടോബർ 14, ശനിയാഴ്‌ച

കാവ്യത്തിനപ്പുറം നീ പടരാതെ പോകുവാൻ



അന്നു നീ വിടചൊല്ലിപ്പിരിഞ്ഞൊരാ നേരത്ത്
പെരുമഴ പെയ്തില്ലെങ്കിലോ എൻ സഖീ
പൂത്തിത്ര നീർ ചുരത്തിയ കൺകളെ
പാർത്തു നീയെന്നാധി ഗ്രഹിച്ചിരിക്കാം
ചാരെ കലങ്ങി, ചാലിയാറൊഴുകവേ മൽ പ്രിയേ
പേർത്തുപേർത്തു നീ ചൊല്ലിയതൊക്കെയും
പാടേ, കാതിലൊട്ടുമേൽക്കാതെ പോയിരിക്കാം
അറിയുന്നു ഞാനെന്റെ പ്രിയതേ, അത്രമേൽ
അലിഞ്ഞു ഞാൻ നിന്നിലാപതിച്ചിരിക്കുന്നു
ഒന്നായ് നമ്മളൊരു കണം ചേർന്ന നാളൊന്ന് തൊട്ട്
ഇന്നോളമെന്റെ കവിതയിൽ പെയ്തിട്ടില്ല
നന്നായൊരു തീക്ഷ്ണഭാവം,ഒരു തീവ്രസ്വരം
നിന്നിലേക്കെന്റെ ഉല്ക്ക ചിന്നിച്ചിതറി വീണു
നിലാവു ചിന്തിയ  മാഘമാസത്തിൽ പിന്നെ
എന്നിൽ കത്തിപ്പടരാനില്ല കവിതാരസം
എന്റെ കണ്ണെന്നും കരഞ്ഞേയിരിക്കണം
കരളറുത്ത് പിഴിഞ്ഞാലുമാ കണമൊഴുകണം
കയ്പുനീർകുടിച്ച് കനൽ തിന്നയോർമ്മകൾ
എങ്കിലേ എന്റെ കവിതയിൽ കനം വരൂ
സഹതപിച്ചെന്നെ നീയൊരുവട്ടം നോക്കവേ
ഉഗ്രരൂപത്തിൽ നിന്നെന്റെ കാവ്യമുരുകുന്നു
ഇനിയീ ഹിമപാതം വിട്ട് ഞാനൊട്ട്, ലാവയുരുകുന്ന
മലയിടുക്കിലേക്ക് തെന്നിയൊഴുകട്ടെ
അവിടെ കത്തി നില്ക്കട്ടെയൊറ്റയ്ക്ക്, ശേഷം
കഴുകൻ കൺകൂർപ്പിച്ചിരിക്കുന്ന കഴുമരത്തിനു കീഴെ
പുതു ഭാവമായ് പടരട്ടെ,യാകയാലെന്നെ
പറിച്ചെറിയുക ആണിവേരെത്ര ആഴത്തിൽ
അർബുദം തീർത്ത് കീറിയിറങ്ങിയെങ്കിലും 
ഒടുവിൽ കവിതയുടെയൊടുക്കത്തെ നീരും
ഒടുങ്ങി ഞാൻ ഒഴിയുന്ന രാത്രിയിൽ മാത്രം
നീയൊരു തിരി കൊളുത്തുക,യിറ്റ് കണ്ണീർ ചിന്തുക
xxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...